ലണ്ടൻ: എന്ത് ഗിമ്മിക്ക് കാട്ടാനും മടിയില്ലാത്തൊരാൾ. പ്രധാനമന്ത്രിയാണെന്ന ഭാവം ഒന്നും വാക്കിലും നോക്കിലും ഇല്ലേയില്ല. പണ്ടത്തെ ഓക്‌സ്‌ഫോർഡിലെ വായാടിപ്പയ്യൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയപ്പോൾ ബോറിസ് ജോൺസണെ അറിയാവുന്നവരൊക്കെ അദ്ദേഹത്തിൽ നിന്നും എന്തു വിട്ടുവീഴ്ചക്കും തയ്യാറായ ഒരാൾ എന്ന നിഗമനത്തിലാണ് എത്തിയത്. പണ്ടത്തെ പത്രക്കാരൻ ആയതുകൊണ്ട് മാധ്യമ വിമർശനമൊന്നും ബോറിസിനെ സ്പർശിക്കാറില്ല.

കോവിഡ് നിയന്ത്രണത്തിനിടയിൽ സ്വന്തം ഓഫീസിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതും പൊലീസ് കേസെടുത്തു പിഴ അടക്കാൻ പറഞ്ഞതൊന്നും ഈ രാഷ്ട്രീയക്കാരനെ കുലുക്കുന്നതേയില്ല. കോവിഡ് പാർട്ടിയും യുക്രൈൻ യുദ്ധ നിലപാടും പാർലിമെന്റിൽ ചർച്ചക്കെടുമ്പോൾ ഇന്ത്യയുടെ പിന്തുണ തേടി ഡൽഹിയിലെത്തിയ ബോറിസിനെ മാധ്യമ ലോകത്തെ ട്രോളുകളാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രമാക്കുന്നത്.

ഇന്ത്യയിൽ നിന്നും വലിയ പിന്തുണ ലഭിക്കും എന്ന പ്രതീക്ഷയിൽ പോയ ബോറിസ് പണ്ട് ചെന്നപ്പോൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ ഇപ്പോൾ ആവർത്തിക്കുന്നില്ലേ എന്നാണ് മാധ്യമങ്ങളുടെ പ്രധാന ചോദ്യം. മുൻപ് ഇന്ത്യയിൽ എത്തുമ്പോൾ ബീച്ചിൽ നാട്ടിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചും സാധാരണക്കാരനെ പോലെ ഓട്ടോറിക്ഷയിൽ കയറിയും അമ്പലങ്ങളും ഗുരുദ്ധ്വാരകളും കയറി ഇറങ്ങിയും ഒക്കെ ഇന്ത്യൻ മനസിനെയും ഇന്ത്യൻ മാധ്യമങ്ങളെയും തനിക്കൊപ്പം നിർത്താൻ ബോറിസിന് കഴിഞ്ഞിരുന്നു.

ഇത്തവണ എന്തൊക്കെ കലാപരിപാടികളാണ് ബോറിസിന്റെ ലിസ്റ്റിൽ ഉള്ളത് എന്നാണ് അദേഹത്തിന് കിട്ടുന്ന കരാറുകളെക്കാൾ മാധ്യമ ശ്രദ്ധ. ഒരുപക്ഷെ മുൻപ് ലഭിച്ച സ്വീകരണമൊന്നും ഇത്തവണ ഇന്ത്യയിൽ നിന്നും ബോറിസിന് ലഭിക്കില്ല എന്ന മുൻ വിധി കൂടിയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പങ്കിടുന്നത്. വലിയ ചാക്കുമായി ഇന്ത്യയിൽ നിന്നും മൊത്തത്തോടെ വാരിയെടുക്കാൻ പോയ ബോറിസിന് കീറച്ചാക്കുമായി മടങ്ങേണ്ടി വരും എന്ന വിമർശനവും ഇതിനകം കേൾക്കേണ്ടി വന്നിരിക്കുകയാണ്.

അന്ന് സൈക്കിൾ സവാരി, ഇന്നെന്ത്?

പത്തു വർഷം മുൻപ് ലണ്ടൻ മേയറായിരിക്കെ മുംബൈയിൽ എത്തിയ ബോറിസ് ജോൺസൺ കുട്ടി സൈക്കിൾ സവാരി നടത്തിയും കുട്ടികൾക്കൊപ്പം ക്രിക്കറ്റും കളിച്ചും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തനിക്കു വലിയ ഡിപ്ലോമാറ്റിക് രീതികൾ ഒന്നും ചേരില്ല എന്ന മട്ടിലായിരുന്നു മൊത്തം പെരുമാറ്റവും. കാണികളുടെ കയ്യടി ഏറെ കിട്ടിയതിൽ അദ്ദേഹം വലിയ സന്തോഷവും അന്ന് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നോ? എന്തൊക്കെ തന്ത്രങ്ങളാണ് ബോറിസിന്റെ കയ്യിൽ എന്നാണ് മാധ്യമ ലോകത്തെ പൊതു ചോദ്യം.

അധികാരത്തിലിരിക്കെ അന്വേഷണവും പൊലീസ് നടപടിയും നേരിടേണ്ടി വന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന കരിനിഴൽ ഒപ്പം ചേർത്ത് നിർത്തിയാണ് ബോറിസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് എന്നതും പ്രധാനമാണ്. സ്വന്തം പാർട്ടിക്കാർ വരെ കഴിഞ്ഞ ദിവസം പാർലിമെന്റിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് നിന്നു ബോറിസിനെതിരെ ചർച്ച നടത്തിയത് ചെറിയ കാര്യമല്ല. അതും അദ്ദേഹം മറ്റൊരു രാജ്യത്തായിരിക്കെ.

ഇന്ത്യൻ യാത്രകൾ ഉല്ലാസം തന്നെ

ഒൻപതു വർഷം മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറോണും ഇന്ത്യയിൽ എത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാനാണ് ഉത്സാഹം കാട്ടിയത്. ഇന്ത്യൻ പക്ഷത്തോട് ചേർന്ന് ഗൗരവമായ ചർച്ചകൾ നടത്താൻ പഴയ കൊളോണിയൽ മനസ്സിൽ ഇന്നും അൽപം മടി കാണുമെന്നാണ് നയതന്ത്ര രംഗത്തെ നിരീക്ഷണം. ക്രിക്കറ്റും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാൻ സ്മാർട്ട് ആയി കളിച്ചു തുടങ്ങിയ കാമറോണിനെ ഇന്ത്യൻ പക്ഷത്തെ കളിക്കാരി ക്ലീൻ ബൗൾഡ് ആക്കിയത് രസകരമായി.

ഒരു പക്ഷെ ആ പുറത്താകലിന് വരാനിരിക്കുന്ന കൊടുക്കൽ വാങ്ങൽ ചർച്ചകളുടെ ഗതി സൂചകമായും വ്യാഖ്യാനിക്കാൻ ആളുണ്ടായിരുന്നു. പിന്നീട് മൂന്നു വർഷം കഴിഞ്ഞു തെരേസ മേ ഇന്ത്യയിൽ എത്തിയപ്പോൾ പച്ച പട്ടു സാരിയണിഞ്ഞു ബാംഗ്ലൂരിൽ ക്ഷേത്ര ദർശനം നടത്തിയത് ലോകമൊട്ടാകെ മാധ്യമ ശ്രദ്ധയിൽ എത്തി. ക്ഷേത്രത്തിൽ താംബൂലവും പൊന്നാടയും നൽകി ആദരിക്കാനും പൂജാരിമാർ വരിനിന്നതും മഹത്തായ കാഴ്ചയായി മാധ്യമങ്ങളിലെത്തി.

പക്ഷെ പത്തു വർഷം മുൻപ് വന്ന ബോറിസ് കണ്ടത് കൂടുതൽ സ്വാത്വികനായ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ആയിരുന്നതെങ്കിൽ ഇപ്പോൾ ബോറിസിനെ സ്വീകരിക്കുന്നതുകൊടുക്കൽ വാങ്ങലുകളിൽ കൃത്യതയോടെ വിലപേശാൻ അറിയുന്ന നരേന്ദ്ര മോദി എന്ന കണിശക്കാരനായ പ്രധാനമന്ത്രിയാണ്. പോപ്പുലാരിറ്റിയുടെ കാര്യം എടുത്താൽ ബോറിസിനേക്കാൾ ബഹുകാതം അകലെയും മുന്നിലുമാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കയിൽ ട്രംപിന് ശേഷമുള്ള കാലത്തു റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നേർക്ക് നേർ സംസാരിക്കാൻ കഴിയുന്ന ഏക ലോക നേതാവ് എന്ന പരിവേഷവും മോദിയുടെ തിളക്കം കൂട്ടുന്ന സമയമാണ്.

യുക്രൈൻ ചർച്ചയാകുമ്പോൾ ബോറിസ് പതറുമോ?

ട്രംപും മോദിയും പുട്ടിനും ഒരേ അച്ചുതണ്ടിൽ വാർത്തെടുത്ത നേതാക്കൾ എന്ന പരിവേഷമാണ് ലോകം മൂവർക്കും നൽകിയിരിക്കുന്നത്. ഇവരിൽ ആരുമായും ചർച്ചക്കിരിക്കുമ്പോൾ മറുഭാഗത്തിരിക്കുന്ന ആൾക്ക് സ്വാഭാവികമായും അടിപതറാൻ വകയേറെയാണ്. ആ അവസ്ഥയാണ് ഇപ്പോൾ ബോറിസ് ഇന്ത്യയിൽ നേരിടുന്നത് എന്നതാണ് പ്രധാനം. പ്രത്യേകിച്ചും യുക്രൈൻ വിഷയം സംസാരിക്കുമ്പോൾ ഇന്ത്യൻ ഭാഗത്തു നരേന്ദ്ര മോദിക്ക് വാക്കുകൾക്ക് പഞ്ഞം ഉണ്ടാകില്ലെന്ന സൂചനയുമായി അമേരിക്കക്കെതിരെ തുറന്നടിച്ചു എത്തിയ ഇന്ത്യൻ വിദേശ കാര്യ മന്ത്രി ജയശങ്കർ തെളിയിച്ചു കഴിഞ്ഞതുമാണ്.

ഒട്ടേറെ വാഗ്ദാനങ്ങളുമായി എത്തിയ അമേരിക്കയ്ക്ക് അത്തരം തുറന്നടിച്ച മറുപടികൾ നൽകാമെങ്കിൽ ബോറിസിന്റെ ബ്രിട്ടനോട് ഏതറ്റം വരെയും പോകാൻ മോദി മടിക്കില്ലെന്നും വ്യക്തം. ചുരുക്കത്തിൽ വ്യക്തമായ മേൽക്കൈയുമായാണ് ഇന്ത്യൻ ഭാഗം കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനുമായി ചർച്ചക്കിരുന്നതും. ഒരു പക്ഷെ മാറുന്ന ഇന്ത്യയുടെ സ്വരം ഏറെ വ്യത്യസ്തമായിരിക്കുന്നു എന്ന തിരിച്ചറിവോടെ ആയിരിക്കണം ബോറിസ് ബ്രിട്ടനിലേക്ക് മടങ്ങിയിരിക്കുക. പത്തു വർഷം കൊണ്ട് ഇന്ത്യ എത്ര മാറിയെന്ന് ഇപ്പോൾ അവിടെയെത്തുന്ന ഏതു ലോക നേതാവിനും തിരിച്ചറിയാൻ ഉള്ള അവസരം കൂടി ആയി മാറിയിരിക്കുകയാണ് ഉക്രൈൻ യുദ്ധ സാഹചര്യം.

മൊഴി ചൊല്ലിയ മുൻ ഭർത്താവിന്റെ റോളിൽ നിൽക്കുമ്പോൾ

ബോറിസിന്റെ സന്ദർശനത്തെ മൊഴി ചൊല്ലിയ ഭർത്താവിനെ പോലെ എന്നുവരെയാണ് സോഷ്യൽ മീഡിയ ലോകത്തെ ട്രോൾ. ഇന്ത്യയെന്നും ബ്രിട്ടീഷ് ഭാഗത്തിന് മൊഴി ചൊല്ലി പോയ ഭാര്യയെ പോലെയാണെന്ന് സാരം. പക്ഷെ ഭർത്താവിന്റെ തണൽ ഇല്ലാതെ സ്വന്തം കാലിൽ നിന്നു വളരാൻ കഴിഞ്ഞ വനിതയായി ഇന്ത്യ മാറിയപ്പോൾ കാലിടറിയ ഭർത്താവായി ബ്രിട്ടീഷ് പക്ഷത്തിനു നിൽക്കേണ്ടി വരുന്നു എന്നാണ് വിലയിരുത്തലുകൾ.

പഴയ പോലെ കസർത്തു കാണിച്ചു ചെന്നാൽ നിന്നു തരുന്ന അവസ്ഥയിലല്ല ഇന്ത്യയെന്നും അമേരിക്കയും യുഎഇയും ഇസ്രയേലും റഷ്യയും എല്ലാം ഒരു കടാക്ഷം കിട്ടാൻ എന്ന വണ്ണം ഇന്ത്യയോട് ചേർന്ന് നിൽക്കുമ്പോൾ നല്ല ചുള എണ്ണി നൽകിയാൽ മാത്രമേ ഇനിയൊരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കാൻ വകയുള്ളൂ എന്നുമാണ് കാളകളി ശൈലിയുമായി ഇന്ത്യയിൽ എത്തിയ ബോറിസിനോട് മാധ്യമ ലോകം നൽകുന്ന ഉപദേശങ്ങൾ.