- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയുടേയും മകളുടെയും അമ്മായിയമ്മയുടെയും ശവപ്പെട്ടിക്ക് മുൻപിൽ നിന്നു കരയുന്ന യുക്രെയിനിയുടെ ചിത്രം സാക്ഷി; റഷ്യ വിജയിച്ചാൽ യൂറോപ്പിന് മുഴുവൻ ഭീഷണി; യുദ്ധം അവസാനിക്കാൻ കുറഞ്ഞത് അഞ്ചുവർഷം; യൂറോപ്പിൽ നിന്നും കേൾക്കുന്നത് ലോകത്തെ ഭയപ്പെടുത്തുന്ന നീക്കങ്ങൾ
പഴയ സോവിയറ്റ് യൂണിയനെ പോലെ, ഒരുപക്ഷെ അതിനേക്കാൾ മോശമായി, ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത രാജ്യമാണ് റഷ്യ. ഒരുപക്ഷെ ഈ യുദ്ധം പത്ത് വർഷം വരെ നീണ്ടേക്കാം. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് പാശ്ചാത്യ രാജ്യങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പാണിത്. വലിയൊരു തെമ്മാടിക്കൂട്ടത്തിന്റെ നേതാവാണ് വ്ളാഡിമിർ പുടിൻ. യുക്രെയിനിൽ വിജയം സിദ്ധിച്ചാൽ പുടിൻ പിന്നെ നീങ്ങുന്നത് മോൾഡോവയിലേക്കോ ജോർജ്ജിയയിലേക്കോ ആയിരിക്കും. പിന്നീടുണ്ടാവുക അന്തമില്ലാത്ത യുദ്ധ ദിനങ്ങളായിരിക്കും. അവർ ഓർമ്മിപ്പിക്കുന്നു.
യുക്രെയിനിൽ നിന്നും റഷ്യൻ സൈന്യത്തെ പുറന്തള്ളാൻ പാശ്ചാത്യ സഖ്യം ഇനിയും കൂടുതൽ വേഗതയോടെ ശക്തമായ നടപടികൾ ഏടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഒരു ദീർഘകാല പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഏതൊരു യുദ്ധവും സൃഷ്ടിക്കുക കുറേ അനാഥ ജന്മങ്ങളേയായിരിക്കും എന്ന വാക്കുകൾ അന്വർത്ഥമാക്കുന്നതാണ് ഇന്നത്തെ യുക്രെയിനിലെ കാഴ്‌ച്ചകൾ, ഒരേസമയം മൂന്നു ശവംഞ്ചങ്ങൾ വഹിച്ചു നീങ്ങുന്ന യാത്രയ്ക്ക് മുൻപിൽ പൊട്ടിക്കരയുന്ന യുവാവിന്റെ ചിത്രം ഓരോ മനുഷ്യരോടും ചോദിക്കുകയാണ്, നമുക്ക് യുദ്ധം വേണോ എന്ന്.
സ്വന്തം ഭാര്യയേയും മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും ഭാര്യാമാതാവിനേയും കുഴിമാടത്തിൽ അടക്കുവാൻ വിധിക്കപ്പെട്ട യൂറി ഗ്ലോഡന് ഇപ്പോഴും അറിയില്ല ഇത്രയും വേദനയനുഭവിക്കാൻ താൻ എന്തു തെറ്റാണ് ചെയ്തതെന്ന്. താമസിക്കുന്ന വീടിനു മുകളിൽ മിസൈൽ വിക്ഷേപിച്ച് തന്റെ പ്രിയപ്പെട്ടവരെ കൊലചെയ്യാൻ താൻ റഷ്യയോട് എന്ത് തെറ്റാണ് ചെയ്തതെന്ന് അയാൾ വീണ്ടും വീണ്ടും ചോദിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ പോലും ലംഘിച്ച്, യാതൊരു തത്വദീക്ഷയുമില്ലാതെ റഷ്യ അടരാടിക്കൊണ്ടിരിക്കുന്ന വേളയിലാണ് ലിസ് ട്രസ്സിന്റെ മുന്നറിയിപ്പ് ഉണ്ടാകുന്നത് എന്ന് പാശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പ്രതീക്ഷിച്ച വിജയം ഇപ്പോഴും അകലെ നിൽക്കുന്നതിനാൽ നിരാശനായ പുടിൻ ഒരുപക്ഷെ ചെറിയ അളവിലുള്ള ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിച്ചേക്കാം എന്നും പാശ്ചാത്യ സഖ്യം ഭയപ്പെടുന്നുണ്ട്. ഒരു സമാധാന ചർച്ചയിലും യുക്രെയിന്റെ ഒരുതരി മണ്ണുപോലും റഷ്യയ്ക്ക് ലഭിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു തീരുമാനം ഉണ്ടാകാതിരിക്കുവാൻ ലിസ് ട്രസ്സ് പിന്നാമ്പുറങ്ങളിൽ കഠിനമായ ശ്രമം നടത്തുന്നുണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്.
ലോക സമാധാനത്തിനോടുള്ള പാശ്ചാത്യ സമീപനത്തിനു വിരുദ്ധമായ ഒന്നാണ് റഷ്യൻ അധിനിവേശം.എന്നും ലിസ് ട്രസ്സ് പറഞ്ഞു. അടുത്തയിടെ റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധത്തിൽ ഇടപെടുന്ന ഏതൊരു രാജ്യത്തിനു നേരെയും ആണവായുധം പ്രയോഗിക്കാൻ മടിക്കുകയില്ലെന്ന് പുടിൻ ഭീഷണി മുഴക്കിയിരുന്നു. അതിനു മതിയായ ആധുനിക സൗകര്യങ്ങളൂം ആയുധങ്ങളും തങ്ങൾക്കുണ്ടെന്നും പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടയിൽ പാശ്ചാത്യ ലോകത്തു നിന്നും എത്തിയ ആയുധ ശേഖരം മിസൈൽ ആക്രമണത്തിലൂടെ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു.
ലോകമെമ്പാടുമുള്ള സ്വതന്ത്ര രാഷ്ട്രങ്ങളുമായി സഖ്യമുണ്ടാക്കുമ്പോൾ തന്നെ സ്വന്തം സൈനിക ശക്തി വിപുലപ്പെടുത്താനും ബ്രിട്ടൻ ശ്രദ്ധിക്കണമെന്നും ലിസ് ട്രസ്സ് പറഞ്ഞു. ജി 7 എന്ന ഗ്രൂപ്പ് ഒരു സാമ്പത്തിക നാറ്റോ ആയി പ്രവർത്തിക്കണമെന്നും, വ്യാവസായിക സാമ്പത്തിക പുരോഗതിയെ ലാക്കാക്കി കൂട്ടമായി പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. അതുപോലെ നാറ്റോ സഖ്യം ഫിൻലാൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും അവർ പറഞ്ഞു.
റഷ്യയെ പിന്താങ്ങുന്ന ചൈനയ്ക്കെതിരെയും ലിസ് ട്രസ്സ് ആഞ്ഞടിച്ചു. തടയാൻ കഴിയാത്ത ശക്തിയൊന്നുമല്ല ചൈന. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് മുൻപോട്ട് പോയില്ലെങ്കിൽ ചൈനയും നിലംപൊത്തും. ലോക സമ്പദ് വ്യവസ്ഥയുടെ പകുതിയോളം കൈകാര്യം ചെയ്യുന്നത് ജി 7 രാജ്യങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച ട്രസ്സ്, ഇവരുമായി വ്യാപാര ബന്ധമില്ലാതെ ചൈനീസ് സാമ്പത്തിക മേഖല എങ്ങനെ മുൻപോട്ട് പോകുമെന്നും ചോദിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ തങ്ങൾക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് റഷ്യയ്ക്ക് മനസ്സിലാക്കി കൊടുത്തിട്ടുണ്ടെന്നും അവർ പറഞ്ഞു.
അതിനിടയിൽ ബൾഗേറിയയിലേക്കും പോളണ്ടിലേക്കുമുള്ള പ്രകൃതി വാതക വിതരണം റഷ്യ നിർത്തിവെച്ചു. എന്നാൽ, അവർക്ക് മറ്റു യൂറോപ്യൻ യൂണീയൻ രാജ്യങ്ങളിൽ നിന്നും പ്രകൃതി വാതകം ലഭ്യമാക്കിയിട്ടുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ഉറുസ്വല വോൺ ഡെർ ലെയെൻ പറഞ്ഞു. ഇന്ധനവും യുദ്ധത്തിൽ ഒരു ആയുധമാക്കാൻ റഷ്യ ശ്രമിക്കുകയാണെന്നും തീർച്ചയായും ഈ ഭീഷണിയേയും മറികടക്കുമെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ