കോട്ടയം: 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു ജോസ് (55) ആണ് അറസ്റ്റിലായത്. മിനി സിവിൽ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസിൽ നിന്നാണ് ബിനു ജോസിനെ അറസ്റ്റ് ചെയ്തത്. ചെറുകിട കരാറുകാരനിൽനിന്നു പണം വാങ്ങി കംപ്യൂട്ടർ കീബോർഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ ഓഫിസിൽ തമ്പടിച്ചിരുന്ന വിജിലൻസ് സംഘം ബിനുവിനെ കയ്യോടെ പൊക്കുക ആയിരുന്നു.

കരാറുകാരന്റെ പരാതിയിലാണ് വിജിലൻസ് അസിസ്റ്റന്റ് എഞ്ചിനീയറെ പൊക്കിയത്. സെക്യൂരിറ്റി തുകയായ 2.25 ലക്ഷം രൂപ തിരികെ കിട്ടാൻ 10,000 രൂപ ചോദിച്ചതോടെയാണ് കരാറുകാരൻ സംഭവം വിജിലൻസിനെ അറിയിക്കുന്നത്. കാലാകാലങ്ങളായി ബിനു ജോസ് പല കരാറുകൾക്കായി കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നു. സഹികെട്ടാണ് കരാറുകാരൻ സംഭവം വിജിലൻസിൽ അറിയിക്കുന്നത്. പരാതിക്കാരൻ 2 വർഷം മുൻപ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷൻ ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്തിരുന്നു. ഇതിന്റെ ബില്ലുകൾ മാറുന്നതിന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി.

പല തവണ 10,000 രൂപ വീതം നൽകിയെങ്കിലും പിന്നെയും കൈക്കൂലി വാങ്ങുന്നതിനു വേണ്ടി രണ്ട് വർഷമായി ബില്ലുകൾ പൂർണമായി നൽകാതെ വച്ചുതാമസിപ്പിച്ചതായും പരാതിയിലുണ്ട്. ഇതിനിടെ സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ കരാർ പൂർത്തിയായപ്പോൾ തിരികെ കിട്ടാനായി ഓഫിസിൽ എത്തിയപ്പോഴും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഇയാൾ വിജിലൻസിനെ ബന്ധപ്പെട്ടത്. അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 10,000 രൂപയുമായിട്ടാണ് ഇന്നലെ കരാറുകാരൻ ഓഫിസിൽ എത്തിയത്. വേഷം മാറി ഓഫിസ് ആവശ്യത്തിന് എത്തിയവർ എന്ന നിലയിൽ വിജിലൻസ് ഉദ്യോഗസ്ഥരും ഓഫിസിനുള്ളിൽ പ്രവേശിച്ചിരുന്നു. കരാറുകാരൻ കൈക്കൂലി കൈമാറിയതിനു പിന്നാലെ ഉദ്യോഗസ്ഥർ എൻജിനീയറെ പിടികൂടുകയായിരുന്നു.

കൈക്കൂലി വാങ്ങിയതിന് കയ്യോടെ പിടികൂടിയപ്പോൾ 'ഞാൻ തന്നെയല്ല, ഓഫിസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്' എന്നാണ് എൻജിനീയർ വിജിലൻസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഹാജർ ബുക്ക് പരിശോധിച്ചപ്പോൾ ഇന്നലെയും ബുധനാഴ്ചയും ഇവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല. ചങ്ങനാശേരി സബ് രജിസ്റ്റ്രാർ ഓഫിസിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പേരിൽ 9 സ്ഥലങ്ങളിൽ ഭൂമിയുണ്ടെന്നു കണ്ടെത്തിയതായും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

എസ്‌പി വി.ജി.വിനോദ് കുമാറിനു ലഭിച്ച പരാതിയെത്തുടർന്നാണു വിജിലൻസ് നടപടി. ഡിവൈഎസ്‌പി കെ.എ.വിദ്യാധരൻ, ഇൻസ്‌പെക്ടർമാരായ റെജി എം.കുന്നിപ്പറമ്പൻ, എസ്.ജയകുമാർ, ജി.അനൂപ്, യതീന്ദ്രകുമാർ, എസ്‌ഐമാരായ തോമസ് ജോസഫ്, കെ.എസ്.സുരേഷ്, ജെ.ജി.ബിജു, എഎസ്‌ഐമാരായ സ്റ്റാൻലി ജോസഫ്, ഡി.ബിനു, വി.ടി.സാബു, രാജീവ്, സിപിഒമാരായ ടി.പി.രാജേഷ്, വി എസ്.മനോജ്കുമാർ, അനൂപ്, സൂരജ്, കെ.ആർ.സുമേഷ്, കെ.പി.രഞ്ജിനി, നീതു മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ബിനുവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

പാടശേഖരങ്ങളിലേക്കു പമ്പിങ് ജോലികൾ നടത്തുക, തോടുകളിലെ മാലിന്യം നീക്കം ചെയ്യുക, തോടുകളുടെ സംരക്ഷണ ഭിത്തി കെട്ടുക, കലുങ്ക് നിർമ്മാണം തുടങ്ങിയവയാണ് ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികൾ. കൈക്കൂലി നൽകാതിരുന്നാൽ ബില്ലുകൾ വർഷങ്ങളോളം വൈകിപ്പിക്കും. ഇന്നലെ അറസ്റ്റിന് ഇടയാക്കിയ സംഭവത്തിൽ സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ രൂപ തിരികെ കിട്ടാനായി പരാതിക്കാരൻ 2 വർഷമാണ് ഓഫിസിൽ കയറിയിറങ്ങിയത്.