പൂർണ്ണ പരാജയം രുചിച്ച റഷ്യൻ സൈന്യത്തിന്റെ പരിപൂർണ്ണ നിയന്ത്രണം പുടിൻ ഏറ്റെടുത്തെന്ന് പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക നീക്കങ്ങൾ വരെ ഇപ്പോൾ നടത്തുന്നത് പുടിന്റെ നിർദ്ദേശപ്രകാരമാണത്രെ. ജനറൽ വലേരി ജെറസിമോവും സൈന്യത്തിന്റെ ഓരോ നീക്കവും നിയന്ത്രിക്കാൻ എത്തുന്നുണ്ട്. സാധാരണ നിലയിൽ ഒരു കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇതെല്ലാം ചെയ്യാറുള്ളത്.

സാധാരണനിലയിൽ ഒരു കേണലോ ഒരു ബ്രിഗേഡിയറോ എടുക്കുന്ന തീരുമാനം ഇപ്പോൾ എടുക്കുന്നത് ജനറലും പുടിനും കൂടിയാണെന്ന് പാശ്ചാത്യ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കീവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട റഷ്യൻ സൈന്യം ഒരു ആശ്വാസ വിജയത്തിനായിട്ടായിരുന്നു കിഴക്കൻ യുക്രെയിനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ അവിടെയും അവർക്ക് ഉദ്ദേശിച്ച രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ഈ പരാജയമാണ് സൈന്യത്തിന്റെ നിയന്ത്രണം നേരിട്ട് ഏറ്റെടുക്കാൻ പുടിനെ പ്രേരിപ്പിച്ചത് എന്നാണ് പാശ്ചാത്യ യുദ്ധ നിരീക്ഷകരും പറയുന്നത്.

റേഡിയോ സന്ദേശങ്ങൾ അയയ്ക്കുന്ന സിഗ്‌നലുകൾ തടയുന്നതിൽ യുക്രെയിൻ വിജയിച്ചത് റഷ്യയ്ക്ക് മറ്റൊരു തലവേദനയായി മാറിയിട്ടുണ്ട്. ഇതുമൂലം സൈനികരുമായി ആശയ സംവേദനം നടത്തുന്നതിന് പലപ്പോഴും റഷ്യൻ ജനറൽമാർക്ക് യുദ്ധ മുന്നണിയിൽ പോകേണ്ടി വരുന്നു. ഈ അവസരം മുതലാക്കി യുക്രെയിൻ സൈന്യം ജനറൽമാരെ കൊന്നു തള്ളുകയാണ്. ഇതുവരെ 12 റഷ്യൻ ജനറൽകാർ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതിനിടയിൽ റഷ്യയുടെ കൈയിൽ നിന്നും ഖാർകീവ് നഗരം തിരിച്ചു പിടിച്ച യുക്രെയിൻ സൈനികർ റഷ്യൻ അതിർത്തിവരെ എത്തിയതായി യുക്രെയിൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. 127-ാം ബ്രിഗേഡിന്റെ 227-ാം ബറ്റാലിയനാണ് റഷ്യൻ അതിർത്തിയിൽ എത്തിച്ചേർന്നിരിക്കുന്നത്. അതേസമയം, ഡോൺബാസ് മേഖലയിലെ റഷ്യൻ ആക്രമണം പരാജയപ്പെട്ടതായി പുടിന്റെ അടുത്ത അനുയായി ഇന്നലെ സമ്മതിച്ചു. റഷ്യൻ ഇന്റലിജൻസ് ഓഫീസറും കമാൻഡറുമായ ഇഗോർ ഗിർക്കിനാണ് തന്റെ ടെലെഗ്രാം ചാനലിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

യുക്രെയിൻ അധിനിവേശം നീണ്ടു പോകുന്നതിനാൽ റഷ്യൻ സൈനികർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിശദമായി പ്രതിപാദിച്ച ഗിർക്കിൻ, ഒരു മുന്നേറ്റത്തിന് കഴിയാത്തതിൽ ആശ്ചര്യപ്പെടാനില്ല എന്നും പറയുന്നുണ്ട്. തികഞ്ഞ ദുഃഖത്തോടെയാണ് ഡോണ്ടെസ്‌കിൽ ശത്രുക്കളെ നേരിടുന്നതിൽ തങ്ങൾ പരാജയപ്പെട്ടകാര്യം താൻ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറയുന്നു. ഇരു ഭാഗത്തും കനത്ത നാശമുണ്ടായ യുദ്ധത്തിനു ശേഷവും ഈ മേഖലയിലെ ഏതെങ്കിലും സുപ്രധാന പ്രദേശങ്ങൾ പൂർണ്ണമായും കീഴടക്കാൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയിൽ യുക്രെയിനിലെ പല മേഖലകളിലും തെർമോബാറിക് ബോംബുകൾ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പരമ്പരാഗത ബോംബുകളേക്കാൾ വിനാശകാരിയാണ് വാക്വം ബോംബ് അഥവാ ഫ്യൂവൽ എയർ ബോംബ് എന്നുകൂടി അറിയപ്പെടുന്ന തെർമോബാറിക് ബോംബുകൾ. അതിനിടയിൽ, പരിക്കേറ്റ റഷ്യൻ സൈനികരെ റഷ്യൻ സൈനിക ഉദ്യോഗസ്ഥർ തന്നെ വധിക്കുന്നതായി ഒരുകൂട്ടം റഷ്യൻ സൈനികർ ആരോപിച്ചു.

ബുച്ച പട്ടണത്തിൽ 650 സാധാരണ പൗരന്മാരെ റഷ്യൻ സൈന്യം വെടിവെച്ചു കൊന്നതായ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ ആരോപണവും എത്തിയിരിക്കുന്നത്. യുക്രെയിൻ തടവിലകപ്പെട്ട റഷ്യൻ സൈനികരാണ് ഈ ആരോപണം ഉന്നയിച്ചത്. പരിക്കേറ്റ ഒരു സൈനികനോട് നടക്കാൻ ആകുമോ എന്ന് ആ ട്രൂപ്പിന്റെ കമാൻഡർ ചോദിച്ചു. സാധിക്കുന്നില്ല എന്ന് പറഞ്ഞപ്പോൾ ആ സൈനികനെ വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് അവർ പറയുന്നു. അതുപോലെ പരിക്കേറ്റ നിരവധി സൈനികരെയാണ് ഉന്നത ഉദ്യോഗസ്ഥർ വെടിവെച്ച് കൊന്നതെന്നും ഇവർ പറയുന്നു.

പുടിന് ആശ്വാസം പകർന്ന് തുർക്കി

ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേരുന്നതിനെ എതിർക്കുമെന്ന് വ്യക്തമാക്കി തുർക്കി രംഗത്തെത്തി. നിരവധി ഭീകര സംഘടനകൾക്ക് തൊട്ടിലൊരുക്കുന്ന രാജ്യമാണ് സ്വീഡൻ എന്നാണ് തുർക്കി ആരോപിക്കുന്നത്. തുർക്കിയുടെ ഈ നിലപാട് മറ്റ് നാറ്റോ അംഗരാജ്യങ്ങളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, നാറ്റോ വിപുലപ്പെടുത്താനുള്ള ഏതൊരു ശ്രമവും റഷ്യയ്ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കും എന്ന് പറഞ്ഞ പുടിന് ഒരു ആശ്വാസമാകുകയാണ് ഈ തീരുമാനം.

നാറ്റോയുടെ നിയമപ്രകാരം ഒരു പുതിയ രാജ്യത്തിന് അംഗത്വം ലഭിക്കണമെങ്കിൽ നിലവിലെ മുഴുവൻ അംഗങ്ങളും ഏകകണ്ഠേന അതിന് അനുമതി നൽകണം. നിലവിൽ 30 അംഗങ്ങളാണ് നാറ്റോയ്ക്കുള്ളത്. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി ഉൾപ്പടെയൂള്ള തീവ്രവാദി സംഘടനകൾക്ക് സ്വീഡനും ഫിൻലാൻഡും അഭയം നൽകുന്നു എന്നാണ് തുർക്കി ആരോപിക്കുന്നത്. അതുകൂടാതെ 2016-ൽ തുർക്കിയിൽ നടന്ന ഒരു ഭരണകൂട അട്ടിമറിശ്രമത്തിനു പുറകിലെ വ്യക്തിയെന്ന് തുർക്കി ആരോപിക്കുന്ന ഫെത്തുള്ള ഗുലെന്റെ അനുയായികൾക്കും അഭയം നൽകുന്നുണ്ടത്ര.

ഈ രണ്ടു രാജ്യങ്ങൾക്കും തീവ്രവാദത്തിനെതിരായി വ്യക്തമായ നിലപാടുകളില്ല. അത്തരമൊരു സാഹചര്യത്തിൽ ഇവരെ എങ്ങനെ വിശ്വസിക്കാൻ കഴിയും എന്നാണ് തുർക്കി പ്രസിഡണ്ട് എർദോഗൻ ചോദിക്കുന്നത്. എന്നാൽ, തുർക്കിയുടെ എതിർപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളുടെ പ്രതിനിധികൾക്ക് തുർക്കിയിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു.