- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫിൻലൻഡും സ്വീഡനും നാറ്റോയിൽ ചേരാൻ ഇന്ന് അപേക്ഷ നൽകും; ഫിൻലാൻഡ് യൂറോപ്പിലെ ഏറ്റവും അധികം ആയുധ ശേഖരമുള്ള രാജ്യം; അമേരിക്കയെ വെല്ലുന്ന സബ്മറൈനുകളുമായി സ്വീഡനും; റഷ്യയ്ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി
നാറ്റോയിൽ ചേരുന്നതിനുള്ള അപേക്ഷ ഇന്ന് സമർപ്പിക്കുമെന്ന് ഫിൻലാൻഡും സ്വീഡനും വെളിപ്പെടുത്തി. റഷ്യയുമായി 1,300 കിലൊമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് ഫിൻലാൻഡ്. യുക്രെയിൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നാറ്റോയിൽ ചേരാൻ സ്വീഡൻ തയ്യാറായത്. അതേസമയം, നാറ്റോ കൂടുതൽ വിപുലീകരിക്കാൻ ശ്രമിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന് പുടിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുടിന്റെ മുന്നറിയിപ്പിനേക്കാൾ സംഖ്യത്തിലെ ചില അംഗരാജ്യങ്ങളുടെ എതിർപ്പായിരിക്കും ഇവർക്ക് നാറ്റോയിൽ അംഗമാകുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുക. ഇരു രാഷ്ട്രങ്ങളേയും തുറന്ന കൈയോടെ സ്വീകരിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ പ്രസ്തവിച്ചിട്ടുണ്ടെങ്കിലും അത് എത്രമാത്രം പ്രാവർത്തികമാകുമെന്ന കാര്യം കണ്ടറിയേണ്ടതു തന്നെയാണ്. തീവ്രവാദികൾക്ക് അഭയം നൽകുന്ന രാജ്യങ്ങളാണ് സ്വീഡനും ഫിൻലാൻഡുമെന്ന് ആരോപിച്ച് തുർക്കിയാണ് ഇരു രാജ്യങ്ങാൾക്കും അംഗത്വം നൽകുന്നതിനെതിരെ രംഗത്തുള്ളത്. നാറ്റോയുടെ നിയമ പ്രകാരം പുതിയ അംഗത്വം നൽകുവാൻ ഏകകണ്ഠേനയുള്ള അഭിപ്രായം ആവശ്യമാണ്.
ഇരു രാജ്യങ്ങളുടെയും രാഷ്ട്ര തലവന്മാർ വ്യാഴാഴ്‌ച്ച വാഷിങ്ടണിലെത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനെ കാണുന്നുണ്ട്. അതേസമയം യൂറോപ്യൻ യൂണിയൻ പ്രതിരോധ മന്ത്രിയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം, ഇരു രാജ്യങ്ങളുടെയും അപേക്ഷകളെ യൂറോപ്യൻ യൂണിയൻ പിന്താങ്ങുമെന്ന് യൂണിയൻ വിദേശകാര്യമന്ത്രി ജോസഫ് ബോറെൽ പറഞ്ഞു. നാറ്റോയുടെ അംഗസംഖ്യ ഇതുമൂലം വർദ്ധിക്കും എന്നുമാത്രമല്ല, യൂറോപ്പിന്റെ സുരക്ഷ കൂടുതൽ ഉറപ്പാവുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നര ദിവസം നീണ്ടുനിന്ന ചൂടേറിയ വാഗ്വാദങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഫിന്നിഷ് പാർലമെന്റ് നാറ്റോയിൽ ചേരുന്ന കാര്യം തീരുമാനിച്ചത്. 200 എം പിമാരിൽ 188 പേർ ഇതിന് അനുകൂലമായിരുന്നു. കഴിഞ്ഞ 75 വർഷത്തെ സൈനിക നയമാന് ഇതോടെ മാറുന്നത്. നിലവിൽ യൂറോപ്പിന്റെ സമാധാനത്തിന് ഭീഷണിയായി നിൽക്കുന്നത് റഷ്യ മാത്രമാണെന്ന് പാർലമെന്റിൽ സംസാരിക്കവെ ഫിനിഷ് പ്രധാനമന്ത്രി പറഞ്ഞു.
1917-ൽ സ്വാതന്ത്ര്യം പ്രാപിക്കുന്നതുവരെ ഒരു നൂറ്റാണ്ടിലേറെ കാലം ഫിൻലാൻഡ് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1939-ൽ സോവ്യറ്റ് യൂണിയൻ ഫിൻലാൻഡിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ഫിന്നിഷ് സൈന്യം അതിധീരമായി പോരാടിയെങ്കിലും അവസാനം സമാധാനത്തിനായി കിഴക്കൻ കരേലിയ പ്രവിശ്യ വിട്ടുകൊടുക്കേണ്ടതായി വന്നു. ഫിൻലാൻഡിലെ ജനങ്ങളിൽ മുക്കാൽ ഭാഗം പേരും അതുകൊണ്ടു തന്നെ നാറ്റോ സഖ്യത്തിൽ ചേരണം എന്ന അഭിപ്രായക്കാരായിരുന്നു.
ഫിൻലാൻഡിലെ അത്ര ജനപിന്തുണയില്ലെങ്കിലും സ്വീഡനിലെ ജനങ്ങളിൽ 50 ശതമാനത്തിലേറെ പേർ നാറ്റോയിൽ ചേരണം എന്ന അഭിപ്രായമുള്ളവരാണ്. 200 വർഷക്കാലത്തിലേറെ ഒരു രാജ്യവുമായി സൈനിക സഖ്യത്തിൽ ഏർപ്പെടാത്ത സ്വീഡൻ രണ്ടാം ലോക മഹായുദ്ധ കാലത്തും നിഷ്പക്ഷത പാലിക്കുകയായിരുന്നു.
അതേസമയം ഇരു രാഷ്ട്രങ്ങളുടെയും നാറ്റോ മോഹത്തിന് മേൽ കരിനിഴൽ വിരിക്കുകയാണ് ടർക്കി. കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ തീവ്രവാദികൾക്ക് ഇരു രാജ്യങ്ങളൂം അഭയം അരുളുന്നു എന്നാണ് ടർക്കിഷ് പ്രസിഡണ്ട് എർദോഗൻ ആരോപിക്കുന്നത്. അതിനുപുറമെ സിറിയൻ ആക്രമണത്തിൽ പങ്കെടുത്തതിനെ തുടർന്ന് 2019 മുതൽ തുർക്കിയുമായുള്ള ആയുധ വ്യാപാരം സ്വീഡൻ നിർത്തിവച്ചിരിക്കുകയുമാണ്.
മറുനാടന് മലയാളി ബ്യൂറോ