ആലപ്പുഴ: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പന്തീരാണ്ട് കാലം പട്ടിയുടെ വാല് കുഴലിലിട്ടാലും നേരെയാകില്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിന് ആകില്ലെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്റെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ധിക്കാരവും അധിക്ഷേപവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. താൻ കഴിഞ്ഞേയുള്ളു മറ്റാരും എന്നതാണ് സുധാകരന്റെ നിലപാടെന്നും ജയരാജൻ കുറ്റപ്പെടുത്തി.

എൽഡി.എഫ് അനുകൂല സാഹചര്യമാണ് തൃക്കാക്കരയിൽ. വികസനവും ക്ഷേമവും ഒപ്പം മികച്ച സ്ഥാനാർത്ഥിയും എല്ലാം ചേരുന്നതാകും വിജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡി.എഫിന് സീറ്റ് വർധിക്കുകയാണ് ചെയ്തതെന്നും എം വി. ജയരാജൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം. പ്രയോഗം വിവാദമായതിന് പിന്നാലെ കെ സുധാകരൻ തിരുത്തുമായി രംഗത്തെത്തി. താൻ നടത്തിയ പരാമർശം മലബാറിലുള്ള കൊളോക്കിയൽ ഉപമയാണ്. പരാമർശത്തിൽ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയിൽ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ മാത്രം അത് പിൻവലിക്കുന്നു. താൻ തന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമർശം നടത്താറുണ്ടെന്നും സുധാകരൻ പറഞ്ഞു.