ന്യൂഡൽഹി: ഇന്ത്യയുമായി കൂടുതൽ മെച്ചപ്പെട്ട സഹകരണത്തിന് ഇസ്രയേൽ. പ്രതിരോധ സഹകരണം ദൃഢമാക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്കായി ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻസ് ഇന്ത്യയിലെത്തിയത് നിർണ്ണായക ലക്ഷ്യങ്ങളുമായാണ്. തീവ്രവാദത്തിനെതിരെ ഉരു രാജ്യങ്ങളും പ്രതിരോധ സഹകരണം ഉറപ്പാക്കും.

നാളെ വരെയുള്ള സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് വരും മാസങ്ങളിൽ ഇന്ത്യ സന്ദർശിക്കും. ഈ സമയം നിർണ്ണായക തീരുമാനങ്ങളുണ്ടാകും. ഇന്ത്യയെ തന്ത്രപ്രധാന സുഹൃത്തായി ഇസ്രയേൽ അംഗീകരിച്ചിട്ടുണ്ട്. സൈനിക രഹസ്യ വിവര ശേഖരണത്തിൽ അടക്കം ഇരു രാജ്യങ്ങളും തമ്മിൽ സഹകരിക്കും. പാക്കിസ്ഥാനിലെ തീവ്രവാദികൾക്കെതിരെ പദ്ധതികളും ഇന്ത്യയുടെ മനസ്സിലുണ്ട്. ഇതിനും ഇസ്രയേൽ പിന്തുണ ഉറപ്പാക്കും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ ബന്ധത്തിന്റെ 30ാം വാർഷികത്തോടനുബന്ധിച്ചുള്ള സംയുക്ത പ്രസ്താവന ഗാൻസും രാജ്‌നാഥും ചേർന്ന് പുറത്തിറക്കും. ഇസ്രയേലിന്റെ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. ന്ത്യയും ഇസ്രയേലും തമ്മിലുള്ള ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്റെ 30 വാർഷികത്തിൽ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ഇന്ന് നമ്മുടെ ബന്ധത്തിൽ ഒരു പ്രത്യേക ദിവസമാണ്. 30 വർഷം മുമ്പ്, ഈ ദിവസം, നമുക്കിടയിൽ സമ്പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടു - മോദി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യ-ഇസ്രയേൽ സൗഹൃദം വരും ദശകങ്ങളിൽ പരസ്പര സഹകരണത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നത് തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്വഭാവം പോലെ, നൂറുകണക്കിനു വർഷങ്ങളായി നമ്മുടെ യഹൂദ സമൂഹം ഇന്ത്യൻ സമൂഹത്തിൽ യാതൊരു വിവേചനവുമില്ലാതെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ജീവിക്കുകയും വളരുകയും ചെയ്യുന്നു. അത് നമ്മുടെ വികസന യാത്രയിൽ കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ലോകമെമ്പാടും കാര്യമായ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ഇന്ത്യ-ഇസ്രയേൽ ബന്ധത്തിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു. ഇന്ത്യ ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നു, അടുത്ത വർഷം ഇസ്രയേൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കും, ഇരു രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുമ്പോൾ പരസ്പര സഹകരണത്തിന് പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കാൻ ഇതിലും മികച്ച അവസരമെന്താണെന്നും മോദി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ ഡൽഹിയിലേക്കുള്ള വരവിൽ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഇസ്രയേലി പ്രധാനമന്ത്രി ബെനറ്റ് ഉടൻ ഇന്ത്യയിൽ എത്തും. നയതന്ത്ര സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെയും ആവശ്യകത ഇരുനേതാക്കളും ചർച്ച ചെയ്യും. സമ്പദ്ഘടന, ഗവേഷണം, വികസനം, കാർഷിക മേഖല എന്നിവയിൽ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികളും ഇരു നേതാക്കളും സ്വീകരിക്കും. കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷ എന്നീ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ആശയവിനിമയം നടത്തും. ഇതിന് മുന്നോടിയായാണ് പ്രതിരോധമന്ത്രിയുടെ ഡൽഹി സന്ദർശനം.