തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുന്നതായുള്ള സൂചനകൾക്ക് പിന്നാലെ അന്വേഷണവുമായി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. തീരദേശത്തുള്ള തട്ടുകടകൾ കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകൾക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും നീക്കം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

തീരദേശങ്ങളിൽ അപ്രസക്ത മേഖലകളിൽ സമീപ കാലത്ത് ഒട്ടേറെ തട്ടുകടകൾ തുറക്കുകയും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമായി മാറുകയും ചെയ്തതായാണ് സംശയം. മംഗളൂരുവിൽനിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയിൽ തീരദേശത്തുകൂടി ആഡംബര വണ്ടികൾ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങൾ വഴിയോര തട്ടുകടകളിൽ നിർത്തുന്നതായി കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ ഐ.ബി. നിരീക്ഷണം ശക്തമാക്കുന്നത്. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും കിട്ടിയതായാണ് അറിയുന്നത്.

കോവിഡ് കാലത്ത് സേവനത്തിനാണെന്ന രീതിയിൽ ചില ട്രാവലറുകൾ ആംബുലൻസാക്കി സർവീസ് നടത്തിയതിനു പിന്നിലും ആയുധ, പണം കടത്തലായിരുന്നെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് തീരദേശങ്ങളിലുള്ള തട്ടുകടകളിലേക്ക് എത്തിച്ചേർന്നത്.