- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി ശിവദാസ മേനോന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ: സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി
മലപ്പുറം: മുൻ മന്ത്രി ടി ശിവദാസ മേനോന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. മഞ്ചേരിയിലുള്ള മകളുടെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ. രാവിലെ തന്നെ മഞ്ചേരിയിലെ വസതിയിൽ എത്തിയ മുഖ്യമന്ത്രി അര മണിക്കൂറോളം അവിടെ ചെലവിട്ടു. മുഖ്യമന്ത്രിയെ കൂടാതെ പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻ കുട്ടി, മറ്റ് മുതിർന്ന നേതാക്കൾ തുടങ്ങിയവരും ശിവദാസ മേനോന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.
ഇന്നലെ രാവിലെ 11.30ന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 2016 മുതൽ മകൾ ലക്ഷ്മി ദേവിയുടെയും മരുമകനും മുൻ പ്രോസിക്യൂഷൻ ഡയക്ടർ ജനറലുമായ അഡ്വ. സി. ശ്രീധരൻ നായരുടെയും മഞ്ചേരിയിലെ വസതിയിലായിരുന്നു താമസം.
സമ്പന്നതയിലായിരുന്നു ടി ശിവദാസമേനോൻ ജനിച്ചത്. പണത്തിന്റെ അഹങ്കാരം കുട്ടിയായ ശിവദാസനെ ബാധിച്ചില്ല. പാവങ്ങൾക്കൊപ്പമായിരുന്നു ആ മനസ്സ്. വീട്ടിലെ സുഖങ്ങൾ വേണ്ടെന്ന് കമ്യൂണിസ്റ്റുകാരനായി ശിവദാസ മേനോൻ. 1996ൽ ശിവദാസ മേനോനാകും മുഖ്യമന്ത്രി എന്ന് കരുതിയവരും ഉണ്ട്. പക്ഷേ നായനാർക്കൊപ്പം പാർട്ടി നിന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയാകുകയെന്ന മോഹവും നടന്നില്ല. വി എസ് അച്യുതാനന്ദന് പാർട്ടിയിലുണ്ടായിരുന്ന കരുത്തായിരുന്നു ശിവദാസ മേനോനെ പോലുള്ളവരെ വെട്ടി ചടയൻ ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയത്.
വിപ്ലവ വഴിയിലൂടെ നീങ്ങി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാനിയായ ശിവദാസ മേനോനാണ് അരങ്ങൊഴിയുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാകും ശിവദാസ മേനോന്റെ മരണം. സെക്രട്ടറിയായി പിണറായി വിജയൻ എത്തിയതോടെ ശിവദാസ മേനോൻ ഔദ്യോഗിക പക്ഷത്തിന്റെ പ്രധാന മുഖമായി. വി എസ് അച്യുതാനന്ദനെ വെട്ടിയെതുക്കുന്നതിൽ പിണറായിക്കൊപ്പം നിന്ന മുതിർന്ന നേതാവായിരുന്നു ശിവദാസ മേനോൻ. സിപിഎം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് ,ജില്ലാ സെക്രട്ടറി എന്നീനിലകളിൽ ശിവദാസ മേനോൻ പ്രവർത്തിച്ചിരുന്നു. 1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചു.
രണ്ട് തവണയും മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ ഡെപ്യൂട്ടിചീഫ് വിപ്പ് എന്നീ നിലയിലും ഭരണവൈദഗ്ധ്യം തെളിയിച്ചു. സെക്രട്ടറിയേറ്റ് അംഗമായിരിക്കുമ്പോൾ എകെജി സെന്റർ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. സൈദ്ധാന്തികമായി ഏറെ അറിവുണ്ടായിരുന്ന ശിവദാസൻ മേനോന്റെ ഇടപെടലുകൾ തൊണ്ണൂറുകളിൽ സിപിഎമ്മിന്റെ നയപരമായ തീരുമാനങ്ങളേയും സ്വാധീനിച്ചിരുന്നു. എക്‌സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
സംസ്ഥാനത്ത് അദ്ധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിപ്പിച്ചത്. മണ്ണാർക്കാട് കെ.ടി.എം ഹൈസ്‌ക്കൂളിൽ 30 വർഷത്തോളം അദ്ധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്. പിയേഴ്സ്ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോൻ ജനിച്ചത്. സമ്പന്നകുടുംബത്തിൽ പിറന്ന അദ്ദേഹത്തെ പഠിപ്പിച്ചു വലിയ പദവിയിലെത്തിക്കാനായിരുന്നു പിതാവ് ശ്രമിച്ചത്. എന്നാൽ വള്ളുവനാട്ടിലാകെ അലയടിച്ച പുരോഗമനചിന്തയിലും കമ്യൂണിസ്റ്റ് ആശയങ്ങളിലും ആകൃഷ്ടനായ ശിവദാസമേനോൻ ജന്മിത്തത്തിനെതിരെയുള്ള പോരാട്ടത്തിൽ കണ്ണിയായി.
പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയിനിങ് കോളേജിൽനിന്ന് ബിഎഡും നേടിയ ശേഷം മണ്ണാർക്കാട് കെടിഎം ഹൈസ്‌കൂളിൽ 1955ൽ ഹെഡ് മാസ്റ്ററായി. 1977ൽ ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ അദ്ധ്യാപക ജോലിയിൽനിന്ന് വളണ്ടറി റിട്ടയർമെന്റ് എടുത്തു. അവിഭക്തകമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർട്ടി കെട്ടിപ്പടുക്കാനും അദ്ധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും നിയോഗിച്ചു. അദ്ധ്യാപക സംഘടനയായിരുന്ന പിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
അവിഭക്തകമ്യൂണിസ്റ്റ് പാർട്ടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന ശിവദാസമേനോൻ പാർട്ടി പിളർന്നതിനെ തുടർന്ന് സിപിഐമ്മിൽ ഉറച്ചുനിന്നു. സിപിഎം മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റിയംഗമായി. 1980ൽ ജില്ലാ സെക്രട്ടറിയുമായി. കോഴിക്കോട് സർവകലാശാല സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചു. 1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം അമ്മാവനെതിരെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പുരംഗത്തെത്തുന്നത്. വാശിയേറിയ മത്സരത്തിൽ ശിവദാസമേനോൻ വിജയിച്ചു.
1977ൽ അടിയന്തരാവസ്ഥക്കുശേഷം നടന്ന ലോക്സഭാതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എ സുന്നാസാഹിബിനെതിരെ മത്സരിച്ചുവെങ്കിലും തോറ്റു. 1980ലും 84ലും ലോക്‌സഭയിലേക്ക് മത്സരിച്ചുവെങ്കിലും വിജയിക്കാനായില്ല. 1987ൽ മലമ്പുഴ അസംബ്ലിമണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നായനാർ സർക്കാരിൽ വൈദ്യുതി ഗ്രാമവികസന വകുപ്പ് മന്ത്രിയായി. 1991ൽ വീണ്ടും മലമ്പുഴയിൽ ജനവിധി തേടിയപ്പോൾ ഭൂരിപക്ഷം വർധിച്ചു. 96 മുതൽ 2001വരെ ധനകാര്യഎക്‌സൈസ് മന്ത്രിയായി. വള്ളുവനാടൻ -മാപ്പിള മലയാളവും സംസ്‌കൃതവും സംഗീതവും ഓക്‌സ്‌ഫോർഡ് ഇംഗ്ലീഷും കലർത്തിയുള്ള നർമം തുളുമ്പുന്ന അദ്ദേഹത്തിന്റെ പ്രസംഗം പ്രസിദ്ധമാണ്.
പാർട്ടി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ തുടർന്ന് മണ്ണാർക്കാട്ടുനിന്ന് പാലക്കാട്ടേക്ക് താമസംമാറ്റി. പാലക്കാട് തൊറപ്പാളയത്ത് ചെറിയ വീട് വാങ്ങി. മുത്തങ്ങാ സമരത്തിൽ ആദിവാസികൾക്കെതിരെയുള്ള സർക്കാർ നടപടിക്കെതിരെ പാലക്കാട് എസ്‌പി ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ചിൽ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ടു മർദിച്ചു. തല തല്ലിപ്പൊളിച്ചു. കാൽമുട്ടുകൾക്കും ക്ഷതമേറ്റു. ശിവദാസമേനോനെ പൊതിഞ്ഞുകിടന്നാണ് സഖാക്കൾ മർദനത്തിൽ നിന്ന് രക്ഷിച്ചത്.
അടിയേറ്റുവീണ അദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും പൊലീസ് തയ്യാറായില്ല. കടലവിൽപ്പനക്കാരന്റെ ഉന്തുവണ്ടിയിലാണ് പാർട്ടി പ്രവർത്തകർ അന്ന് ആശുപത്രിയിലെത്തിച്ചത്. അന്ന് ശിവദാസമേനോന്റെ തലയിൽ കണ്ട ചോര പല വിവാദങ്ങളുമുണ്ടാക്കി. ചോര മഷിയെന്നായിരുന്നു അന്ന് കോൺഗ്രസ് ആരോപണം.
മറുനാടന് മലയാളി ബ്യൂറോ