ഇടുക്കി: ഇടുക്കിയിൽ ചെമ്മണ്ണാറിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തൽ. മോഷണം നടന്ന വീടിന്റെ ഉടമ രാജേന്ദ്രനെ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ജോസഫുമായുള്ള മൽപ്പിടുത്തത്തിനിടെ രാജേന്ദ്രൻ ജോസഫിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ മുഖത്ത് കടിയേറ്റ രാജേന്ദ്രൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

പോസ്റ്റുമോർട്ടത്തിലാണ് ജോസഫിന്റേതുകൊലപാതകമാണെന്ന് തെളിഞ്ഞത്. കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസനാളിയിൽ കയറി ശ്വാസതടസമുണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ജോസഫിന്റെ കഴുത്ത് ഞെരിച്ചാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അറിയിച്ചിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ് ജോസഫ് രാജേന്ദ്രന്റെ വീട്ടിൽ മോഷണത്തിന് കയറിയത്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറിയ ജോസഫ്, രാജേന്ദ്രൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിച്ചു. ശബ്ദം കേട്ട് രാജേന്ദ്രൻ ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. തന്നെ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് കടന്നുകളഞ്ഞെന്നാണ് രാജേന്ദ്രൻ പറയുന്നത്.

എന്നാൽ, സ്ഥലത്ത് മൽപ്പിടിത്തത്തിന്റെ ലക്ഷണം കണ്ടതും പരിക്കുകൾ കണ്ടതും കൊലപാതകമാണെന്ന സംശയം ജനിപ്പിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. തന്നെ കടിച്ചു പരുക്കേൽപിച്ചശേഷം ജോസഫ് കടന്നുകളഞ്ഞെന്നാണ് രാജേന്ദ്രൻ പറഞ്ഞത്. ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.