പത്തനംതിട്ട: നാടക രചനയും സംവിധാനവും അഭിനയവും ചിത്രമെഴുത്തും ജീവിതത്തിന്റെ ഭാഗമാക്കിയ യുവാവിന്റെ മൃതദേഹം സൗണ്ട് സിസ്റ്റം സൂക്ഷിക്കുന്ന കടമുറിക്കുള്ളിൽ ജീർണിച്ചു തുടങ്ങിയ നിലയിൽ കണ്ടെത്തി. വടശേരിക്കര കുമ്പളാംപൊയ്ക മറ്റേക്കാട്ട് പടിഞ്ഞാറ്റേതിൽ ബിനീഷി(42)ന്റെ മൃതദേഹമാണ് അദ്ദേഹം ചെയ്യുന്ന സ്ഥാപനത്തിനുള്ളിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ദുർഗന്ധം വമിച്ചതിന്റെ ഉറവിടം തേടി നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുമ്പളാംപൊയ്ക റോയൽ സൗണ്ട്സിൽ ജീർണിച്ചു തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഇതേ സ്ഥാപനത്തിൽ മൈക്ക് ഓപ്പറേറ്ററായിരുന്നുബിനീഷ്. ബുധനാഴ്ചയാണ് ഇയാളെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കൾ പറയുന്നു.

വിവരം അറിയിച്ചതിനെ തുടർന്ന് റാന്നി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിമൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അമ്മയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. മൈക്ക് ഓപ്പറേറ്റർ ജോലിക്ക് പുറമെയാണ് നാടകരംഗത്തും ചിത്രരചനാ മേഖലയിലും ബിനീഷ് പ്രവർത്തിച്ചിരുന്നത്.