ഡോളറിനെതിരെ രൂപയുടെ മൂല്യം തകരുന്നത് പലപ്പോഴും പ്രവാസി ഇന്ത്യാക്കാരെ സന്തോഷിപ്പിക്കാറുണ്ട്. അവരുടെ പണത്തിന് ഇന്ത്യയിലേക്ക് അയച്ചു കൊടുക്കുമ്പോൾ കൂടുതൽ മൂല്യം ലഭിക്കും എന്നതിനാലാണ്. എന്നാൽ, രാജ്യത്തിന്റെ വിശാലമായ താത്പര്യം പരിഗണിച്ചാൽ രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തിന് ദോഷകരം തന്നെയാണ്. ഇതിന്റെ തിക്തഫലം അനുഭവിക്കുന്ന മറ്റൊരു വിഭാഗമാണ് വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ.

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശ പഠനത്തിനു കൊതിക്കുന്ന പല വിദ്യാർത്ഥികൾക്കും തങ്ങളുടെ അമേരിക്കൻ മോഹം ഒഴിച്ചു നിർത്തേണ്ടതായും വന്നിരിക്കുന്നു. രൂപയുടേ മൂല്യം ഇടിഞ്ഞതോടെ പഠനം ചെലവേറിയതാകും എന്നതിനാലാണിത്. അതുകൊണ്ടു തന്നെ പലരും കുറച്ചുകൂടി ചെലവ് കുറഞ്ഞ മറ്റിടങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്.

ഈയൊരു ആശങ്ക ശരിവയ്ക്കുകയാണ് ബാങ്കുകൾ ഉൾപ്പടെയുള്ള സാമ്പത്തിക സ്ഥാപനങ്ങളും. ഇന്നത്തെ നിരക്കിൽ, അമേരിക്കൻ പഠന ചെലവ്ക്കായി കൂടുതൽ തുക വിദ്യാഭ്യാസ ലോൺ എടുക്കേണ്ടി വരും എന്ന് അവർ പറയുന്നു. എന്നാൽ, സ്വാഭാവികമായും ബാങ്കുകൾ കൂടുതൽ വായ്പ അനുവദിക്കും എന്നതിനാൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നാണ് കൺസൾട്ടന്റുമാർ പറയുന്നത്.പ്രത്യേകിച്ച് പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിൽ ജോലിചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് തീരെ ആശങ്ക വേണ്ടെന്ന് അവർ പറയുന്നു.

ഒരുപക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് യു എസ് ഡോളറുമായി താരതമ്യ പെടുത്തുമ്പോൾ ഇന്ത്യൻ രൂപയുടെ നിൽ ഇപ്പോൾ. ഇന്ത്യൻ സർക്കാരിന്റെ കണക്കുകൾ അനുസ്രിച്ച് 13.24 ലക്ഷം വിദ്യാർത്ഥികളാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വെളിയിൽ പഠിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വിദ്യാർത്ഥികൾ തിരഞ്ഞെടുത്തിരിക്കുന്നത് അമേരിക്കയാണ്. 4.65 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്കയിൽ പഠിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

1.83 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്ന കാനഡയാണ് ഇക്കാര്യത്തിൽ തൊട്ടു പുറകിൽ. 1.64 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന യു എ ഇ മൂന്നാം സ്ഥാനത്തും 1.09 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ പഠിക്കുന്ന ആസ്ട്രേലിയ നാലാം സ്ഥാനത്തുമാണ്. ഈ കണക്കുകൾ കാണിക്കുന്നത് മഹാഭൂരിപക്ഷം ഇന്ത്യൻ വിദ്യാർത്ഥികളും, വിദേശപഠനം നടത്താൻ താത്പര്യപ്പെടുന്നത് അമേരിക്കയിൽ ആണെന്നാണ്. ഇവരുടെ മോഹങ്ങൾക്കാണ് ഇപ്പോൾ രൂപയുടെ മൂല്യതകർച്ച വഴിവെച്ചിരിക്കുന്നത്.

ട്യുഷൻ ഫീസിലും ജീവിത ചെലവിലുമൊന്നുംഅമേരിക്കൻ സാഹചര്യത്തിൽ മാറ്റമുണ്ടാകില്ലെങ്കിലും സമാനമായ തുകയ്ക്കുള്ള ഡോളർ ലഭിക്കുവാൻ ഇപ്പോൾ കൂടുതൽ ഇന്ത്യൻ രൂപ നൽകേണ്ടി വരും. ഇതുമൂലം ഇന്ത്യൻ വിദ്യാർത്ഥികളുടെ പഠന ചെലവ് വർദ്ധിക്കും. അതായത്, 2017 ൽ 65 രൂപയുടെ വിനിമയ നിരക്കിൽ ട്യുഷൻ ഫീസ് നൽകിയിരുന്ന വിദ്യാർത്ഥിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ 77-8- രൂപ വിനിമയ നിരക്കിൽ നൽകേണ്ടതായി വരും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു വൺ സെമസ്റ്റർ ഫീസ് 40,000 യു എസ് ഡോളർ ആണെങ്കിൽ 2022 ജനുവരിയിൽ രൂപയുടെ മൂല്യം 73.8 ആയിരുന്നപ്പോൾ നൽകിയിരുന്നത് 29.52 ലക്ഷമായിരുന്നു. അതേ തുക ഇന്ന് ഫീസ് അടക്കാൻ നൽകേണ്ടത്31.92 രൂപയും. സാധാരണ കുടുംബങ്ങളിൽ നിന്നും അമേരിക്കയിൽ പഠനത്തിനു പോകുന്നവരെയാണ് ഇത് സാരമായി ബാധിക്കുക. പലരും പഠനം പാതി വഴി ഉപേക്ഷിക്കേണ്ടി വരുമോ എന്നുപോലും ആലോചിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ പുതിയതായി അമേരിക്കൻ പഠനത്തിന് ആഗ്രഹിക്കുന്നവരും മറ്റു വഴികൾ തേടിക്കൊണ്ടിരിക്കുകയാണ്.