- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷായ് ഹോപ്പിന്റെ മിന്നും സെഞ്ചുറി; അർധ സെഞ്ചുറിയുമായി നിക്കോളാസ് പുരാൻ; വെസ്റ്റിൻസീസിനെതിരെ ഇന്ത്യയ്ക്ക് 312 റൺസ് വിജയലക്ഷ്യം; ജയിച്ചാൽ പരമ്പര
പോർട്ട് ഓഫ് സ്‌പെയിൻ: രണ്ടാം ഏകദിനത്തിൽ ആതിഥേയരായ വെസ്റ്റിൻസീസിനെതിരെ ഇന്ത്യയ്ക്ക് 312 റൺസ് വിജയലക്ഷ്യം. ഓപ്പണർ ഷായ് ഹോപ്പിന്റെ മിന്നും സെഞ്ചുറിയാണ് (135 പന്തിൽ 115) വിൻഡീസ് മികച്ച സ്‌കോറിലെത്തിച്ചത്. നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് അവർ 311 റൺസെടുത്തത്. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നു ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ഓപ്പണിങ് വിക്കറ്റിൽ ഷായ് ഹോപ്പും കൈൽ മയേഴ്‌സും (23 പന്തിൽ 39) മികച്ച തുടക്കാണ് അതിഥേയർക്കു നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 65 റൺസ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തു. പത്താം ഓവറിൽ റിട്ടേൺ ക്യാച്ചിലൂടെ മയേഴ്‌സിനെ പുറത്താക്കി ദീപക് ഹൂഡയാണ് കൂട്ടുകെട്ട് പൊളിച്ചത്.
എന്നാൽ പിന്നീടെത്തിയ ഷർമ ബ്രൂക്‌സ് തകർത്തടിച്ചതോടെ വിൻഡീസ് സ്‌കോർ കുതിച്ചു. അഞ്ച് ബൗണ്ടറികളുടെ അകടമ്പടിയോടെ 36 പന്തിൽ 35 റൺസെടുത്ത ബ്രൂക്‌സിനെ അക്‌സർ പട്ടേലാണ് വീഴ്‌ത്തിയത്. അധികം വൈകാതെ ബ്രാണ്ടൻ കിങ്ങിനെ (പൂജ്യം) യുസ്വേന്ദ്ര ചെഹലും വീഴ്‌ത്തി. 22.5 ഓവറിൽ 130/3 എന്ന നിലയിലായിരുന്നു ഈ സമയം വിൻഡീസ്.
അഞ്ചാമനായി ഇറങ്ങിയ ക്യാപ്റ്റൻ നിക്കോളാസ് പുരാനും (77 പന്തിൽ ഹോപ്പിന്റെയും ബാറ്റിങ്ങാണ് വിൻഡീസ് സ്‌കോറിനെ 300 കടത്താൻ സഹായിച്ചത്. സ്‌കോർ 280ൽ നിൽക്കെ ഷാർദുൽ ഠാക്കൂറാണ് പുരാനെ പുറത്താക്കിയത്. ആറു സിക്‌സും ഒരു ഫോറും അടങ്ങുന്നതായിരുന്നു വിൻഡീസ് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 47ാം ഓവറിൽ റൂവ്മൻ പവലിനെയും (10 പന്തിൽ 13), 49ാം ഓവറിൽ ഷായ് ഹോപ്പിനെയും ഠാക്കൂർ തന്നെ പുറത്താക്കി.
റൊമാരിയോ ഷെപ്പേർഡ് (11 പന്തിൽ 15*), അകീൽ ഹുസൈൻ (നാല് പന്തിൽ 6*) എന്നിവർ വിൻഡീസ് നിരയിൽ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷാർദുൽ ഠാക്കൂർ മൂന്നും ദീപക് ഹൂഡ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
ഇന്ത്യൻ നിരയിൽ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ആവേശ് ഖാൻ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ആവേശിന്റെ ഏകദിന അരങ്ങേറ്റമാണിത്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ ടീമിൽ സ്ഥാനം നിലനിർത്തി. വിൻഡീസ് നിരയിൽ ഗുഡാകേഷ് മോട്ടിക്കു പകരം ഹെയ്ഡൻ വാൽഷ് ഇറങ്ങി.