കോഴിക്കോട്: സംസ്ഥാനത്ത് വിവിധതരം പനികൾ ആഴ്ചകളായി നിലനിൽക്കുന്നതിനാൽ രോഗികൾ വിറച്ചുതുള്ളുമ്പോഴും സാധാരണക്കാരന്റെ ആശ്രയമായ മെഡിക്കൽ കോളജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികളിൽ രോഗികൾക്കു കിടക്കാൻ ഇടമില്ല. ഏറ്റവും കൂടുതൽ ആളുകളെ നിലവിൽ ബാധിച്ചിരിക്കുന്നത് വൈറൽ ഫീവറാണ്. ആഴ്ചകളോളം പനിയുമായി വീട്ടിലിരിക്കേണ്ട സ്ഥിതിയാണ് ഇത് സൃഷ്ടിക്കുന്നത്. വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം ഹാജർനിലയിലും പനി വില്ലനാവുമ്പോൾ ഇതര തൊഴിലിടങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് പനിക്കിടക്കയിൽ പുറത്തിറങ്ങാനാവാതെ കഴിയുന്നത്.

സാധാരണക്കാർ രോഗം മൂർച്ഛിക്കുമ്പോൾ സർക്കാർ ആശുപത്രികളെയാണ് കിടത്തി ചികിത്സക്കായി കൂടുതലായും ആശ്രയിക്കുന്നത്. ഇവയിൽ ജില്ലാ, താലൂക്ക് ആശുപത്രികളും ഉൾപ്പെടും. ഇവിടങ്ങളിലെ സ്ഥിതി പലയിടത്തും മെഡിക്കൽകോളജുകളിലേതിനേക്കാൾ പരിതാപകരമാണ്.

കോഴിക്കോടും തിരുവനന്തപുരവും ഉൾപ്പെടെയുള്ള സർക്കാർ മെഡിക്കൽ കോളജുകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. വൈറൽ പനിയാണ് ആളുകളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. ഇതോടൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയുമെല്ലാം ബാധിച്ചവരും മെഡിക്കൽകോളജുകളിലേക്കു എത്തുന്നുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആതുരാലയമായ കോഴിക്കോട് മെഡിക്കൽ കോളജിൽ ഏറ്റവും കൂടുതൽ വാർഡുകൾ മാറ്റിവച്ചിരിക്കുന്നത് മെഡിസിൻ വിഭാഗത്തിനായാണ്. 11 വർഡുകളുണ്ട്. ഇതിൽ ഏഴാം വാർഡ് കുറച്ചുകാലമായി അറ്റകുറ്റപണിയുടെ ഭാഗമായി അടച്ചിട്ടിരിക്കയാണ്. രോഗങ്ങളെയും രോഗികളെയുമെല്ലാം താങ്ങേണ്ട മെഡിസിൻ വിഭാഗത്തിലെ വാർഡുകളെല്ലാം നിറഞ്ഞുകവിഞ്ഞു.

മെഡിക്കൽകോളജിനകത്തേക്കുള്ള സെക്യൂരിറ്റി കവാടം കടക്കുമ്പോഴേക്കും വരാന്തകളിൽ പായയും ബെഡ്ഷീറ്റുമെല്ലാം വിരിച്ചു കിടക്കുകയും ഇരിക്കുകയും ചെയ്യുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയുമെല്ലാം നീണ്ടനിരയാണ് സന്ദർശകരെ ഇപ്പോൾ സ്വാഗതംചെയ്യുന്നത്. ഓരോ ദിവസവും ഡിസ്ചാർജാവുന്നതിലും കൂടുതൽ രോഗികൾ വന്നെത്തുന്നതിനാൽ സ്ഥിതി വരുംദിനങ്ങളിൽ കൂടുതൽ സങ്കീർണമാവുമെന്നുറപ്പാണ്. പനി രോഗികൾക്കൊപ്പം കാറ്റും മഴയും തണുപ്പുമെല്ലാം മൂർധന്യത്തിൽ എത്തിച്ച ശ്വാസംമുട്ടൽ, ആസ്തമ രോഗികളെയും അസുഖം കൂടുതൽ വലയ്ക്കുന്നതിനാൽ അവരും കൂട്ടത്തോടെ ആശുപത്രിതേടി എത്തുന്ന സ്ഥിതിയാണ്.

നമ്മുടെ സർ്ക്കാർ ആതുരാലയങ്ങളിലെല്ലാം തിങ്കൾ, ചെവ്വ, ബുധൻ ദിവസങ്ങളിലാണ് രോഗികളുടെ ആധിക്യം ഒ പി വിഭാഗത്തിൽ പരമാവധിയാവാറ്. വാർഡുകൾ നിറഞ്ഞു കവിഞ്ഞതിനാൽ പ്രധാന വരാന്തകളിലേക്കായാണ് രോഗികളെ കൊണ്ടുവന്നു കിടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് റഫറൽ ആശുപത്രിയാണെങ്കിലും എല്ലാവർക്കും ചികിത്സ തേടാൻ താൽപര്യം കട്ടിലും കിടക്കയുമൊന്നും മിക്കപ്പോഴും ലഭിക്കാത്ത ഈ ആതുരാലയത്തോടുതന്നെ.

റെഫറൽ ആയതിനാൽ സമീപ പ്രദേശങ്ങളിൽനിന്നുള്ളവർക്കു മാത്രമായി ഇവിടെ ചികിത്സ പരിമിതപ്പെടുത്തിയിട്ടുണ്ട്. മറ്റു പ്രദേശങ്ങളിൽനിന്നു വരുന്നവരാണെങ്കിൽ അവിടങ്ങളിലെ സർക്കാർ ആതുരാലയങ്ങളിൽനിന്നുള്ള റെഫറൽ ലെറ്റർ ആവശ്യമാണ്. കോഴിക്കോട് ജില്ലക്കു പുറമേ മലപ്പുറം, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലക്കാരുടെയും പ്രധാന ആശ്രയമാണിവിടം. മലയാളികൾക്കു പുറമേ തമിഴ്‌നാട്ടിലെ ഗൂഢല്ലൂരിൽനിന്നും കർണാടകയുടെ ഭാഗമായ കുട്ട തുടങ്ങിയ പ്രദേശങ്ങളിൽനിന്നു രോഗികളെത്താറുണ്ട്.

കാലങ്ങളായി ഇവിടെ വാർഡുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമല്ല. അത്യാഹിത വിഭാഗവും സ്പെഷാലിറ്റി വിഭാഗവും അധികം വൈകാതെ പി എം എസ് എസ് വൈ ബ്ലോക്കിലേക്കു മാറും. ഇത് യാഥാർഥ്യമായാൽ മാത്രമേ നിലവിലെ അവസ്ഥക്കു കുറച്ചെങ്കിലും പരിഹാരമാവൂ. നിലവിലെ സാഹചര്യത്തിൽ ശസ്ത്രക്രിയാ വാർഡിൽപോലും സർജറി കഴിഞ്ഞവർ തറയിൽ കിടക്കേണ്ട ദുരവസ്ഥയും ഇവിടെയുണ്ട്്.

തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിലും കോഴേേിക്കാടിന് സമാനമായ അവസ്ഥതന്നെയാണുള്ളത്. ഇവിടെയും രോഗികളുടെ ആധിക്യം ഡോക്ടർമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്കുമെല്ലാം വെല്ലുവിളിതന്നെയാണ്. ജില്ലാ താലൂക്ക് ആശുപത്രികളിൽ സംസ്ഥാനാടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെട്ട രോഗ നിർണയവും പരിചരണവും വിദഗ്ധ ഡോക്ടർമാരുടെ സേവനവും മതിയായ കിടക്കകളും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് പരിശ്രമിച്ചാലെ ഇത്തരം ബുദ്ധിമുട്ടുകൾക്കെല്ലാം ശാശ്വത പരിഹാരമാവൂ.