- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിയെ കാണാൻ വേഷം കെട്ടി കുരുന്നുകൾ കാത്തിരുന്നത് നാലു മണിക്കൂർ; രാവിലെ 11ന് നിശ്ചയിച്ച ഉദ്ഘാടനചടങ്ങ് ഉച്ചകഴിഞ്ഞത്തേക്ക് മാറ്റിയിട്ടും മന്ത്രി വാസവനെത്തിയില്ല; സാരിയുടുത്തും മൃഗങ്ങളുടെ വേഷമണിഞ്ഞും രാവിലെ മുതൽ മന്ത്രിയുടെ വരവു കാത്തിരുന്ന കുട്ടികൾക്കും നിരാശ
കൂത്താട്ടുകുളം: മന്ത്രിയെ വരവേൽക്കാനുള്ള ഉത്സാഹത്തിലായിരുന്നു കൂത്താട്ടുകുളം ഗവ. യു.പി സ്‌കൂളിലെ കുട്ടികൾ. മന്ത്രിയെ കാത്ത് അവർ രാാവിലെ തന്നെ വിവിധ വേഷങ്ങൾ അണിഞ്ഞു കാത്തു നിൽക്കുകയും ചെയ്തു. എന്നാൽ മന്ത്രി എത്തേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഉദ്ഘാടകനായ മന്ത്രി വി.എൻ.വാസവൻ എത്തിയില്ല. ഇതോടെ ഗവ. യുപി സ്‌കൂളിൽ മാതൃകാ പ്രീപ്രൈമറി സമർപ്പണ ചടങ്ങിൽ കുരുന്നുകൾ വേഷം കെട്ടി നാലു മണിക്കൂർ കാത്തിരുന്നതു വെറുതെയായി.
രാവിലെ നടക്കേണ്ട ഉദ്ഘാടന ചടങ്ങ് ഉച്ചകഴിഞ്ഞത്തേക്ക് മാറ്റിയിട്ടും മന്ത്രിയെത്താതായതോടെ കുട്ടികളും നിരാശരായി. രാവിലെ 11നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. പരിപാടി കളർഫുൾ ആക്കാൻ വിവിധ വേഷങ്ങളിലാണു കുട്ടികളെ ഒരുക്കിയിരുന്നത്. രാവിലെ മുതൽ വിവിധ വേഷം കെട്ടി മന്ത്രിക്കായി സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു അവർ. എന്നാൽ മന്ത്രി എത്തിയില്ല
ഉദ്ഘാടന വേദിയിലേക്ക് അനൂപ് ജേക്കബ് എംഎൽഎ എത്താറായപ്പോഴേക്കും പരിപാടി ഉച്ചകഴിഞ്ഞ് 2.30ലേക്കു മാറ്റിയതായി അറിയിപ്പു വന്നു. കേരളീയ ശൈലിയിൽ സാരിയുടുത്തും മൃഗങ്ങളുടെ വേഷം അണിഞ്ഞും കാത്തിരുന്നു മുഷിഞ്ഞ കുരുന്നുകളെ അദ്ധ്യാപികമാർ തിരികെ ക്ലാസ് മുറികളിലേക്കു കൊണ്ടുപോയി. നഗരസഭാ പ്രതിനിധികൾ കൗൺസിൽ യോഗത്തിനും പോയി.
ഉച്ചകഴിഞ്ഞ് മന്ത്രിയെ കാത്ത് വീണ്ടും എല്ലാവരും സജ്ജരായി. പ്രത്യേക വേഷമണിഞ്ഞ കുട്ടികൾ ഡിസ്‌പ്ലേ അവതരിപ്പിച്ചു. അനൂപ് ജേക്കബ് എംഎൽഎയും നഗരസഭാ പ്രതിനിധികളും വീണ്ടും എത്തിയെങ്കിലും മന്ത്രി വന്നില്ല. ഒടുവിൽ എംഎൽഎ ഉദ്ഘാടകനായി. കുട്ടികളെ ഇത്രയും സമയം വേഷമണിയിച്ചു നിർത്തിയതിലെ അനൗചിത്യം അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. മന്ത്രി വൈകിയതോടെ കുട്ടികൾക്കു ഭക്ഷണം കൊടുക്കാനുള്ള സൗകര്യം കണക്കിലെടുത്താണു പരിപാടിയുടെ സമയം ഉച്ചയ്ക്കു ശേഷമാക്കിയതെന്ന് ഹെഡ്‌മാസ്റ്റർ എ.വി.മനോജ് അറിയിച്ചു.
ന്മ 'അപ്രതീക്ഷിതമായി കോട്ടയം ജില്ലയിൽ പരിപാടികൾ വന്നതിനാൽ കൂത്താട്ടുകുളത്ത് എത്താൻ കഴിയില്ലെന്നും മറ്റൊരു ദിവസം എത്താമെന്നും സ്‌കൂളിലെ സംഘാടകരെ വിളിച്ച് അറിയിച്ചിരുന്നു. അധികൃതർ ഇതു സമ്മതിച്ചതാണ്.' മന്ത്രി വി.എൻ.വാസവൻ
മറുനാടന് മലയാളി ബ്യൂറോ