- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
18 ആപ്പുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വായ്പ; ഫീസടക്കാനായി വീട്ടിൽ നിന്നു വാങ്ങിയ പണവും കോളേജിൽ അടച്ചില്ല: മധ്യപ്രദേശിലെ എഞ്ചിനീയറിങ് വിദ്യാർത്ഥിയുടെ മരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യ
ഭോപാൽ: മധ്യപ്രദേശിലെ എൻജിനീയറിങ് വിദ്യാർത്ഥിയുടെ മരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്ന് റിപ്പോർട്ട്. വിദ്യാർത്ഥിയുടെ മരണത്തിനു പ്രവാചക നിന്ദയുമായി ബന്ധമില്ലെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഞായറാഴ്ചയാണ് എൻജിനീയറിങ് വിദ്യാർത്ഥിയായ നിഷാങ്ക് റാത്തോഡിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർത്ഥിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തുകയായിരുന്നു. 18 ആപ്പുകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിഷാങ്ക് വൻ തുക വായ്പ എടുത്തിരുന്നു. മരണത്തിന് മുൻപ് കോളജ് ഫീസ് അടയ്ക്കാനായി സഹോദരിയുടെ പക്കൽ നിന്നും 50,000 രൂപ വാങ്ങി. എന്നാൽ പണം കോളജിൽ അടച്ചില്ല. ക്രിപ്‌റ്റോ കറൻസി ഇടപാടും നിഷാങ്കിനുണ്ടായിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
മരണത്തിന് അൽപം മുൻപ് നിഷാങ്ക് പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് അച്ഛനയച്ച മെസേജാണ് ആശങ്കയുയർത്തിയത്. മുൻ ബിജെപി വക്താവ് നൂപുർ ശർമയുടെ വിവാദ പരാമർശത്തിനു പിന്നാലെയുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് ഈ മരണമെന്നായിരുന്നു ആദ്യ വിലയിരുത്തൽ. പ്രവാചക നിന്ദയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ മൊബൈൽ ഫോൺ മറ്റാരും ഉപയോഗിച്ചില്ലെന്നും വ്യക്തമായി. ട്രെയിൻ ദേഹത്തുകയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നു. ഇതോടെയാണ് മരണത്തിനു പിന്നിൽ മറ്റ് ഇടപെടലുകളില്ലെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്.