- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാളെപ്പോലും ബാക്കിവച്ചില്ലല്ലോ....ഞാനും കാറിൽ കയറി പോയാൽ മതിയായിരുന്നു; ഷാന്റിയുടെ ഈ ചോദ്യത്തിന് മുമ്പിൽ പകച്ച് പൂവന്മലക്കാർ; സഭയിൽ 10 കുടുംബങ്ങളേ ഉള്ളൂവെങ്കിലും നാട്ടുകാർക്ക് പ്രിയപ്പെട്ട കർഷകനായ പാസ്റ്റർ; അച്ഛനും മക്കളും യാത്രയായതോടെ ഇനി ഈ അമ്മ തനിച്ച്; സ്നേഹം പകുത്തു നൽകുന്ന പാസ്റ്ററും മക്കളും ഇനി ഓർമ്മ
തിരുവല്ല: 'ഞാനും കാറിൽ കയറി പോയാൽ മതിയായിരുന്നു' എന്നു പറഞ്ഞ് ഷാന്റി വിലപിച്ചു. മുൻപേ പോയ സ്വകാര്യ ബസ് ജീവനക്കാർക്ക് തോന്നിയ ഒരു സംശയം തോന്നി നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് പിതാവിന്റെയും രണ്ടു പെണ്മക്കളുടെയും ദാരുണ മരണത്തിന് കാരണമായ കാർ തോട്ടിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ ചാണ്ടി മാത്യൂ, മക്കളായ ഫെബ വി. ചാണ്ടി, ബ്ലസി വി. ചാണ്ടി എന്നിവരാണ് വെണ്ണിക്കുളം പുറമറ്റം റോഡിൽ കല്ലുപാലം പെട്രോൾ പമ്പിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത്. ഈ ദുരന്തം തനിച്ചാക്കിയത് ഷാന്റിയെയാണ്.
ഒരാളെപ്പോലും ബാക്കിവച്ചില്ലല്ലോ', ഭർത്താവിന്റേയും മക്കളുടേയും ചേതനയറ്റ ശരീരങ്ങൾ കണ്ടു തകർന്നുപോയ ഷാന്റിയുടെ വാക്കുകൾ മറ്റുള്ളവരെയും കണ്ണീരിലാഴ്‌ത്തി. രാവിലെ 7 മണിയോടെ പൂവന്മലയിലെ വീട്ടിൽനിന്നു പോയ ഭർത്താവിനെയും മക്കളെയും മരണം കവർന്നെന്നറിഞ്ഞപ്പോൾ അവർ ആകെ തളർന്നു. ചർച്ച് ഓഫ് ഗോഡ് പൂവന്മല ഗിൽഗാൽ സഭയിലെ പാസ്റ്ററായിരുന്നു ചാണ്ടി. ആരാധനാലയത്തിന്റെ ഒന്നാം നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 8 മണിയോടെയാണ് അപകട വിവരം സഭാ സെക്രട്ടറിയും പാസ്റ്ററുടെ സമീപവാസിയുമായ ബ്ലസൻ വടക്കേമുറിയിൽ അറിയുന്നത്.
ബ്ലസന്റെ കുടുംബമാണ് ഷാന്റിയെയും കൂട്ടി കുമ്പനാട് ആശുപത്രിയിലേക്കു പോയത്. അപകടമെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. മോർച്ചറിക്കു സമീപത്തേക്ക് നടന്നപ്പോൾ അവർ തകർന്നു. പൂവന്മല സഭയിൽ 10 കുടുംബങ്ങളേ ഉള്ളൂവെങ്കിലും നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു പാസ്റ്റർ. 3 വർഷം എഴുമറ്റൂരിൽ സേവനം അനുഷ്ഠിച്ച ശേഷം ഒരു വർഷം മുൻപാണ് പാസ്റ്റർ പൂവന്മലയിൽ ശുശ്രൂഷകനായെത്തിയത്. 21 വർഷമായി സുവിശേഷകനാണ്. നല്ല കർഷകനായിരുന്നു അദ്ദേഹം.
രക്ഷാപ്രവർത്തകർ പാസ്റ്റർ ചാണ്ടി, ഫേബ എന്നിവരെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിലും ബ്ലെസിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒഇടി പരീക്ഷാ പഠനത്തിന് മാവേലിക്കരയിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലേക്കു ഫേബയെ കൊണ്ടുവിടാൻ പോകുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിൽനിന്നു ഫേബയുടെയും ബ്ലെസിയുടെയും തിരിച്ചറിയൽ കാർഡുകൾ ലഭിച്ചതാണ് മരിച്ചവർ കുമളി ചക്കുപള്ളം സ്വദേശികളാണെന്ന് മനസ്സിലാക്കാൻ സഹായിച്ചത്.
എഴുമറ്റൂരിൽ 5 വർഷം സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ വി എം.ചാണ്ടി 2020 ജൂണിലാണ് പൂവന്മലയിലെത്തിയത്.ഫേബ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലെ നഴ്‌സിങ് കോളജിൽനിന്ന് ബിഎസ്സി നഴ്‌സിങ് പഠനം പൂർത്തിയാക്കിയത് അടുത്തിടെയാണ്. പരുമല മാർ ഗ്രിഗോറിയോസ് കോളജിലെ 2-ാം വർഷ ബിസിഎ വിദ്യാർത്ഥിനിയാണ് ബ്ലെസി. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
ഒരു ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിനിടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാർ വെള്ളത്തിൽ മുങ്ങിക്കിടന്നെന്നാണ് ദൃക്സാക്ഷികൾ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാർ കാണ്മാനില്ലെന്ന് ബസ് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് നാട്ടുകാർ ആദ്യഘട്ടത്തിൽ തെരച്ചിൽ നടത്തിയത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്നു വിദ്യാർത്ഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാർത്ഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മഴ ശക്തമായതിനാൽ തോട്ടിൽ വലിയ തോതിൽ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന എത്തിയാണ് കാർ കരക്കെത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ