സെന്റ് കിറ്റ്‌സ്: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് എതിരെ 165 റൺസ് വിജയലക്ഷ്യം കുറിച്ച് വെസ്റ്റ് ഇൻഡീസ്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 56 റൺസ് എന്ന നിലയിലാണ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഓപ്പണർ കെയ്ൽ മയേഴ്‌സിന്റെ അർധസെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു. 50 പന്തിൽ 73 റൺസെടുത്ത മയേഴ്‌സ് ആണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിൻഡീസിന് ഓപ്പണർമാരായ കെയ്ൽ മയേഴ്‌സും ബ്രാണ്ടൻ കിംഗും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. കരുതലോടെ തുടങ്ങിയ ഇരുവരും പിന്നീട് തകർത്തടിച്ചു. ഓപ്പണിങ് വിക്കറ്റിൽ മയേഴ്‌സ്-കിങ് സഖ്യം 7.2 ഓവറിൽ 57 റൺസെടുത്തശേഷമാണ് വേർ പിരിഞ്ഞത്. 20 റൺസെടുത്ത കിംഗിനെ മടക്കി ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

എന്നാൽ വൺഡൗണായി എത്തിയ ക്യാപ്റ്റൻ നിക്കോളാസ് പുരാൻ മയേഴ്‌സിന് മിക്ച പിന്തുണ നൽകിയതോടെ വിൻഡീസ് ഭേദപ്പട്ടെ സ്‌കോറിലേക്ക് നീങ്ങി. പതിനഞ്ചാം ഓവറിൽ 100 റൺസിലെത്തിയ വിൻഡീസിന് തൊട്ടുപിന്നാലെ പുരാനെ(22) നഷ്ടമായെങ്കിലും മയേഴ്‌സ് ഒരറ്റത്ത് ഉറച്ചുനിന്നതോടെ വിൻഡീസ് സ്‌കോർ കുതിച്ചു.

പതിനേഴാം ഓവറിൽ മയേഴ്‌സ്(73) പുറത്തായെങ്കിലും അവസാന ഓവറുകളിൽ തകർത്തടിച്ച ഹെറ്റ്‌മെയറും(20), റൊവ്മാൻ പവലും(14 പന്തിൽ 23) ചേർന്ന് വിൻഡീസിനെ 164 റൺസിലെത്തിച്ചു. പതിനഞ്ചാം ഓവറിൽ 100 കടന്ന വിൻഡീസ് അവസാന അഞ്ചോവറിൽ 64 റൺസടിച്ചു. മൂന്നോവറിൽ 47 റൺസ് വഴങ്ങിയ ആവേശ് ഖാൻ വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ഭുവനേശ്വർ കുമാർ നാലോവറിൽ 35 റൺസിന് രണ്ട് വിക്കറ്റും അർഷദീപ് സിങ് നാലോവറിൽ 33 റൺസിന് ഒരു വിക്കറ്റും ഹാർദ്ദിക് പാണ്ഡ്യ നാലോവറിൽ 19 റൺസിന് ഒരു വിക്കറ്റുമെടുത്തു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ഇന്നലെ നടന്ന രണ്ടാം മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജക്ക് വിശ്രമം അനുവദിച്ചപ്പോൾ ദീപക് ഹൂഡ അന്തിമ ഇലവനിലെത്തി.