- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുമണ്ണില്‍ വീണ്ടും കഞ്ചാവ് വേട്ട : 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പോലീസ് പിടിയില്‍
5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പോലീസ് പിടിയില്‍
പത്തനംതിട്ട: ജില്ലാ പോലീസ് ഡാന്‍സാഫ് സംഘവും, കൊടുമണ്‍ പോലീസും നടത്തിയ സംയുക്ത നീക്കത്തില്‍ 5 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുമണ്‍ കണ്ണാടിവയല്‍ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡില്‍ നിന്നാണ് 4.800 കിലോ കഞ്ചാവ് പിടിച്ചെടുത്തത്, ഒരാള്‍ അറസ്റ്റിലായി.പശ്ചിമ ബംഗാള്‍ പാര്‍ഗാനസ സൗത്ത് 24, ഗോസബ തനസര്‍പറ, കമര്‍പറ 84 ല്‍ ബിശ്വജിത് ബര്‍മന്‍ മകന്‍ പ്രസന്‍ജിത്ത് ബര്‍മന്‍ (32) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തുക്കളായ കണ്ണന്‍ ഗണേശന്‍, ജിതിന്‍, ബിജീഷ് എന്നിവരെ പിടികൂടാനുണ്ട്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 ഓടെ കൊടുമണ്‍ കണ്ണാടിവയല്‍ പാറക്കരയിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ ഷെഡില്‍ പരിശോധന നടത്തിയാണ് പോലീസ് സംഘം കഞ്ചാവ് കണ്ടെത്തിയത്. പോലീസ് എത്തുമ്പോള്‍ ഷെഡിന് മുന്നില്‍ നാലുപേര്‍ ഉണ്ടായിരുന്നു. പോലീസിനെക്കണ്ട് ഇവര്‍ ഓടി, പിന്നാലെ ഓടിയ പോലീസ് പ്രസന്‍ജിത്ത് ബര്‍മനെ സാഹസികമായി കീഴ്‌പ്പെടുത്തി.
വസ്തു ഉടമയെയും മറ്റും കണ്ടു വിവരങ്ങള്‍ അന്വേഷിച്ച പോലീസ്, ഷെഡിലെ ദിവാന്‍ കോട്ടിന്റെ മുകളില്‍ വച്ചിരുന്ന പ്ലാസ്റ്റിക് കവറും ബാഗും പരിശോധിച്ചു അതിനുള്ളില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തുകയായിരുന്നു. രണ്ടു മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. 4 പാക്കറ്റുകളിലായി സൂക്ഷിച്ച 4.800 കിലോ ഗ്രാം കഞ്ചാവ് ബന്തവസിലെടുത്ത ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ വില്‍ക്കാന്‍ എത്തിച്ചതാണെന്ന് സമ്മതിച്ചു.ഇയാളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ദിവസങ്ങളായി ഈ പ്രദേശം പോലീസിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു. നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഈ പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഡാന്‍സാഫ് ടീം, പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. കഞ്ചാവ് ഇവിടെ എത്തിച്ച് വില്പനക്കായി വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്ന് വിവരം ലഭിക്കുകയും, പോലീസ് സംഘം പരിശോധന ശക്തമാക്കുകയും ചെയ്തതിനെതുടര്‍ന്നാണ് കഞ്ചാവ് പിടിച്ചെടുക്കാന്‍ സാധിച്ചത്. ജില്ലയില്‍ ലഹരിവസ്തുക്കളുടെ കടത്തും കച്ചവടവും തടയുന്നതിന് ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എസ് സി പി ഓ മാരായ തോമസ്, അലക്‌സ്, സി പി ഓ വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.