- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ ചേച്ചിയുടെ മുഖം ഇങ്ങനെയല്ല; അലറിക്കരഞ്ഞ് കുഞ്ഞൂട്ടന്; ആ കുടുംബത്തില്‍ അവശേഷിക്കുന്നത് ഇനി അവന് മാത്രം
മുണ്ടക്കൈ: കുടുംബത്തിലുണ്ടായിരുന്ന അഞ്ചു പേരെയും ഉരുള്‍ എടുത്തപ്പോള്‍ അഭിജിത്തിനെ മാത്രം വിധി ബാക്കി വെച്ചു. അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും അന്ത്യകര്‍മ്മം ചെയ്യാനായി. മുണ്ടക്കൈ പുഞ്ചിരിമട്ടം കല്ലിങ്കല്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെയും ബബിതയുടെയും മകനാണ് അഭിജിത്ത് എന്ന കുഞ്ഞൂട്ടന്. അച്ഛനേയും അമ്മയേയും സഹോദരനേയും സഹോദരിയേയും ഉരുള്‍ എടുത്തപ്പോള്‍ കുഞ്ഞൂട്ടനെ മാത്രം സങ്കടക്കടലില്‍ ബാക്കിയാക്കി.
സുബ്രഹ്മണ്യനെയും ബബിതയെയും മറ്റു 2 മക്കളായ ഗ്രീഷ്മ, ഗിരിജിത്ത് എന്നിവരെയും മുണ്ടക്കൈയിലുണ്ടായ രണ്ടാമത്തെ ഉരുള്പൊട്ടലിലാണു കാണാതായത്. സുബ്രഹ്മണ്യന്റെ അമ്മ തായിക്കുട്ടിയെക്കുറിച്ചും വിവരമില്ല. അഭിജിത്ത് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സുബ്രഹ്മണ്യന്റെയും ഗ്രീഷ്മയുടെയും ശരീരങ്ങളാണ് ഇതുവരെ കിട്ടിയത്. ഇന്നലെ മേപ്പാടി ശ്മശാനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ചിതയ്ക്കു തീകൊളുത്താന്‍ അഭിജിത്ത് വന്നത്. അതിനുമുന്‍പ് ഒരു കാര്യത്തില്‍ അഭിജിത്ത് വാശിപിടിച്ചു: ചേച്ചിയുടെ മുഖമൊന്ന് കാണണം.
ആരും ആദ്യം തയാറായില്ല. ഒടുവില്‍ അഭിജിത്തിനുവേണ്ടി അവര്‍ ഗ്രീഷ്മയുടെ മുഖത്തെ വെള്ളത്തുണി മാറ്റി. ചേച്ചിയുടെ മുഖം ഒരുനോക്കു കണ്ട അഭിജിത്ത് വീണ്ടും അലറിക്കരഞ്ഞു: എന്റെ ചേച്ചിയുടെ മുഖം ഇങ്ങനെയല്ലായിരുന്നു.' ചിതയിലേക്ക് കൊണ്ടുപോകാന്‍ ചേച്ചി ഗ്രീഷ്മയുടെ വെള്ളപുതച്ച ശരീരം താങ്ങിയെടുക്കുന്നവരോട് പൊട്ടിക്കരഞ്ഞുകൊണ്ട് അനിയന് കുഞ്ഞൂട്ടന് പറഞ്ഞു… "എന്റെ ചേച്ചിയെ ശ്രദ്ധിച്ച് എടുക്കണേ… അവള്‍ക്ക് അത്രയൊന്നും ശക്തിയില്ല." ആ കുടുംബത്തില്‍ ഇനി അവശേഷിക്കുന്ന ഏകയാളാണ് അഭിജിത്ത് എന്ന കുഞ്ഞൂട്ടന്.
ഗ്രീഷ്മയുടെ അന്തിമകര്‍മങ്ങള്‍ക്ക് അഭിജിത്തിനൊപ്പം നിന്നത് ചെറിയച്ഛന്റെ മകന് പ്രണവാണ്. പ്രണവിന്റെ കുടുംബത്തിലും അവന് മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. അമ്മ ശാന്ത, അച്ഛന് നാരായണന്, സഹോദരി പ്രതിഭ എന്നിവരെയും ഉരുള്‍ കൊണ്ടുപോയി.