പത്തനംതിട്ട: അവിഹിതബന്ധം സംശയിച്ച് യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചും കത്തി കൊണ്ട് കുത്തിയും കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിനെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വി സ്‌കൂളിന് സമീപം കിഴക്കേ ചരുവില്‍ വീട്ടില്‍ കെ. ദിനേശ് (46) ആണ് പിടിയിലായത്. യുവതിയുടെ കുടുംബവീട്ടില്‍ ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയാണ് അതിക്രമിച്ചു കയറി പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമിച്ചത്.

വീട്ടിലെ ഹാളില്‍ വച്ച് കൈയില്‍ കരുതിയ പെട്രോള്‍ നിറച്ച കുപ്പി യുവതിയുടെയും വീട്ടുകാരുടെയും ദേഹത്തേക്ക് വീശി ഒഴിക്കുകയായിരുന്നു. കൈയിലിരുന്ന കത്തികൊണ്ട് യുവതിയെ കുത്തിക്കൊല്ലാനും ശ്രമിച്ചു. സിഗരറ്റ് ലാമ്പ് എടുത്ത് കത്തിക്കാന്‍ തുടങ്ങിയപ്പോള്‍ യുവതിയുടെ പിതാവും മകളും മറ്റും ചേര്‍ന്ന് തടയാന്‍ മുതിര്‍ന്നു. പിന്നീട് പ്രതി തലയിലിരുന്ന ഹെല്‍മെറ്റ് എടുത്ത് യുവതിയെ എറിഞ്ഞു തലയ്ക്ക് പരുക്കേല്പിച്ചു. കത്തികൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിച്ച വീട്ടിലെ കാര്‍ ഡ്രൈവര്‍ നിര്‍മലിന്റെ ഇടതുകൈക്കും പരുക്കേറ്റു. വീണ്ടും ഭാര്യയെ കുത്താന്‍ ആഞ്ഞ ദിനേഷിനെ തടഞ്ഞപ്പോള്‍ മകളുടെ കൈക്കും മുറിവ് പറ്റി.

യുവതിയെയും നിര്‍മലിനെയും പ്രതി മര്‍ദ്ദിക്കുകയും ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കൊടുമണ്‍ ജങ്ഷനില്‍ നിന്നും പിടികൂടുകയായിരുന്നു. ശാസ്ത്രീയ അന്വേഷണസംഘവും പോലീസ് ഫോട്ടോഗ്രാഫറും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന്, പ്രതിയുമായി സംഭവസ്ഥലത്തും ഇയാളുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. പെട്രോള്‍ നിറച്ച കുപ്പി, ലൈറ്റര്‍, യുവതിയുടെയും ഇയാളുടെയും വസ്ത്രങ്ങള്‍, ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ എന്നിവ കണ്ടെടുത്തു. പ്രതിയെ പെട്രോള്‍ വാങ്ങിയ കൊടുമണ്ണിലെ പമ്പില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. എ.എസ്.ഐ വിന്‍സെന്റ് സുനില്‍, എസ്.സി.പി.ഓമാരായ തോമസ്, അലക്സ്, സി.പി.ഓ സജീല എന്നിവരും സംഘത്തിലുണ്ട്.