ലക്‌നൗ: ഉത്തര്‍പ്രദേശിലെ 116 പേരുടെ ജീവനെടുത്ത ദുരന്തം വരുത്തിവെച്ചത് അധികൃതരുടെ വീഴ്ച്ചയാണ്. എന്നാല്‍, ഈ ദുരന്തത്തിന് ഉത്തരവാദിയായ സത്‌സംഗ് മതചടങ്ങ് സംഘടിപ്പിച്ച ആള്‍ ദൈവം മുങ്ങി. ഭോലെ ബാബയെ കാണാനില്ലെന്ന് ഉത്തര്‍ പ്രദേശ് പൊലീസ്് പറയുന്നത്. അതേസമയം ബാബയെ അധികൃതര്‍ തന്നെ മുക്കിയതാണെന്നും സൂചനയുണ്ട്. ജനരോഷം ഭയന്നാണ് ഇയാളെ മുക്കിയതെന്ന് സൂചനകളുണ്ട്.

'ബാബ ജിയെ ഞങ്ങള്‍ക്ക് കാമ്പസിനുള്ളില്‍ കണ്ടെത്താനായില്ല … അദ്ദേഹം ഇവിടെ ഇല്ല…' ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ പറഞ്ഞു. നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ ആശ്രമമായ മെയിന്‍പുരി ജില്ലയിലെ രാംകുതിര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ അന്വേഷിച്ചെങ്കിലും 'ഭോലെ ബാബ'യെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, സംഭവം അപകടമാണോ അതോ ഗൂഢാലോചനയാണോ എന്നറിയാന്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഹത്രാസ് സംഭവത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സിക്കന്ദ്‌റ റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫുല്‍റായി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. നാരായണ്‍ സാകര്‍ ഹരി (ഭോലെ ബാബ) എന്ന പ്രാദേശിക ഗുരുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'സത്സംഗ്' ചടങ്ങിനിടെയാണ് തിക്കുംതിരക്കുമുണ്ടായത്. 50,000ത്തിലധികം പേര്‍ ഒത്തുകൂടിയ ചടങ്ങ് അവസാനിച്ചശേഷം ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങുമ്പോഴാണ് ദുരന്തം.

ഭോലെ ബാബ പ്രാര്‍ഥനാ ചടങ്ങിന്റെ വേദി വിടുന്നതിനിടെ ഇയാളെ ദര്‍ശിക്കാനും കാലിനടിയില്‍നിന്ന് മണ്ണ് ശേഖരിക്കാനുമുള്ള തിരക്കില്‍ അടിതെറ്റിയവര്‍ക്കുമേല്‍ ഒന്നിനുപിറകെ ഒന്നായി ആളുകള്‍ വീഴുകയായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി മനോജ് കുമാര്‍ സിംഗ് പറഞ്ഞു. ചെറിയ സ്ഥലത്ത് പരിധിയില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടിയതാണ് അപകട കാരണമെന്ന് സിക്കന്ദ്‌റ റാവു പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ആശിഷ് കുമാര്‍ പറഞ്ഞു. പരിക്കേറ്റവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകളിലും മറ്റു വാഹനങ്ങളിലുമാണ് അടുത്തുള്ള ആശുപത്രികളിലെത്തിച്ചത്. അതിനകം പലരും മരിച്ചിരുന്നു.

സംഭവത്തില്‍ ഇതുവരെ 116 പേര്‍ മരിച്ചതായി ഹത്രാസ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മന്‍ജീത് സിങ് പറഞ്ഞു. ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാറിനൊപ്പം ചീഫ് സെക്രട്ടറിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഡി.ജി.പി പറഞ്ഞു. 80-ലധികം പേര്‍ക്ക് പരിക്കേറ്റതായും അവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും മുതിര്‍ന്ന പൊലീസ് ഓഫിസര്‍ ശലഭ് മാത്തൂര്‍ പറഞ്ഞു.

മൃതദേഹങ്ങള്‍ ആശുപത്രി പരിസരത്ത് നിരത്തിയിട്ടിരിക്കുന്നതും ബന്ധുക്കള്‍ വിലപിക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഹത്രാസ് ജില്ല മജിസ്‌ട്രേറ്റ് ആശിഷ് കുമാര്‍ പറഞ്ഞു. പൊലീസ് സുരക്ഷ ഉണ്ടായിരുന്നുവെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലായിരുന്നുവെന്ന് പറയുന്നു.

ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആഗ്ര അഡീഷനല്‍ ഡി.ജി.പിയെയും അലീഗഢ് ഡിവിഷനല്‍ കമീഷണറെയും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തില്‍ അനുശോചിച്ച യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് എത്രയുംവേഗം സംഭവസ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശിച്ചു. മന്ത്രിമാരായ ലക്ഷ്മി നാരായണ്‍ ചൗധരിയും സന്ദീപ് സിങ്ങും സംഭവസ്ഥലത്തേക്ക് തിരിച്ചു.

ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ ജനിച്ച ഭോലെ ബാബ ഇന്റലിജന്‍സ് ബ്യൂറോയിലെ മുന്‍ ഉദ്യോഗസ്ഥനെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. 26 വര്‍ഷം മുമ്പ് ജോലി ഉപേക്ഷിച്ച് മതപ്രഭാഷണം നടത്താന്‍ തുടങ്ങിയെന്നും അവകാശവാദം ഉന്നയിക്കുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ലക്ഷക്കണക്കിന് അനുയായികളാണ് ഇദ്ദേഹത്തിനുള്ളത്. മറ്റു മത പ്രഭാഷകരില്‍നിന്ന് വ്യത്യസ്തമായി സമൂഹ മാധ്യമ സാന്നിധ്യം ഇല്ലെന്നതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. കോവിഡ് കാലത്ത് 5000 പേരെ പങ്കെടുപ്പിച്ചു പരിപാടി സംഘടിപ്പിച്ചു വിവാദത്തിലായിരുന്നു ഇദ്ദേഹം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദുരന്തത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ് എന്നിവര്‍ അനുശോചിച്ചു.