മലപ്പുറം: അമ്പതിലധികം ഭവന ഭേദനക്കേസുകളിലെ പ്രതിയെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്ത. തൃശ്ശൂര്‍ അണ്ടത്തോട് സ്വദേശി തോട്ടുങ്ങല്‍ സജീര്‍(38)നെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജുവിന്റെ നേതൃത്വത്തില്‍ സി.ഐ. സുമേഷ്, സുധാകരന്‍, എസ്.ഐ.ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ജില്ലയില്‍ ചെറുതും വലുതുമായ ആള്‍താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് രാത്രികളില്‍ വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണക്കേസുകള്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ്മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം രൂപീകരിച്ച് സമാന കേസുകളില്‍ പ്രതിയായവരേയും ജയിലില്‍ നിന്നിറങ്ങി ഒളിവില്‍ പോയവരേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിരവധി മോഷണക്കേസുകളിലെ പ്രതി സജീര്‍ പടപ്പറമ്പ് ഭാഗത്ത് താമസിക്കുന്നതായി സൂചന ലഭിച്ചത്. 2022ല്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവന്ന സജീര്‍ ഗുരുവായൂര്‍, പട്ടാമ്പി, കൊപ്പം,ആലത്തൂര്‍പടി,പടപ്പറമ്പ് എന്നിവിടങ്ങളിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. താമസസ്ഥലത്തിന് സമീപത്ത് നിന്നാണ് സജീറിനെ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്തതില്‍ ഈ വര്‍ഷം ജനുവരി 27ന് പെരിന്തല്‍മണ്ണ തണ്ണീര്‍പന്തല്‍ സ്വദേശിയുടെ വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് നാലരപവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരം രൂപയും ഒരു മൊബൈല്‍ഫോണും മോഷണം പോയതടക്കം ജില്ലയ്ക്കകത്തും പുറത്തുമുള്ള അമ്പതോളം മോഷണങ്ങള്‍ നടത്തിയതായി കണ്ടെത്താന്‍ കഴിഞ്ഞു. 2022ല്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയശേഷം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചിരുന്നു.

ആ സമയത്ത് രാത്രിയില്‍ ബൈക്കില്‍ കറങ്ങിനടന്ന് സമീപപ്രദേശങ്ങളിലെ ആള്‍താമസമില്ലാത്ത വീടുകള്‍ കണ്ടുവച്ച് അര്‍ദ്ധരാത്രിയിലാണ് മോഷണം നടത്തിയിരുന്നത്. ഒന്നോ രണ്ടോ മാസം കഴിഞ്ഞാല്‍ അടുത്ത താമസസ്ഥലത്തേക്ക് മാറുകയാണ് പതിവ്. സജീറിന്റെ പേരില്‍ ജില്ലയിലും പുറത്തും നിരവധി അറസ്റ്റ് വാറന്റുകള്‍ നിലവിലുള്ളതായും പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ പെരില്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു,ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍, എസ്.ഐ. ഷാഹുല്‍ഹമീദ് , സി.പി.ഒ.സല്‍മാന്‍,ജില്ലാആന്റിനര്‍ക്കോട്ടിക്സ്‌ക്വാഡിലെ പി.പ്രശാന്ത്, എം.മനോജ്കുമാര്‍, എന്‍.ടി.കൃഷ്ണകുമാര്‍, കെ.ദിനേഷ്, പ്രഭുല്‍ എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുണ്ടായിരുന്നത്.പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.