- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം; ഗുജറാത്തിലെ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍
അഹ്മദാബാദ്: രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രസംഗത്തിന് പിന്നാലെ ഗുജറാത്തില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. രാഹുല്‍ നടത്തിയത് ഹിന്ദു വിരുദ്ധ പരാമര്‍ശമാണ് എന്നാരോപിച്ചു അഹമ്മദാബാദിലുള്ള കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവന് നേരെ ആക്രമണം നടത്തിയത് വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ്. ഓഫിസിന് നേരെ കല്ലെറിഞ്ഞ അക്രമികള്‍ അവിടെയുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ നശിപ്പിക്കുകയും പോസ്റ്ററുകള്‍ വികൃതമാക്കുകയും ചെയ്തു.
ആക്രമണത്തിന്റെ വിഡിയോ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍.എസ്.എസ് എന്നിവരാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ഗുജറാത്ത് നിയമസഭയിലെ കോണ്‍ഗ്രസ് നേതാവുമായ അമിത് ചാവ്ദ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു.
രാഹുലിന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ സഭാരേഖകളില്‍നിന്ന് നീക്കിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തുകയും ചെയ്തു. സത്യത്തെ നീക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 'മോദിജിയുടെ ലോകത്ത് സത്യത്തെ ഇല്ലാതാക്കാന്‍ കഴിയും. എന്നാല്‍, സത്യത്തെ പുറന്തള്ളാന്‍ കഴിയില്ല എന്നത് യാഥാര്‍ഥ്യമാണ്. എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു, അതാണ് സത്യം. അവര്‍ക്ക് എത്ര വേണമെങ്കിലും നീക്കാന്‍ കഴിയും. സത്യം സത്യമാണ്' -രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തെയും കടന്നാക്രമിക്കുന്ന പ്രസംഗമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ നടത്തിയത്. വിദ്വേഷവും അക്രമവും പരത്തുന്നവരെ ഹിന്ദുക്കളെന്ന് വിളിക്കാനാവില്ലെന്നും മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഹിന്ദു എന്ന് അവകാശപ്പെടുന്നവര്‍ 24 മണിക്കൂറും അക്രമത്തിലും വിദ്വേഷത്തിലും വ്യാപൃതരാകുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പിക്കും മോദിക്കുമെതിരെ രാഹുല്‍ നടത്തിയ രൂക്ഷ വിമര്‍ശനം ഹിന്ദു സമൂഹത്തിനെതിരാണെന്ന രീതിയില്‍ വഴിതിരിച്ചുവിടാന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും ശ്രമം നടത്തിയിരുന്നു. രാഹുല്‍ നടത്തിയ വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ മോദി രണ്ടുതവണ എഴുന്നേറ്റ് നില്‍ക്കുന്ന അപൂര്‍വ കാഴ്ചക്കും ലോക്‌സഭ സാക്ഷ്യം വഹിച്ചു. വിഷയം ഗൗരവമാണെന്നും ഹിന്ദു സമുദായത്തെയാണ് അപമാനിച്ചതെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ആദ്യമെഴുന്നേറ്റത്. ഹിന്ദുസമൂഹം ഒന്നടങ്കം അക്രമാസക്തരാണെന്ന് പറയുന്നത് ഗൗരവമേറിയ വിഷയമാണെന്ന് മോദി പറഞ്ഞു. എന്നാല്‍, താന്‍ സംസാരിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിയെ കുറിച്ചാണെന്നും രാഷ്ട്രീയ സ്വയംസേവക് സംഘും ബി.ജെ.പിയും മൊത്തം ഹിന്ദു സമുദായമല്ലെന്നും രാഹുല്‍ തിരിച്ചടിച്ചു.
എന്നാല്‍, രാഹുലിന് പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തുമെല്ലാം രംഗത്തെത്തി. ഹിന്ദുക്കള്‍ക്കും ഹിന്ദു സമൂഹത്തിനും എതിരെ രാഹുല്‍ മോശം പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. മോദിയും ബി.ജെ.പിയുമല്ല ഹിന്ദുക്കളെന്നാണ് രാഹുല്‍ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ ഹിന്ദു പരാമര്‍ശം വിവാദമാക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. അഗ്‌നിവീര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, പഴയ പെന്‍ഷന്‍ പദ്ധതി തുടങ്ങി രാഹുല്‍ ഉന്നയിച്ച വിഷയങ്ങള്‍ ഇപ്പോഴും സജീവമാണ്. സര്‍ക്കാര്‍ പുതിയതാണെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.