- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാടായി കോളേജിലെ നിയമനവിവാദം: എം.കെ രാഘവന്റെ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്; വീണ്ടും കോലം കത്തിച്ചു
എം.കെ രാഘവന്റെ കുഞ്ഞിമംഗലത്തെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
കണ്ണൂര്‍: മാടായി കോളേജ് നിയമന വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ എം.കെ രാഘവന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചു നടത്തി. ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞിമംഗലം ടൗണില്‍ നടന്ന പ്രകടനം കുതിരുമ്മലിലുള്ള എം.കെ രാഘവന്റെ വീട്ടിലേക്കായിരുന്നു. എം.കെ. രാഘവന്റെ പ്രതീകാത്മകമായ കോലവുമെടുത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറോളം പ്രവര്‍ത്തകര്‍ എം.കെ രാഘവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധപ്രകടനം നടത്തിയത്.
എം.കെ രാഘവന്റെ വീടിനു മുന്നില്‍ പൊലിസ് പ്രകടനം. തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എം.കെ രാഘവന്റെ കോലം വീടിന് മുന്‍പില്‍ വെച്ചു കത്തിച്ചു. നേരത്തെ എം.കെ. രാഘവനെ തടഞ്ഞ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നിയന്ത്രിത സൊസൈറ്റി ഭരിക്കുന്ന മാടായി കോളേജില്‍ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടു പേര്‍ക്ക് ജോലി കൊടുത്ത നടപടി പിന്‍വലിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത അനുരജ്ഞന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കാതെ വഞ്ചിച്ചുവെന്ന് കുഞ്ഞിമംഗലം ബ്‌ളോക്ക് ഭാരവാഹികളും പ്രവര്‍ത്തകരും ആരോപിച്ചു.
അതേസമയം സംഭവത്തില്‍ കുഞ്ഞിമംഗലം, മാടായി ബ്‌ളോക്കില്‍ പ്രവര്‍ത്തകരുടെയും. നേതാക്കളുടെയും രാജി തുടരുന്നത് ജില്ലാ നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. നിയമന വിവാദത്തില്‍ എംകെ രാഘവന്‍ എംപിക്കെതിരെ മാടായി കോളേജില്‍ അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥിയും ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ട്. നിയമനം നടത്തിയത് പണം വാങ്ങിയെന്ന് ഉദ്യോഗാര്‍ത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. രണ്ട് പേര്‍ക്ക് ജോലി വാഗ്ദാനം നല്‍കിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നല്‍കിയിരുന്നു. ഇതേ ആളുകള്‍ക്ക് തന്നെയാണ് ഇന്നലെ കോളേജില്‍ നിയമനം നല്‍കിയത്.
നിയമനം സുതാര്യമെന്ന എംകെ രാഘവന്‍ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാര്‍ത്ഥിയായ ടിവി നിധീഷ് ആരോപിച്ചു. നിയമനം കിട്ടിയവരുടെ ബാങ്ക് അക്കൗണ്ട്, വായ്പ വിവരങ്ങള്‍ പരിശോധിക്കണമെന്നും ക്രമക്കേട് പുറത്തുകൊണ്ടുവരണമെന്നും ടിവി നിധീഷ് ആവശ്യപ്പെട്ടു. പത്തു ലക്ഷത്തിലധികം രൂപ കോഴ വാങ്ങിയാണ് ഇവരെ നിയമിച്ചതെന്നും നിധീഷ് ആരോപിച്ചു. എം.കെ രാഘവനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. മാടായി കോളേജില്‍ തങ്ങള്‍ നല്‍കിയ ലിസ്റ്റില്‍ നിന്നും നിയമനം നടത്താതെ എം.കെ രാഘവന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ നിയമിക്കുകയായിരുന്നുവെന്ന് യുത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ആരോപിച്ചു.