കണ്ണൂര്‍: ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ എല്‍.ഡി.എഫ് പാട്ടും പാടി ജയിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് താനല്ല എം. വി ജയരാജനാണ്. കണ്ണൂര്‍ മഹാത്മ മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരു അദ്ദേഹം.

എ.ഡി.എം കൈക്കൂലി വാങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് ജയരാജന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തോട് ചോദിക്കണം. എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്നയാളാണ് ജയരാജന്‍. ഇവിടെ നിന്നും പാര്‍ട്ടി ഓഫിസിലേക്ക് അത്ര ദൂരമല്ലേയുള്ളു. നിങ്ങള്‍ക്ക് പോയി ചോദിക്കാം നടന്നത് എന്താണെന്ന്. ഓരോ നേതാക്കളും ഓരോന്ന് പറയുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി രീതിയല്ല. പാര്‍ട്ടിയുടെ അഭിപ്രായം ഈ കാര്യത്തില്‍ എം വി ജയരാജന്‍ പറഞ്ഞു അതില്‍ തനിക്കൊന്നും പറയാനില്ലെന്നും ഇ.പി പറഞ്ഞു.

മാര്‍ക്‌സിസം - ലെനിനിസം ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്. ജനക്ഷേമമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഇപി ജയരാജന്‍ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂരിലെയും പത്തനംതിട്ടയിലെയും ജില്ലാ കമ്മിറ്റികള്‍ക്ക് വ്യത്യസ്ത അഭിപ്രായമില്ല. ഈ കാര്യത്തില്‍ ഒരേ അഭിപ്രായമേ പാര്‍ട്ടിക്കുള്ളുവെന്നും ഇപി പറഞ്ഞു.

ചേലക്കരയിലെയും പാലക്കാട്ടെയും ഉപതെരഞ്ഞെടുപ്പുകളെ കുറിച്ച് താന്‍ കണ്ണൂരില്‍ നിന്ന് അഭിപ്രായം പറയുന്നത് ശരിയല്ല. ജനവിധി എന്തായാലും സംസ്ഥാന സര്‍ക്കാരിനെ ബാധിക്കില്ല. 138 മണ്ഡലങ്ങളിലെയും ജനവിധി രണ്ട് ഉപതിരഞ്ഞെടുപ്പുകളുമായി സാമാന്യവല്‍കരിക്കാന്‍ കഴിയില്ല. ചേലക്കരയില്‍ എല്‍.ഡി.എഫ് പാട്ടുപാടി ജയിക്കും. പാലക്കാടും വയനാടും നേട്ടമുണ്ടാക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. കെ.മുരളീധരനെ കുറിച്ച് എ.കെ ബാലന്‍ പറഞ്ഞതിനെ കുറിച്ച അദ്ദേഹത്തോട് പോയി ചോദിക്കണമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.