- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണം; മുന്‍ ചീഫ് സെക്രട്ടറി വി പി ജോയിക്ക് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശം; സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അധികമായി കൈപ്പറ്റിയത് 20 ലക്ഷം രൂപ; കേരള സര്‍ക്കാര്‍ നടപടി എടുക്കാതിരുന്നപ്പോള്‍ 35 ലക്ഷം തിരിച്ചു പിടിക്കാന്‍ എ.ജിയുടെ റിമൈന്‍ഡര്‍
പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണം
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി പുനര്‍ നിയമനത്തില്‍ ചട്ടവിരുദ്ധമായി അധികമായി കൈപ്പറ്റിയ 35 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശം. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ചതിനു തൊട്ടു പിന്നാലെ 2023 ജൂലൈയില്‍ വി. പി. ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ തസ്തിക സൃഷ്ടിച്ചു പുനര്‍ നിയമിച്ചിരുന്നു.
ഐ എ എസ് ഉദ്യോഗസ്ഥരെ വിരമിക്കലിനു ശേഷം പുനര്‍ നിയമിക്കുമ്പോള്‍ പാലിക്കേണ്ട ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടങ്ങളും ഡി എ സംബന്ധിച്ച കേരള സര്‍വീസ് ചട്ടങ്ങളും ലംഘിച്ചാണ് വി.പി. ജോയി പുനര്‍ നിയമന തസ്തികയില്‍ അധിക ശമ്പളവും ഡി എയും കൈപ്പറ്റിയതെന്നു എജി കണ്ടെത്തിയിരുന്നു. ഇതനുസരിച്ച് 2024 ജൂലൈ വരെയുള്ള കണക്കില്‍ 19.37 ലക്ഷം രൂപ വി.പി. ജോയിയില്‍ നിന്നു തിരിച്ചു പിടിക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് 2025 ജൂലൈ വരെയുള്ള കണക്കില്‍ 35 ലക്ഷം രൂപ തിരിച്ചു പിടിക്കാന്‍ നിര്‍ദേശിച്ച് എ. ജി. കേരള സര്‍ക്കാരിനു റിമൈന്‍ഡര്‍ അയക്കുകയാണ് ഉണ്ടായത്. വി.പി. ജോയിയുടെ പുനര്‍ നിയമനത്തില്‍ ഡി.എ. സംബന്ധിച്ച കേരള സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ലെന്ന വിശദീകരണം കേരള സര്‍ക്കാര്‍ നല്‍കിയെങ്കിലും എ.ജി. നിരാകരിച്ചു. ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടലംഘനത്തെ കുറിച്ചു കേരള സര്‍ക്കാര്‍ വിശദീകരിച്ചതുമില്ല.
ഐ എ എസ് ഉദ്യോഗസ്ഥരെ വിരമിക്കലിനു ശേഷം പുനര്‍ നിയമിക്കുമ്പോള്‍ പെന്‍ഷനും പുതിയ തസ്തികയിലെ ശമ്പളവും ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ അവസാനം കൈപ്പറ്റിയ ശമ്പളത്തേക്കാള്‍ കൂടാന്‍ പാടില്ലെന്നാണ് ഓള്‍ ഇന്ത്യാ സര്‍വീസ് ചട്ടം. പുനര്‍ നിയമനത്തില്‍ ശമ്പളത്തിലും പെന്‍ഷനിലും ഒരേ സമയം ക്ഷാമബത്ത ഉള്‍പ്പെടുത്തരുതെന്നു കേരള സര്‍വീസ് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.
ഈ വ്യവസ്ഥകള്‍ ലംഘിച്ച് ശമ്പള ഇനത്തില്‍ 1. 125 ലക്ഷം രൂപയും ഡി എ ഇനത്തില്‍ 56,250 രൂപയുമാണ് വി. പി. ജോയി പ്രതിമാസം അനര്‍ഹമായി കൈപ്പറ്റുന്നത്. എജി നിര്‍ദേശമുണ്ടായിട്ടും തുക തിരികെ പിടിക്കാന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല.
പൊതുഭരണവകുപ്പില്‍ എജി നടത്തിയ പരിശോധനയിലാണ് വി പി ജോയി അനധികൃതമായ പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയത്. മറ്റ് പല വകുപ്പിലും സമാന സാഹചര്യമുണ്ട്. നിലവില്‍ പൊതുഭരണ വകുപ്പില്‍ മാത്രമായി പരിശോധന ഒതുങ്ങിയതു കൊണ്ടാണ് ഒരു കേസില്‍ മാത്രം എജി നിലപാട് എടുക്കുന്നത്.
ഓള്‍ ഇന്ത്യ സര്‍വീസില്‍ നിന്ന് വിരമിച്ച ഓഫീസര്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പുനര്‍നിയമനം നേടിയാല്‍ പെന്‍ഷനും പുതിയ ജോലിയിലെ ശമ്പളവും ചേര്‍ന്ന തുക സര്‍വീസില്‍ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാള്‍ കുറവാകണം എന്നാണ് ചട്ടം. പല മുന്‍ ചീഫ് സെക്രട്ടറിമാരും വാങ്ങുന്ന ലക്ഷങ്ങളുടെ കണക്ക് പൊതു സമൂഹത്തില്‍ ചര്‍ച്ചയായി എത്തിയതുമാണ്. വിരമിച്ചവര്‍ക്കുള്ള ശമ്പളത്തിന്റെ ചട്ടം അറിഞ്ഞിട്ടും സര്‍ക്കാര്‍ ഇവര്‍ക്ക് കൂടുതല്‍ തുക നല്‍കുന്നു.
ഇത് തെളിയിക്കുന്നതാണ് മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയില്‍ അധിക വേതനം കൈപ്പറ്റുന്നുവെന്ന എജി കണ്ടെത്തല്‍. പുതിയ ജോലിയില്‍ അലവന്‍സുകള്‍ക്ക് പുറമെ 2.25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി ജോയി കൈപ്പറ്റിയുരുന്നു. കൂടാതെ മാസം 112500 രൂപ പെന്‍ഷനുമുണ്ട്. മാസം തോറും 1,12,500 രൂപ അധികമെന്നാണ് എ ജി കണ്ടെത്തല്‍. പുനര്‍നിയമനം നേടുന്നവര്‍ക്ക് ക്ഷാമാശ്വാസം കൈപ്പറ്റാന്‍ അര്‍ഹത ഇല്ല. എന്നാല്‍ പുതിയ ജോലിയില്‍ പ്രതി മാസം 51750 രൂപ വീതം ക്ഷാമാശ്വാസം തുടക്കത്തിലും, 56250 രൂപ വീതം പിന്നീടും ജോയി കൈപ്പറ്റി.
ഇത് പെന്‍ഷനൊപ്പം വാങ്ങുന്ന ക്ഷമ ബത്തക്ക് പുറമെയാണ്. ഇങ്ങനെ 2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെ അനധികൃതമായി 19. 37 ലക്ഷം രൂപ ജോയി അധിക ശമ്പളവും അനുകൂല്യവുമായി വാങ്ങിയിട്ടുണ്ടെന്ന് എ ജി കണ്ടെത്തി. ഇതേപ്പറ്റി വ്യക്തമായ വിശദീകരണം ജി എ ഡി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എജി റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനും അംഗങ്ങള്‍ക്കുമുള്ള ശമ്പളത്തിന് സര്‍ക്കാര്‍ പാസാക്കിയ നിയമം വഴിയുള്ള ശമ്പളം മാത്രമാണ് താന്‍ കൈപ്പറ്റുന്നതെന്നായിരുന്നു ജോയി വിശദീകരിച്ചത്. എന്നാല്‍, എ ജി റിമൈന്‍ഡര്‍ അയച്ചതോടെ ഈ വാദങ്ങളും പൊളിയുകയാണ്.