തിരുവനന്തപുരം: വിഴിഞ്ഞത്തിനു പിന്നാലെ സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങൾ അദാനിക്ക് തീറെഴുതാൻ സർക്കാർ. വിഴിഞ്ഞത്ത് വമ്പൻ കപ്പലുകളിലെത്തിക്കുന്ന ചരക്കുകൾ ചെറുകിട തുറമുഖങ്ങളിലൂടെ എല്ലാ നഗരങ്ങളിലുമെത്തിക്കുന്ന പദ്ധതി ഇതിനായി അദാനി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് അനുസൃതമായ നയം സർക്കാർ രൂപപ്പെടുത്തുകയായിരുന്നു. അടിസ്ഥാനസൗകര്യ വികസനത്തിന് കൂടുതൽ സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനെന്ന പേരിലാണ് തുറമുഖങ്ങളെല്ലാം അദാനിക്ക് തീറെഴുതുന്നത്.

പ്രധാന ചെറുകിട തുറമുഖങ്ങളായ വിഴിഞ്ഞം, കൊല്ലം,ബേപ്പൂർ,അഴീക്കൽ തുറമുഖങ്ങളുടെ വികസനത്തിന് പ്രഥമപരിഗണന നൽകിക്കൊണ്ടുള്ള നിക്ഷേപ പദ്ധതികൾക്കാണ് മുൻഗണന. അദാനി കൂടുതൽ താത്പര്യം കാട്ടുന്നതും ഈ തുറമുഖങ്ങൾക്കാണ്. കേരള മാരിടൈം ബോർഡിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസങ്ങളിൽ ദുബായിൽ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുകഴിഞ്ഞു. തുറമുഖങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളിൽ നിക്ഷേപം നടത്താൻ നാൽപ്പതോളം വ്യവസായികളാണ് താത്പര്യം അറിയിച്ചിരിക്കുന്നത്.

അതിൽ ഇരുപതോളം നിക്ഷേപകരോട് പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശ ചരക്കുനീക്കത്തിന് വലിയ സാദ്ധ്യതകളുള്ള കൊല്ലം തുറമുഖത്തിന്റെ അടിസ്ഥാനസൗകര്യ വികസനമാകും മാരിടൈം ബോർഡ് ആദ്യം പരിഗണിക്കുക. ബേപ്പൂർ തുറമുഖ വികസനത്തിനായി നിക്ഷേപം ആകർഷിക്കുന്നതിനാണ് രണ്ടാമതായി പരിഗണന നൽകുക. ബേപ്പൂരിൽ ആഴംകൂട്ടുന്നതിനുള്ള ഡ്രെഡ്ജിങ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. മലബാറിൽ നിന്നുള്ള കയറ്റുമതി-ഇറക്കുമതി വ്യവസായികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ബേപ്പൂർ തുറമുഖത്തിന്റെ വികസനം. ഇതെല്ലാം അദാനിക്ക് താത്പര്യമുള്ള പദ്ധതികളാണ്.

തുറമുഖ, വിനോദസഞ്ചാര മേഖലയിൽ 50,000 കോടി രൂപയുടെ നിക്ഷേപമാണ് ആന്ധ്രാപ്രദേശ് സർക്കാർ ബിസിനസ് കോൺക്ലേവ് നടത്തി യു.എ.ഇയിലെ വ്യവസായികളിൽ നിന്ന് 2018ൽ നേടിയെടുത്തത്. ഇതേ മോഡലിലാണ് കേരളവും യു.എ.ഇയിൽ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചത്. മലയാളികളുമായി നിരന്തരം അടുപ്പമുള്ള യു.എ.ഇ വ്യവസായികളിൽ നിന്നും വലിയ തോതിലുള്ള നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നത്. തുറമുഖങ്ങളിലെ വൻകിടപദ്ധതികൾക്കാണ് അദാനി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കോസ്റ്റൽ ഷിപ്പിങ്, ക്രൂസ് ഷിപ്പിങ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റുകൾ, വെയർഹൗസുകൾ, ഫിഷ് ഇംപോർട്ട് ആൻഡ് പ്രോസസിങ് ഇൻസ്റ്റിറ്റ്യൂട്ട് , എൽ.പി.ജി ടെർമിനൽ, സീപ്ലെയിൻ തുടങ്ങിയവ നടപ്പാക്കാൻ അദാനി താത്പര്യമറിയിച്ചിട്ടുണ്ട്.

അഴീക്കൽ തുറമുഖത്തെ 4000 കണ്ടെയ്‌നറുകളെത്തുന്ന വലിയ തുറമുഖമാക്കി വികസിപ്പിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. കണ്ടെയ്‌നർ നീക്കം വർദ്ധിപ്പിക്കാൻ ചരക്കുകടത്തിനുള്ള സബ്‌സിഡി കിലോയ്ക്ക് ഒരു രൂപയിൽ നിന്ന് മൂന്നുരൂപയാക്കി വർദ്ധിപ്പിച്ചു. തുറമുഖത്തിന് സമീപത്തായി വ്യവസായപാർക്ക്, പ്രത്യേക സാമ്പത്തിക മേഖല, ഫ്രീ ട്രേഡ് മേഖല എന്നിവ സ്ഥാപിക്കും.

തുറമുഖ വികസനത്തിന് ആഗോള ടെൻഡർ വിളിക്കും. പാരിസ്ഥിതിക പഠനത്തിന് കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്. ഇതിന് ഒരുവർഷമെടുക്കും. തുറമുഖ വികസനത്തിന് 500കോടിയുടെ പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. തുറമുഖത്തിന്റെ ആഴം കൂട്ടിയ ശേഷം മലേഷ്യൻ കപ്പൽ അഴീക്കലിൽ നിന്ന് കണ്ടെയ്‌നർ നീക്കം നടത്തിയിരുന്നു. ഇതെല്ലാം ഏറ്റെടുക്കാൻ അദാനി പദ്ധതി തയ്യാറാക്കുകയാണ്.