- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്ലു ഹിന്ദു ഗ്രൂപ്പില്‍ പിടി വീഴാതിരിക്കാന്‍ മല്ലു മുസ്ലീം ഗ്രൂപ്പ്; ആദ്യം ആഡ് ചെയ്തത് അദിലാ അബ്ദുളള ഐഎഎസിനെ; എന്താ ഗോപാല്‍ ഇതെന്ന ചോദ്യത്തിന് എന്നോട് ഇത്തരമൊരു ഗ്രൂപ്പുണ്ടാക്കാന്‍ ആവശ്യപ്പെട്ടെന്ന് മറുപടി; ആ സ്‌ക്രീന്‍ ഷോട്ടുമായി അദിലാ അബ്ദുള്ള പരാതി നല്‍കിയത് നിര്‍ണ്ണായകം; പിന്നാലെ പോലീസില്‍ 'ഹാക്ക്' പരാതി നല്‍കി ഗോപാലകൃഷ്ണനും; ഞെട്ടിക്കുന്ന വസ്തുതകള്‍ മറുനാടന്‍ പുറത്തു വിടുന്നു
തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരണത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണന് കുരുക്കായി മാറിയത് 'മല്ലു മുസ്ലീം ഓഫ്' എന്ന ഗ്രൂപ്പിന്റെ രൂപീകരണം. ആദ്യം മല്ലു ഹിന്ദു ഓഫ് എന്ന ഗ്രൂപ്പാണുണ്ടാക്കിയത്. ഇത് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ ഗോപാലകൃഷ്ണനും പ്രശ്‌നത്തിന്റെ ഗൗരവം പിടികിട്ടിയെന്നാണ് സൂചന. പിന്നാലെ മല്ലു മുസ്ലീം ഗ്രൂപ്പ് ഉണ്ടായി. ഇതിന്റെ അഡ്മിനും ഗോപാലകൃഷ്ണനാണ്. ഈ ഗ്രൂപ്പില്‍ ആദ്യം ചേര്‍ത്തത് അദിലാ അബ്ദുള്ള എന്ന ഐഎഎസുകാരിയെയാണ്. ഗ്രൂപ്പ് ശ്രദ്ധയില്‍ പെട്ടതും അദില്ല മറു ചോദ്യം അഡ്മിനോട് ചോദിച്ചു. എന്താണ് ഇതെന്നായിരുന്നു ഇഗ്ലീഷിലുള്ള ചോദ്യം. എന്നാല്‍ എന്നോട് ഇത്തരത്തിലൊന്ന് തുടങ്ങാന്‍ ആവശ്യപ്പെട്ടു എന്ന സന്ദേശമാണ് അഡ്മിന്റെ ഫോണില്‍ നിന്നും അദിലാ അബ്ദുള്ളയ്ക്ക് ലഭിച്ചത്. അവര്‍ ഇത് ഗൗരവത്തിലെടുത്തു. സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതിയും നല്‍കി. ഈ പരാതിയും മറുപടിയും ഗോപാലകൃഷ്ണന് വിനയാകും. ഇതിന് ശേഷമാണ് തന്റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന പരാതിയുമായി ഗോപാലകൃഷ്ണന്‍ പോലീസിന് മുന്നിലെത്തിയത്. ഇതിന് പിന്നിലും ദൂരൂഹത കാണുകയാണ് സര്‍ക്കാരും പോലീസും.
അദിലാ അബ്ദുള്ളയുടെ പരാതി കൂടി കണക്കിലെടുത്താണ് അതിവേഗ അന്വേഷണത്തിന് മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഗോപാലകൃഷ്ണന്‍ പോലീസിന നല്‍കിയ മൊഴി കളവാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ഉടന്‍ ആഭ്യന്തര വകുപ്പിന് തിരുവനന്തപുരം കമ്മീഷണര്‍ കൈമാറും. ഇതോടെ ഗോപാലകൃഷ്ണനെതിരെ നടപടിയും വരും. വിഴിഞ്ഞം തുറമുഖ കമ്പനി എംഡിയായിരുന്നു മുമ്പ് ഗോപാലകൃഷ്ണന്‍. എന്നാല്‍ അദാനി പോര്‍ട്ടുമായുള്ള പ്രശ്‌നങ്ങള്‍ കാരണം ആ ചുമതലയില്‍ നിന്നും പുറത്തായി. പിന്നീട് വ്യവസായ വകുപ്പ് ഡയറക്ടറായി ഈ തമിഴ്‌നാട്ടുകാരന്‍. കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഹിന്ദു മല്ലു ഓഫ് എന്ന ഗ്രൂപ്പുണ്ടാക്കിയതെന്നും അത് പിടിക്കപ്പെടുമെന്ന സാഹചര്യം വന്നപ്പോള്‍ മല്ലു മുസ്ലീം ഓഫ് എന്ന ഗ്രൂപ്പു കൂടി ഗോപാലകൃഷ്ണന്‍ ഉണ്ടാക്കുകയായിരുന്നുവെന്നുമുള്ള വാദം ശക്തമാണ്. ഇതിലെ സൂചനകളാണ് പോലീസ് റിപ്പോര്‍ട്ടിലുമുള്ളത്. ഏതായാലും അദിലാ അബ്ദുള്ളയുടെ പരാതിയും സ്‌ക്രീന്‍ ഷോട്ടും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി മാറും.
മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെ നടപടി അനിവാര്യമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ശാരധാ മുരളീധരന്റെ നിലപാട് നിര്‍ണ്ണായകമാകും. വിവാദത്തില്‍ ഐഎഎസിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോണ്‍ ഹാക്ക് ചെയ്തുവെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെന്നാണ് അന്വേഷണ കണ്ടെത്തല്‍. മൊഴിയിലും ഇതേ കാര്യങ്ങളാണ് ഐഎഎസുകാരന്‍ ആരോപിച്ചത്. എന്നാല്‍ ബോധപൂര്‍വ്വം ആരോ ഗ്രൂപ്പുണ്ടാക്കിയതാണ്. ഗോപാലകൃഷ്ണന്റെ ഫോണില്‍ മറ്റൊരാളുടെ ഇടപെടല്‍ സാധ്യതയും പോലീസ് കാണുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് അതിവേഗം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഇതോടെ സര്‍ക്കാരിന്റെ അടുത്ത നടപടിയും ഉടന്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതിനിടെ സംഭവത്തില്‍ സര്‍ക്കാരിന് ഗോപാലകൃഷ്ണന്‍ നേരിട്ട് വിശദീകരണം നല്‍കിയിട്ടുണ്ട്.
അന്വേഷണത്തില്‍ ഫോറന്‍സിക് ഫലം നിര്‍ണ്ണായകമാണ്. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍, ഡിജിപി എസ്.ദര്‍വേശ് സാഹിബിനു റിപ്പോര്‍ട്ട് നല്‍കി. രണ്ട് പരിശോധനാ ഫലങ്ങള്‍ ചേര്‍ത്താണ് വസ്തുതാ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കെ.ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകളും പരിശോധിച്ച ഫൊറന്‍സിക് ലാബ് അധികൃതരാണ് റിപ്പോര്‍ട്ട് പൊലീസിന് നല്‍കിയത്. ഐ ഫോണ്‍ അടക്കം ഗോപാലകൃഷ്ണന്‍ ഉപയോഗിച്ച 2 ഫോണുകളാണ് പൊലീസ് പരിശോധനയ്ക്കു കൈമാറിയത്. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് ഗോപാലകൃഷ്ണന്‍ പൊലീസിനു നല്‍കിയത്. ഈ സാഹചര്യത്തില്‍ ഹാക്കിങ് നടന്നതായി കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഫോണ്‍ ഹാക്ക് ചെയ്തതായി തെളിവില്ലെന്ന് മെറ്റ കമ്പനി അധികൃതരും പൊലീസിനെ അറിയിച്ചിരുന്നു. ഇതോടെ ഗോപാലകൃഷ്ണന്‍ പ്രതിസന്ധി കുരുക്കിലാകും. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയാല്‍ ചീഫ് സെക്രട്ടറി പരിശോധിക്കും. അതിന് ശേഷം നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കും.
ഫോണില്‍ ഹാക്കിംഗ് നടന്നിട്ടില്ല. ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകുന്നത് ഗോപാലകൃഷ്ണന്റെ ഫോണില്‍ ഒരുതരത്തിലും ഉള്ള കൃത്രിമം പുറത്തുനിന്ന് നടന്നിട്ടില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ ഗോപാലകൃഷ്ണനെതിരെ വകുപ്പുതല നടപടിക്ക് സാധ്യത കൂടി. ഗോപാലകൃഷ്ണന്‍ തന്നെ ഉണ്ടാക്കിയതാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഐപി അഡ്രസ്സ് പരിശോധിനയും തെളിയിക്കുന്നത് ഇതാണ്. ഫോണ്‍ ഹാക്ക് ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള മറ്റ് ആപ്ലിക്കേഷന്‍സുകള്‍ ഒന്നും തന്നെ ഗോപാലകൃഷ്ണന്റെ ഫോണില്‍ ഉണ്ടായിരുന്നില്ല. ഗോപാലകൃഷ്ണന്‍ കൈവശം വച്ചിരുന്ന രണ്ട് ഫോണുകളുടെയും എല്ലാ ആപ്ലിക്കേഷന്റെയും ലിസ്റ്റ് പോലീസ് ശേഖരിച്ചിരുന്നു. ഫോണ്‍ ഹാക്ക് ചെയ്യണമെങ്കില്‍ ഇ.എക്‌സ്. ഇ ഫയലുകള്‍ ഏതെങ്കിലും ഒന്ന് വേണം. അതൊന്നും ഉണ്ടായിട്ടില്ല.
ഇന്റേണല്‍ പ്രോട്ടോകോള്‍ ഡാറ്റ ട്രാന്‍സ്ഫര്‍ അനാലിസിസ് മുഖാന്തരം നടത്തിയ അന്വേഷണത്തിലും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്ന് തെളിഞ്ഞുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഗോപാലകൃഷ്ണന്റെ ഫോണില്‍നിന്ന് ഡേറ്റ ട്രാന്‍സ്ഫര്‍ ഒന്നും തന്നെ നടന്നിട്ടില്ലെന്നും പോലീസ് പറയുന്നു. ഇത് ആദ്യമായാണ് കേരള പോലീസില്‍ ഇത്തരമൊരു സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്തിയത്. ഒക്ടോബര്‍ 30നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടത്. ദീപാവലി ദിവസം ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണു താന്‍ അഡ്മിന്‍ ആയി വാട്‌സാപ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് അറിഞ്ഞതെന്നാണു ഗോപാലകൃഷ്ണന്റെ മൊഴി.
ആദ്യം പേടിച്ചുപോയി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് ഓണ്‍ ചെയ്ത് ഗ്രൂപ്പുകള്‍ നീക്കംചെയ്തു. ഹിന്ദു, മുസ്ലിം എന്നീ പേരുകളിലടക്കം ഒട്ടേറെ ഗ്രൂപ്പുകളുണ്ടായിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്താണ് മതാടിസ്ഥാനത്തില്‍ വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്നാണ് ഗോപാലകൃഷ്ണന്റെ പരാതി. ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട് 4 ദിവസം കഴിഞ്ഞാണ് ഗോപാലകൃഷ്ണന്‍ പരാതി നല്‍കിയത്. ഹിന്ദു, മുസ്ലിം എന്നീ പേരുകളിലടക്കം ഗ്രൂപ്പുകള്‍ ഹാക്കര്‍മാര്‍ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. ഇതിന് തെളിവില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.