- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത് കുമാറിനൊപ്പം സന്നിധാനത്തേക്ക് ആ പോലീസ് ട്രാക്ടറില്‍ പോയത് രണ്ടു പേര്; തിരിച്ചു വന്നപ്പോള്‍ മറ്റൊരാളും കൂടെയുണ്ടായിരുന്നു; മുതിര്‍ന്ന ഐ പി എസുകാരനെ വെറുമൊരു ആളാക്കി പോലീസ് എഫ് ഐ ആര്‍; കേസില്‍ പ്രതി കെ എല്‍ 01 സി എന്‍ - 3056 എന്ന ട്രാക്ടര്‍ ഡ്രൈവര്‍ മാത്രം; കേസെടുത്തത് ഹൈക്കോടതിയെ ഭയന്നെന്ന് വ്യക്തം; ആ വിചിത്ര എഫ് ഐ ആര്‍ മറുനാടന്‍ പുറത്തു വിടുന്നു
കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്രയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പമ്പാ പോലീസ്. ഹൈക്കോടതിയില്‍ നിന്നും എംആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയ്‌ക്കെതിരെ രൂക്ഷ പ്രതികരണങ്ങള്‍ വന്നിരുന്നു. ഇതിനിടെയാണ് കേസെടുത്തത്. ശബരിമല ദര്‍ശനത്തിന് എത്തിയപ്പോഴാണ് നിയമം ലംഘിച്ച് എഡിജി ട്രാക്ടര്‍ യാത്ര നടത്തിയത്. എന്നാല്‍ ഡ്രൈവര്‍ മാത്രമാണ് പോലീസ് കേസില്‍ പ്രതി. ഈ വിഷയത്തില്‍ പത്തനംതിട്ട പോലീസ് മേധാവിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയില്‍ പോലീസ് കേസെടുക്കുന്നത്. ഹൈക്കോടതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് അറിയിക്കാനാണ് ഇതെല്ലാം.
കെ എല്‍ 01 സി എന്‍ - 3056 എന്ന ട്രാക്ടര്‍ ഡ്രൈവറാണ് പ്രതി. സ്വമേധയാ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ പേരും എഫ് ഐ ആറില്‍ ഇല്ല. എഡിജിപിയെ കുറിച്ചും പരാമര്‍ശിക്കുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പമ്പ-സന്നിധാനം പാതയില്‍ ചരക്ക് കയറ്റി കൊണ്ടു പോകുന്നതിന് മാത്രം അനുമതിയുള്ള ട്രാക്ടറില്‍ ആളുകളെ കൊണ്ടു പോകുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെ ഇരിക്കെ 12-ാം തീയതി മൂന്ന് ആള്‍ക്കാരെ കയറ്റി മനുഷ്യജീവന് ആപത്ത് വരത്തക്ക വിധം സന്നിധാനത്തേക്ക് പോയി. 13ന് ഉച്ചയ്ക്ക് രണ്ടു പേരെ കയറ്റി പമ്പയിലേക്കും വന്നു. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും എഫ് ഐ ആറില്‍ പറയുന്നു. പോലീസ് ട്രാക്ടറാണ് ഇതെന്ന കാര്യം എഫ് ഐ ആറില്‍ പറയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. പമ്പ ഇന്‍സ്‌പെക്ടര്‍ സികെ മനോജാണ് കേസെടുത്തത്. ഇതോടെ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര പോലീസും സ്ഥിരീകരിക്കുകയാണ്. എന്നാല്‍ അജിത് കുമാറിന്റെ പേര് പറയുന്നുമില്ല.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര നടത്തിയ എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുവെന്ന് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ എത്തിയിരുന്നു. ട്രാക്ടര്‍ യാത്ര വിവാദമായതിനെ തുടര്‍ന്ന് ഹൈക്കോടതിക്ക് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. നവഗ്രഹ പ്രതിഷ്ഠയ്ക്കായി ശബരിമല നട തുറന്നപ്പോഴാണ് എഡിജിപി ദര്‍ശനത്തിനായി എത്തിയത്. ഈ മാസം 12ന് സന്നിധാനത്തേക്ക് പൊലീസിന്റെ ട്രാക്ടറില്‍ പോയ എം.ആര്‍. അജിത്കുമാര്‍ 13ന് രാവിലെ തിരിച്ചിറങ്ങിയതും ട്രാക്ടറില്‍ തന്നെയാണ്. ഇക്കാര്യത്തില്‍ ദേവസ്വം വിജിലന്‍സിനോട് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറില്‍ ആളെ കയറ്റാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുളളപ്പോഴാണ് എഡിജിപി അതു ലംഘിച്ച് മലകയറിയത്. ചരക്കുനീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. മുമ്പും ശബരിമലയിലെത്തുമ്പോള്‍ എഡിജിപി സമാനരീതിയില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം.
പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിച്ചതാണ്. വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്. ഇവിടെനിന്ന് സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ സിസിടിവിയിലും യാത്രയുണ്ടെന്നാണ് പോലീസ് എഫ് ഐ ആര്‍. സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി. അവിടെ എഡിജിപി ഇറങ്ങി. പിന്നീട് നടന്നാണ് പോയത്. യു ടേണ്‍ മുതല്‍ ദേവസ്വംബോര്‍ഡിന്റെ സിസിടിവി ക്യാമറയുണ്ട്. ഞായറാഴ്ച നവഗ്രഹ പ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം എഡിജിപി, വൈകീട്ടോടെ ചെരിപ്പ് സൂക്ഷിക്കുന്ന സ്ഥലത്ത് എത്തി ട്രാക്ടറില്‍ പമ്പയിലേക്ക് തിരിച്ചു. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒന്നാം വളവില്‍ത്തന്നെ വന്നിറങ്ങി പമ്പയിലേക്ക് നടന്നു.
എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ ഫോട്ടോ ഒരാള്‍ എടുത്തതാണ്, വിഷയം ഹൈക്കോടതിവരെ എത്താനിടയാക്കുന്നത്. സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് രഹസ്യമായി ഫോട്ടോ അയച്ചുകൊടുത്തെന്നാണ് വിവരം. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കാനാണ് കയറാനും ഇറങ്ങാനും നിശ്ചിതസ്ഥലങ്ങള്‍ തിരഞ്ഞെടുത്തതെന്നാണ് സൂചന. അയ്യപ്പന്‍മാരെ കസേരയിലിരുത്തി ചുമത്ത് സന്നിധാനത്തെത്തിക്കുന്ന ഡോളി തൊഴിലാളികളാണ്, ട്രാക്ടറുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് 12 വര്‍ഷം മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജിയായി എത്തിച്ചത്. പണം വാങ്ങി സ്വാമിമാരെ കൊണ്ടുപോകുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നു എന്നായിരുന്നു അവരുടെ വാദം. ട്രാക്ടര്‍ യാത്രാവാഹനമല്ലാത്തതും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.