ലണ്ടന്‍: ഒരാഴ്ച മുന്‍പ് , ജനുവരി 29 നു എയര്‍ ഇന്ത്യ ലണ്ടന്‍ - കൊച്ചി സര്‍വീസ് നിര്‍ത്തലാക്കുകയാണ് എന്ന് മറുനാടന്‍ മലയാളി ലോകത്തോട് ആദ്യമായി വിളിച്ചു പറയുമ്പോള്‍ ആ വാര്‍ത്തയ്ക്ക് സാധൂകരണം നല്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് പോലും സാധികാത്ത അവസ്ഥ ആയിരുന്നു . കാരണം എയര്‍ ഇന്ത്യ ഔദ്യോഗികമായി അക്കാര്യം സിയാല്‍ അധികൃതരോട് പറഞ്ഞിട്ടില്ല എന്നത് തന്നെ . മധ്യ വേനല്‍ അവധിക്കായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നോക്കിയപ്പോള്‍ വിമാനം കണ്ടെത്താനാകാതെ പോയവര്‍ വിവരം അനുസരിച്ചു നടത്തിയ അന്വേഷണമാണ് യുകെയിലെ അനേകായിരം മലയാളികളക്ക് ആശ്രയമായ വിമാനം നഷ്ടമാകുകയാണ് എന്ന എസ്‌ക്ലൂസിവ് വാര്‍ത്ത പുറത്തു വിടാന്‍ കാരണമായത് . ഇക്കാര്യത്തിന് ലണ്ടനിലെ എയര്‍ ഇന്ത്യ സെയ്ല്‍സ് വിഭാഗം അടക്കം അനൗദ്യോഗികമായ സ്ഥിരീകരണം നല്‍കിയതോടെയാണ് വാര്‍ത്ത പുറത്തു വിട്ടത് .

എന്നാല്‍ മണിക്കൂറുകള്‍ക്കകം മലയാളികളുടെ പ്രിയപ്പെട്ട മാധ്യമ ലോകം ഒന്നാകെ ഈ വാര്‍ത്ത ഏറ്റെടുത്തതോടെ കഴിഞ്ഞ നാലഞ്ച് ദിവസമായി വിമാനം നഷ്ടമാകുന്നതിന്റെ പ്രത്യഘാതങ്ങളും ചര്‍ച്ചയായി . കാര്യത്തിന്റെ ഗൗരവം ഏറ്റെടുത്ത കേരളത്തില്‍ നിന്നും ഉള്ള ഒട്ടുമിക്ക എംപിമാരും കേന്ദ്ര വ്യോമയാന മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തി . രാഷ്ട്രീയ മൈലേജ് ഉണ്ടെന്നു വക്തമായതോടെ കേരള സര്‍ക്കാരും ഉണര്‍ന്നു . ഡല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധി കെവി തോമസിന് എയര്‍ ഇന്ത്യയുമായും കേന്ദ്ര വ്യോമയാന മന്ത്രാലയവുമായും സംസാരിക്കാന്‍ തിരുവന്തപുരത്തു നിന്നും നിര്‍ദേശമെത്തി . യുകെ മലയാളികള്‍ക്കൊപ്പം സിയാലിന്റെ ഏറ്റവും തന്ത്രപ്രധാനമായ സര്‍വീസ് നഷ്ടമാകുന്നു എന്നത് സിയാല്‍ ഓഹരി ഉടമകള്‍ അടക്കമുള്ളവര്‍ക്കും സമ്മര്‍ദം സൃഷ്ടിക്കുന്ന കാര്യമായിരുന്നു .

ബ്രിട്ടീഷ് വ്യോമയാന സെക്രട്ടറിയെ കണ്ടു കൊച്ചിയിലേക്ക് ബ്രിട്ടീഷ് എയര്‍വെയ്‌സിനെ എത്തിച്ചുകൂടെ എന്ന ചോദ്യം എത്തിയതോടെ രംഗം ചൂടാവുക ആയിരുന്നു . ഈ സാഹചര്യം മുതലെടുത്തു എയര്‍ ഇന്ത്യയെ ബഹിഷ്‌കരിച്ചു നമ്മള്‍ പ്രതിക്ഷേധം അറിയിക്കണം എന്നാണ് രണ്ടു വര്ഷം മുന്‍പു ഇതേ സാഹചര്യത്തില്‍ വിമാനം നിര്‍ത്താന്‍ ഒരുങ്ങിയ എയര്‍ ഇന്ത്യക്ക് എതിരെ കേരള ഹൈക്കോടതിയില്‍ എത്തിയ സൗത്താളിലെ അഡ്വ ഷൈമ അമ്മാള്‍ അടക്കമുള്ളവര്‍ പ്രതികരിച്ചത് . കഴിഞ്ഞ രണ്ടു ദിവസമായി എയര്‍ ഇന്ത്യ ബഹിഷ്‌ക്കരണത്തിനു ശക്തമായ പ്രചാരണം സംഘടിപ്പിക്കാന്‍ ഉള്ള ഒരുക്കങ്ങളും യുകെ മലയാളികള്‍ക്കിടയില്‍ സജീവമായിരുന്നു . യുകെ മലയാളികള്‍ക്കിടയില്‍ സജീവമായ ടിക്കറ്റ് ബുക്കിങ് ഏജന്‍സികളും ലണ്ടനില്‍ എയര്‍ ഇന്ത്യ സെയില്‍സ് ഓഫിസില്‍ എത്തി കാര്യങ്ങളുടെ ഗൗരവ സ്വഭാവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതും നിര്‍ണായക നീക്കമായി .

ഇതിനിടെ ഓണ്‍ലൈന്‍ പെറ്റിഷനുമായി യുക്മയും കാത്തിടപാടുകളുമായി ഒഐസിസി യുകെയും രംഗത്തെത്തി . ഒഐസിസി പ്രസിഡന്റ് ഷൈനു ക്ലെയര്‍ നിരന്തരം കെപിസിസി പ്രെസിഡന്റ്‌റ് കെ സുധാകരന്‍ എംപിയെയും മറ്റു മന്ത്രിമാരെയും ശല്യപ്പെടുത്തിക്കൊണ്ടിരുന്നപ്പോള്‍ ന്യുകാസില്‍ കൗണ്‍സിലര്‍ ഡോ ജൂണ സത്യന്‍ യുകെയിലെ ഇന്ത്യന്‍ എംബസി ഓഫീസുകളിലും കേന്ദ്ര വ്യോമയാന മന്ത്രി മോഹന്‍ നായിഡു , ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എന്നിവര്‍ക്കൊക്കെ കത്തെഴുതി വിമാന വിഷയത്തില്‍ സജീവമായി . കാര്യങ്ങള്‍ കൈവിട്ടേക്കും എന്ന് തോന്നിയ ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം സിയാല്‍ അധികൃതര്‍ കേരള സര്‍ക്കാരിന്റെ കൂടി ദൗത്യം ഏറ്റെടുത്തു മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് ഐഎഎസിന്റെ നേത്ര്വതത്തില്‍ എത്തി എയര്‍ ഇന്ത്യ നേതൃത്വവുമായി ചര്‍ച്ച നടത്തിയതും വിമാനം നിര്‍ത്തലാക്കിയ നടപടിക്ക് ചെക്ക് പറയിപ്പിച്ചതും .

സിയാല്‍ പുറത്തു വിട്ട സോഷ്യല്‍ മീഡിയ കുറിപ്പ് :

??CIAL Engages with Air India on Cochin-London Gatwick Operations! ????????

CIAL has taken proactive steps to facilitate the resumption of Air India's Kochi-London Gatwick (COK-LGW) service ??, following the decision of the airline to withdraw the direct connectivity to Europe from Kerala ??. As per the instruction of the Government of Kerala, CIAL team, led by MD Shri S. Suhas IAS and Airport Director Shri Manu G., met with Air India's leadership in Gurgaon, to discuss ?? the matter. Highlighting the route's importance for Kerala, CIAL proposed a structured incentive scheme??to support operations until they achieve commercial stability. Air India assured CIAL that they will reconsider the decision over the course of next few months, following the summer schedule, after evaluating ?? CIAL's commercial proposal. Both sides are committed to finding a sustainable solution that enhances international connectivity from Cochin, offering hope for a positive outcome. ?

എയര്‍ ഇന്ത്യയുടെ നിലവിലുള്ള കൊച്ചി - ലണ്ടന്‍ (ഗാറ്റ്വിക്) സര്‍വീസ് മാര്‍ച്ച് 28, 2025 ന് അവസാനിപ്പിക്കുമെങ്കിലും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അത് വീണ്ടും തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.

വിമാനം മടങ്ങി എത്തുന്നു എന്നത് ഉറപ്പിക്കാനായിട്ടില്ല , എയര്‍ ഇന്ത്യ നല്‍കുന്നത് എവിടെയും ഉറപ്പിക്കാത്ത വാക്കുകള്‍

അതിനിടെ വിമാനം മടങ്ങി എത്തുന്നു എന്ന മട്ടിലാണ് മലയാളികളെ തേടി മാധ്യമ വാര്‍ത്ത എത്തിയത് . എന്നാല്‍ മാര്‍ച്ച് 28 നു അവസാന പറക്കല്‍ നടത്തുന്ന എയര്‍ ഇന്ത്യയ്ക്ക് എന്ന് ഈ റൂട്ടില്‍ അടുത്ത വിമാനം പറപ്പിക്കാനാകും എന്ന ചോദ്യത്തിന് ഉത്തരമില്ല . വിമാന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കും വിധം വന്നതോടെ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ വാര്‍ത്ത നല്‍കണം എന്ന് ആവശ്യപ്പെടുക ആയിരുന്നു . കാരണം ഈ വിമാനത്തിന്റെ മുഴുവന്‍ യാത്രക്കാരും യുകെയില്‍ ആണെന്നതിനാല്‍ ഈ വിമാനത്തിന് വേണ്ടി നിരന്തരം നല്‍കിയ വാര്‍ത്തകളും വിമാനം നിലയ്ക്കുന്ന സാഹചര്യത്തിലൊക്കെ അതിനെ പിടിച്ചു നിര്‍ത്താന്‍ സഹായകമാകുന്ന വാര്‍ത്തകളും നിരീക്ഷിച്ചതിന്റെ കൂടി ഫലമാണ് സുഹാസും വിമാനത്താവള പി ആര്‍ ഓയും ഹെഡ് ഓഫ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷനും ആയ പി എസ് ജയനും വിമാനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ ശ്രദ്ധയില്‍ പെടുത്തിയത് .

ലോങ്ങ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പല വിമാനങ്ങളും അറ്റകുറ്റ പണികള്‍ക്ക് കയറ്റിയിരിക്കുന്നു എന്നാണ് എയര്‍ ഇന്ത്യയുടെ നിലപാട്. അതിനാല്‍ അവ എപ്പോള്‍ റിപ്പയറിങ് യാഡില്‍ നിന്നും തിരിച്ചെത്തും എന്ന് ഇപ്പോള്‍ പറയാനാകില്ലത്രേ . വിമാനങ്ങള്‍ അറ്റകുറ്റ പണി പൂര്‍ത്തിയാകാന്‍ മാസങ്ങള്‍ വേണ്ടി വരും എന്നാണ് ഒടുവിലായി നല്‍കുന്ന മറുപടി . ഇതിനര്‍ത്ഥം മാര്‍ച്ചില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന കൊച്ചി - ലണ്ടന്‍ വിമാനത്തിന് വീണ്ടും മാസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ മടങ്ങി എത്താനാകൂ എന്ന് തന്നെയാണ് . അതിനാല്‍ ഈസ്റ്റര്‍ - വിഷു യാത്രകളും ഈ വര്‍ഷത്തെ മധ്യവേനല്‍ അവധി യാത്രകളും ഈ വിമാനത്തില്‍ നടത്താനാകില്ല എന്ന സൂചന കൂടിയാണ് ലഭിക്കുന്നത് . പക്ഷെ കൊച്ചിയിലേക്കുള്ള മൂന്നു സര്‍വീസും റദ്ദാക്കിയ എയര്‍ ഇന്ത്യ ഉത്തരേന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഒരു വിമാന സര്‍വീസും പൂര്‍ണമായും റദ്ദാക്കിയില്ലല്ലോ എന്ന ചോദ്യം ഇനി ഉന്നയിക്കുന്നതിലും പ്രസക്തിയില്ല . കാരണം തീരുമാനം എടുക്കുന്ന എയര്‍ ഇന്ത്യ ഉന്നതരെല്ലാം ഡല്‍ഹിക്കടുത്ത ഗുര്‍ഗോണില്‍ നിന്നുമാണ് അവ നടപ്പാക്കുന്നത് എന്നതാകാം ഒരു ന്യായം .

യുകെ മലയാളികള്‍ എയര്‍ ഇന്ത്യയെ ഉപേക്ഷിക്കുന്ന നിലപാടിലേക്ക്.... എന്തിനു മാറിക്കയറണം ?

വര്‍ഷങ്ങളായി മലയാളി പ്രവാസികളുടെ കാര്യത്തില്‍ ഇതേ സമീപനം തുടരുന്ന എയര്‍ ഇന്ത്യക്ക് വക്തമാണ് എന്ത് വിഷമം സഹിച്ചും മലയാളികള്‍ ഈ വിമാനത്തെ ആശ്രയിക്കുമെന്നും . എന്നാല്‍ സമാനതകള്‍ ഇല്ലാത്തവിധം ഉയര്‍ന്ന പ്രതിക്ഷേധം കൊച്ചി - ലണ്ടന്‍ വിമാനത്തിന്റെ കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാം എന്നെങ്കിലും എയര്‍ ഇന്ത്യയെക്കൊണ്ട് പറയിച്ചെങ്കില്‍ അതില്‍ യുകെ മലയാളികളുടെ പങ്കു തീരെ ചെറുതല്ല . ഭാവിയില്‍ ഇത്തരം ന്യായമില്ലാത്ത തീരുമാനങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ ബഹിഷ്‌കരണം പോലെയുള്ള ശക്തമായ താക്കീതുമായി തന്നെ നേരിടണം എന്നാണ് ഇപ്പോള്‍ യുകെ മലയാളികള്‍ക്കിടയില്‍ ഉയരുന്ന പൊതു വികാരം . അകാരണമായി കൊച്ചി വിമാനത്തിന്റെ ചിറകരിഞ്ഞു എന്ന തോന്നലില്‍ ഏപ്രില്‍ മാസത്തെ വിഷു - ഈസ്റ്റര്‍ യാത്രകള്‍ക്കും മധ്യ വേനല്‍ അവധിക്കുള്ള ജൂലൈ - ആഗസ്ത് യാത്രകള്‍ക്കും എയര്‍ ഇന്ത്യ ബുക്ക് ചെയാനുള്ള യാത്രകകരുടെ എണ്ണത്തില്‍ വന്‍ ഇടിവ് ഉണ്ടെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സെയില്‍സ് ട്രെന്‍ഡ് .

ഒരു നിശ്ചയവും ഇല്ലാത്ത വിധത്തില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയില്‍ മുംബൈയിലും ഡല്‍ഹിയിലും മാറിക്കയറി നടത്തുന്ന യാത്രകളേക്കാള്‍ എത്രയോ സൗകര്യപ്രദമാണ് ഗള്‍ഫ് കമ്പനികളുടെ വിമാനങ്ങള്‍ എന്ന തിരിച്ചറിവാണ് യുകെ മലയാളികള്‍ പങ്കുവയ്ക്കുന്നത് . ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാര്‍ എമിഗ്രെഷന്‍ കൗണ്ടറുകളില്‍ നേരിടുന്ന ദുരിതം ഡോ എസ് എസ് ലാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എഴുതിയത് ആയിരക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത് . ഇമൈഗ്രെഷന്‍ നടപടികള്‍ക്കായി ഏതു കൗണ്ടറില്‍ ചെല്ലണം എപ്പോള്‍ ചെല്ലണം , ഏതു ക്യൂവില്‍ നില്‍ക്കണം തുടങ്ങി ഒരു കാര്യത്തിലും വെളിവും വക്തതയും ഇല്ലാത്ത നിലയില്‍ തന്നെയാണ് ഇന്നും ഇന്ത്യയിലെ വന്‍കിട വിമാനത്താവളങ്ങള്‍ എന്ന പരാതി ഡോ ലാലിന് മാത്രമല്ല യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും മാത്രമല്ല ഗള്‍ഫില്‍ നിന്നും എത്തുന്ന മലയാളികളും സമ്മതിക്കുന്ന ഘടകമാണ് . അതിനാല്‍ ഡയറക്റ്റ് ഫ്ളൈറ്റ് ഇല്ലെങ്കില്‍ മാറികയറി യാത്ര ചെയ്‌തോളൂ എന്ന എയര്‍ ഇന്ത്യ നിലപാട് പഴയതു പോലെ ഇനിയുള്ള കാലം യുകെയില്‍ കാര്യമായി ഓടില്ല എന്ന് വക്തമാണ് .