- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മോഹന്‍കുമാറിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച സിഐഎസ്എഫുകാരനെ തിരിച്ചറിഞ്ഞു; വാഹനം എത്തിച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ചതും ഒന്നുമറിയാത്ത പോലെ പിറ്റേന്ന് ഡ്യൂട്ടിക്ക് ഹാജരാകാനും നിര്‍ദ്ദേശിച്ചതും ഇന്‍സ്പക്ടര്‍ ഡി കെ സിങ്; സംഭവം ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് പ്രതികള്‍ മദ്യസേവ കഴിഞ്ഞുവരുമ്പോള്‍; സിഐഎസ്എഫ് അന്വേഷണം തുടങ്ങി
മോഹന്‍കുമാറിനെ രക്ഷപ്പെടുത്താന്‍ സഹായിച്ച സിഐഎസ്എഫുകാരനെ തിരിച്ചറിഞ്ഞു
കൊച്ചി: തുറവൂര്‍ സ്വദേശിയായ ഐവിന്‍ ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാട്ടുകാര്‍ ആരോപിച്ചത് പോലെ മൂന്നാമതൊരു സിഐഎസ്എഫുകാരന്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ മോഹന്‍കുമാറിനെയും, വിനയ് കുമാര്‍ ദാസിനെയും കൂടാതെ സംഭവസ്ഥലത്ത് ഒരാള്‍ കൂടി ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ഈ ആരോപണം അന്വേഷിച്ച സിഐഎസ്എഫ് അധികൃതര്‍ അതുശരി വച്ചിരിക്കുകയാണ്. ഇയാള്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന. ആരോപണവിധേയനായ സിഐഎസ്എഫ് ഇന്‍സ്പക്ടറുടെ പേര് ഡി കെ സിങ് എന്നാണ്.
പ്രതിയായ കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാറിന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ഡി കെ സിങ്ങാണെന്ന ആരോപണം ശരി വച്ചിരിക്കുകയാണ്. ഡി കെ സിങ്ങിന്റെ ഫ്‌ളാറ്റില്‍ നിന്ന് വിരുന്ന് കഴിഞ്ഞ് മോഹന്‍ കുമാറും വിനയ് കുമാര്‍ ദാസും മടങ്ങവേയാണ് ഐവിന്റെ കാറില്‍, ഇവരുടെ കാര്‍ തട്ടിയതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായത്. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ഇന്‍സ്പക്ടറുടെ സ്‌കൂട്ടര്‍ എത്തിച്ചു നല്‍കുന്നതിനാണ് മോഹന്‍കുമാര്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ എത്തിയത്. ഫ്‌ളാറ്റില്‍ നിന്ന് മോഹന്‍ കുമാറിന് മടങ്ങാനാണ് എസ്‌ഐ വിനയ് കുമാര്‍ ദാസ് കാറുമായി എത്തിയത്. ഇരുവരും ഫ്‌ളാറ്റില്‍ വച്ച് മദ്യപിച്ച ശേഷം മടങ്ങുമ്പോഴാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഉണ്ടായത്.
അപകടത്തെ തുടര്‍ന്ന് ഇരുവരും ഇന്‍സ്പക്ടര്‍ ഡി കെ സിങ്ങിനെ വിളിച്ചുവരുത്തിയിരുന്നു. സംഭവസ്ഥലത്ത് എത്തിയ ഇന്‍സ്പക്ടര്‍ മോഹന്‍കുമാറിനോട് വേഗം സ്ഥലത്ത് നിന്ന് മുങ്ങാന്‍ ആവശ്യപ്പെട്ടു. രാവിലെ ഒന്നുമറിയാത്ത പോലെ ഡ്യൂട്ടിക്ക് ഹാജരാകാനും നിര്‍ദ്ദേശിച്ചത് ഡി കെ സിങ്ങാണ്. മോഹന്‍കുമാറിനെ അറസ്റ്റ് ചെയ്യുമ്പോള്‍, ഈ ഇന്‍സ്പക്ടറും ഡ്യൂട്ടിക്ക് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു.
അറസ്റ്റിലായ ഇരുപ്രതികളും മദ്യപിച്ചിരുന്നതിനാലാണ് പൊലീസിനെ വിളിക്കാമെന്ന് ഐവിന്‍ പറഞ്ഞപ്പോള്‍ പരിഭ്രാന്തരായി പെട്ടെന്ന് സംഭവസ്ഥലത്ത് നിന്ന് കടന്ന് കളയാന്‍ ശ്രമിച്ചത്. അത് ആല്‍വിനെ ഇടിച്ചിടുന്നതിലും കൊലപാതകത്തിലും കലാശിച്ചു. മോഹന്‍കുമാറിന് സംഭവസ്ഥലത്ത് നിന്ന് കടന്നുകളയാന്‍ വാഹനം എത്തിച്ചുകൊടുത്തത് ഡി കെ സിങ്ങാണെന്ന ആരോപണവും സ്ഥിരീകരിച്ചിട്ടുണ്ട്. മോഹന്‍ കുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഇന്‍സ്പക്ടര്‍ ഡി കെ സിങ്ങിന് എതിരായ സിഐഎസ്എഫ് അന്വേഷണം പുരോഗമിക്കുന്നു.
സംഭവത്തില്‍ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിഐഎസ്എഫ് സൗത്ത് സോണ്‍ ഡിഐജി ആണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം മുതിര്‍ന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും അറിയിച്ചിരുന്നു.
വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തര്‍ക്കമാണ് തുറവൂര്‍ സ്വദേശിയായ ഐവിന്‍ ജിജോയുടെ ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്
മെയ് 14 ന് രാത്രി 11 മണിയോടെ നെടുമ്പാശേരി നായത്തോട് വെച്ചാണ് സംഭവം നടന്നത്. ഒരു കിലോമീറ്ററോളം ബോണറ്റില്‍ യുവാവിനെ കിടത്തി വാഹനമോടിച്ച് നിലത്ത് തള്ളിയിട്ട ശേഷം കാര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.എസ് ഐ വിനയകുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്.
ജിജോ ഓടിച്ച കാറിന് വിനയകുമാര്‍ സൈഡ് നല്‍കിയിരുന്നില്ല. നായത്തോട് ഭാഗത്തെത്തിയപ്പോള്‍ സൈഡ് നല്‍കാത്തത് ജിജോ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ വിനയകുമാര്‍ ജിജോയെ ബോണറ്റിലിട്ട് ഒരു കിലോമീറ്ററോളം വാഹനമോടിക്കുകയായിരുന്നു. ജിജോയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നാട്ടുകാര്‍ ഇടപെട്ടാണ് പ്രതികളില്‍ ഒരാളെ പിടിച്ചത്.