കൊല്ലം: അല്‍ മുക്താദിര്‍ ജ്യൂലറിക്കെതിരെ തട്ടിപ്പില്‍ പോലീസ് എഫ് ഐ ആര്‍. അബ്ദുള്‍ വാഹിദ് അലിയാര്‍ കുഞ്ഞ് നല്‍കിയ പരാതിയിലാണ് കൊല്ലം സിറ്റി പോലീസ് കേസെടുത്തത്. ഫെബ്രുവരി എട്ടിനാണ് കേസെടുത്തത്. ബിഎന്‍എസിലെ 316(5),318(4) വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍. എട്ടാം തീയതി ഏഴ് മണിയോടെയാണ് പരാതി കിട്ടിയതെന്നാണ് എഫ് ഐ ആറിലുള്ളത്. അന്ന് എട്ട് മണിയോടെ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തു. മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം എന്ന അല്‍ മുക്താദിര്‍ ജ്യൂലറിയുടെ ഉടമയാണ് എഫ് ഐ ആര്‍ പ്രകാരമുള്ള ഏക പ്രതി.

അല്‍ മുക്താദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട് ജ്യൂലവറിയുടെ ചെയര്‍മാനായ പ്രതിക്ക് ആവലാതിക്കാരനെ ചതിച്ച് വഞ്ചിച്ച് പണം കൈക്കലാക്കി അന്യായ ലാഭവും ആവലാതിക്കാരന് അന്യായ നഷ്ടവും ഉണ്ടാക്കണമെന്ന ഉദ്യേശത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് എഫ് ഐ ആറിലെ കുറ്റാരോപണം. സ്വര്‍ണ്ണം ബുക്ക് ചെയ്യുന്ന തീയതിയിലെ വിലയിലും മേക്കിംഗ് ചാര്‍ജ്ജ് ഈടാക്കാതേയും ബുക്ക് ചെയ്ത തീയതിയിലെ വിലയില്‍ സ്വര്‍ണ്ണാഭരണം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കരാറുണ്ടാക്കി. ഇത് പ്രകാരം 2024 ഏപ്രിലില്‍ അല്‍മുക്തിദിര്‍ എന്ന സ്ഥാപനത്തില്‍ വച്ച് അന്നത്തെ സ്വര്‍ണ്ണ നിരക്കായ ഗ്രാമിന് 6335 രൂപാ നിരക്കില്‍ 473.650 ഗ്രാം സ്വര്‍ണ്ണത്തിനായി 30 ലക്ഷം രൂപ ബാക്ക് അക്കൗണ്ടിലേക്ക് ട്രാന്‍സഫര്‍ ചെയ്യിച്ചു. ജൂണ്‍ മൂന്നിന് കൊല്ലത്തെ ഓഫീസില്‍ വച്ച് സ്ഥാപന നടത്തിപ്പുകാരനായ പ്രതിയുടെ നിര്‍ദ്ദേശ പ്രകാരം ബാക്കി തുകയും നല്‍കി. നാളിതുവരെ ഒരു കോടി പതിനെട്ട് ലക്ഷം രൂപ തിരിച്ചു നല്‍കിയില്ലെന്നാണ് കേസ്. ആവലാതിക്കാരനെ കുറ്റകരമായ വിശ്വാസ വഞ്ചന നടത്തി ചതിച്ചുവെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ എസ് ഐയാണ് കേസെടുത്തത്.

ചുരുങ്ങിയ കാലം കൊണ്ട് അതിവേഗം വളര്‍ന്ന ജുവല്ലറിയാണ് അല്‍ മുക്താദിര്‍. പൂജ്യം ശതമാനം പണിക്കൂലിയെന്ന വാഗ്ദാനവും മാധ്യമങ്ങളില്‍ വലിയ പരസ്യവും നല്‍കിയാണ് ഈ ജുവല്ലറി കേരളത്തില്‍ വിപണി പിടിച്ചത്. വലിയ തോതില്‍ പണം നിക്ഷേപമായി സ്വീകരിച്ചുകൊണ്ടാണ് ജുവല്ലറിയുടെ പ്രവര്‍ത്തനം. ഇതിനോടകം തന്നെ പലവിധത്തിലുള്ള ആരോപണങ്ങള്‍ ഈ ജുവല്ലറി ഗ്രൂപ്പിനെതിരെ ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങള്‍ പരാതികളായി പുറത്തു വരുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ അല്‍ മുക്താദിറിന്റെ കേരളത്തിലെ ശാഖകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് കേരളാ പോലീസ് കേസെടുത്ത വിവരവും പുറത്തു വന്നത്. എട്ടാം തീയതി എടുത്ത കേസിലെ എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്തു വരുന്നത് ഇപ്പോള്‍ മാത്രമാണ്. ബിഎന്‍എസിലെ 318(4) വകുപ്പ് പ്രകാരം ഏഴ് കൊല്ലം വരെ ശിക്ഷയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജാമ്യമില്ലാ കുറ്റമാണ് അല്‍മുക്താദിര്‍ ജ്യൂലറിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ തങ്ങള്‍ക്കെതിരെ പരാതികളൊന്നും ഇല്ലെന്ന അല്‍മുക്താദിറിന്റെ വാദവും പൊളിയുകയാണ്.

അല്‍മുക്താദിര്‍ ജ്വല്ലറിയിലെ ആദായ നികുതി റെയ്ഡില്‍ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. വന്‍ തോതില്‍ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇന്‍കം ടാക്‌സ് കണ്ടെത്തല്‍. കേരളത്തില്‍ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്. ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങളും കിട്ടി. സംസ്ഥാനത്തെ 30 കടകളിലാണ് പരിശോധന നടന്നത്. മണിച്ചെയിന്‍ മാതൃകയില്‍ അല്‍മുക്താദിര്‍ കോടികള്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. ഇത് വ്യക്തിപരമായ ഇടപാടുകള്‍ക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായില്‍ നിരവധി നിക്ഷേപങ്ങള്‍ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്തിയിട്ടില്ല. പഴയ സ്വര്‍ണം വാങ്ങിയതിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍ നടന്നത്. മുംബൈയിലെ ഗോള്‍ഡ് പര്‍ച്ചേസ് സ്ഥാപനമായ യുണീക് ചെയിന്‍സ് എന്ന സ്ഥാപനത്തിലും പരിശോധന നടന്നിരുന്നു. അല്‍മുക്താദിറുമായി നടത്തിയ സ്വര്‍ണക്കച്ചവടത്തില്‍ 400 കോടിയുടെ തിരിമറി കണ്ടെത്തിയെന്ന് മുന്‍നിര മാധ്യമങ്ങള്‍ അടക്കം വാര്‍ത്തയും നല്‍കി. ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തിയത്. ഇതിനൊപ്പം പോലീസ് കേസ് കൂടിയാകുമ്പോള്‍ അല്‍മുക്താദിറിന് കുരുക്ക് കൂടുതല്‍ മുറുകും.

പൂജ്യം പണിക്കൂലി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ജുവലറി വ്യാപാര രംഗത്ത് അതിവേഗം ശ്രദ്ധ പിടിച്ചു പറ്റിയ അല്‍മുക്താദിര്‍ ഗ്രൂപ്പിനെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പുതുമാനം നല്‍കുന്നതാണ് ഈ എഫ് ഐ ആര്‍. ഗ്രൂപ്പ് 2,000 കോടിയിലധികം രൂപ തട്ടിയെടുത്ത് മുങ്ങും എന്നാണ് ഉയര്‍ന്ന ആരോപണം. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷനും ഗ്രൂപ്പിന്റെ തട്ടിപ്പിനെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസ്താവന ഇറക്കിയിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തു. വിവാഹ ആവശ്യത്തിന് സ്വര്‍ണം ലഭ്യമാക്കുന്നതിന് വന്‍ തുക ഡിപ്പോസിറ്റായി സ്വീകരിച്ചുവെന്നും എന്നാല്‍ പറഞ്ഞുറപ്പിച്ച തീയതില്‍ സ്വര്‍ണം നല്‍കാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, കായംകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊല്ലത്തും സമാന സംഭവങ്ങള്‍ നടന്നു.

എന്നാല്‍ തനിക്കും അല്‍മുക്താദിര്‍ ഗ്രൂപ്പിനും എതിരെയുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പണിക്കൂലി ഒഴിവാക്കി പുതിയ ബിസിനസ് മോഡല്‍ അവതരിപ്പിച്ചതിലെ അമര്‍ഷമാണ് ഇതിനു പിന്നിലെന്നും മുഹമ്മദ് മന്‍സൂര്‍ വിശദീകരിക്കുകയും ചെയ്തു. ഇപ്പോഴും മുക്താദിര്‍ ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ് എ.കെ.ജി.എസ്.എം.എ. പൂജ്യം ശതമാനം പണിക്കൂലിയില്‍ സ്വര്‍ണ്ണം വില്‍ക്കുമെന്ന് പറഞ്ഞ് അല്‍മുക്താദിര്‍ പരസ്യം ചെയ്യുന്നതിനെ എതിര്‍ക്കുകയും നിയമ നടപടി ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അസോസിയേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ അസോസിയേഷന്‍ പറഞ്ഞതിനെ മുഖവിലയ്ക്കെടുക്കാതെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയാവുകയാണ് ചെയ്തത്. പരസ്യങ്ങള്‍ വഴി നിരവധി ആള്‍ക്കാരാണ് തട്ടിപ്പില്‍ കുടുങ്ങി കോടികള്‍ നിക്ഷേപമായി നല്‍കിയിട്ടുള്ളത്. പലതും കണക്കില്ലാത്ത പണം ആയതിനാല്‍ എങ്ങനെയെങ്കിലും പണം തിരിച്ചു വാങ്ങിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളിലും ഷോറൂമുകള്‍ തുടങ്ങി നിരവധി ആള്‍ക്കാരെയാണ് ഗ്രൂപ്പ് തട്ടിപ്പിനിരയാക്കിയതെന്നും അസോസിയേഷന്‍ ആരോപിക്കുന്നു.

ഓരോ സ്ഥലങ്ങളിലും ഒരു ബില്‍ഡിംഗ് എടുത്ത് ഷോറൂം ആരംഭിക്കുകയും അതേ ഷോറൂമിന് മൂന്നും നാലും പേരുകള്‍ നല്‍കുകയും ചെയ്താണ് ഗ്രൂപ്പ് തട്ടിപ്പ് വിപുലീകരിച്ചതെന്നും സംഘടന ആരോപിക്കുന്നു. മൂന്നും, ആറും മാസവും ഒരു വര്‍ഷവും കഴിഞ്ഞു സ്വര്‍ണം നല്‍കാമെന്ന ഉറപ്പില്‍ ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്ന ഗ്രൂപ്പ് പണം നിക്ഷേപിച്ചവര്‍ സ്വര്‍ണം എടുക്കാന്‍ വരുമ്പോള്‍ സ്വര്‍ണ്ണം നല്‍കുന്നില്ല എന്നും അസോസിയേഷന്‍ ആരോപിക്കുന്നു.