കൊല്ലം: അച്ഛന്റെ അലുവ കച്ചവടത്തിലൂടെ 'അലുവ അതുല്‍' എന്ന് പേര് വീണ ഗുണ്ടാ നേതാവിനെ, മാസങ്ങള്‍ നീണ്ട കൃത്യമായ ആസൂത്രണത്തിലൂടെ ജിം സന്തോഷ് പക്ഷം നടുറോഡില്‍ വെട്ടിത്തീര്‍ത്തു-ഇതാണ് കരുനാഗപ്പള്ളി കൊലയിലെ പോലീസിന്റെ ആദ്യ നിഗമനം. കരുനാഗപ്പള്ളി പുതിയകാവിലെ പെട്രോള്‍ പമ്പിന് മുന്നില്‍ സിസിടിവി ക്യാമറകള്‍ക്ക് മുന്‍പിലിട്ട് അതുലിനെ തുരുതുരാ വെട്ടിയത് കലിയടങ്ങും വരെയായിരുന്നു. കൊലയാളി സംഘം വിരിച്ച വലയില്‍ കുരുങ്ങിയ അതുല്‍ മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘം മടങ്ങിയത്. സംഭവസമയം അതുലിനൊപ്പം കാറിലുണ്ടായിരുന്ന ജിം സന്തോഷ് വധക്കേസിലെ കൂട്ടുപ്രതി മനുവിനും വെട്ടേറ്റു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജിം സന്തോഷിന്റെ കൂട്ടുകാരന്‍ അസീമിനെ ബസ് യാര്‍ഡില്‍ വെച്ച് പങ്കജ് മര്‍ദ്ദിച്ചതോടെയാണ് ഈ ഗുണ്ടാപ്പകയുടെ തുടക്കം. ഇത് ചോദ്യം ചെയ്യാനെത്തിയ ജിം സന്തോഷ് നാട്ടുകാരുടെ മുന്നില്‍ വെച്ച് പങ്കജിനെ വിരട്ടി വിട്ടു. ഈ അപമാനം കനലായി സൂക്ഷിച്ച പങ്കജ് പിന്നീട് സന്തോഷിനെ വെട്ടി പരിക്കേല്‍പ്പിച്ചു. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷിന്റെ സംഘം പങ്കജിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതോടെ വാട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും കൊലവിളികള്‍ ആളിപ്പടര്‍ന്നു. ഇതിന്റെ പ്രതികാരമായാണ് അലുവ അതുലിന് പങ്കജ് ക്വട്ടേഷന്‍ നല്‍കിയതും 2024 മാര്‍ച്ചില്‍ സന്തോഷിനെ വീടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയതും.

ജിം സന്തോഷ് വധക്കേസില്‍ പോലീസ് കുറ്റപത്രം നല്‍കിയിട്ടും അതുല്‍ ജാമ്യം നേടി പുറത്തിറങ്ങിയത് സന്തോഷിന്റെ അനുയായികളെ പ്രകോപിപ്പിച്ചു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി അതുല്‍ പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന കൃത്യമായ വിവരം മനസ്സിലാക്കിയ സംഘം ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തി. മയക്കുമരുന്ന് കച്ചവടവും രാഷ്ട്രീയ-പോലീസ് സ്വാധീനവുമുള്ള വലിയൊരു സംഘം തന്നെ ഇതിന് പിന്നിലുണ്ടായിരുന്നു എന്നാണ് വിവരം. അലുവ അതുലിനെ തീര്‍ക്കാന്‍ മുന്‍കൂട്ടി പിരിവ് പോലും ജിം സന്തോഷിന്റെ ആളുകള്‍ നടത്തിയെന്നും സൂചനയുണ്ട്. കരുനാഗപ്പള്ളിയില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായിരുന്നു ജിം സന്തോഷ്. മാന്യനായ ഗുണ്ടയെന്ന വിളിപ്പേരുണ്ടായിരുന്ന ക്രിമിനല്‍. അതുകൊണ്ട് തന്നെ ധാരാളം ഫാന്‍സും ഉണ്ടായിരുന്നു.

പുതിയകാവിലെ പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ചായിരുന്നു നാടകീയമായ അന്ത്യം. അതുലിന്റെ കാറിന് മുന്നില്‍ മറ്റൊരു കറുത്ത കാര്‍ നീങ്ങുന്നുണ്ടായിരുന്നു. അസ്വാഭാവികമായി ഒന്നും തോന്നിക്കാത്ത വിധം ഈ കാര്‍ പെട്രോള്‍ പമ്പിനുള്ളിലേക്ക് കയറിയതോടെ, പിന്നാലെ ചീറിപ്പാഞ്ഞെത്തിയ ഇന്നോവ അതുലിന്റെ കാറിനെ ഇടിച്ചുതെറിപ്പിച്ചു. തുടര്‍ന്ന് വടിവാളുമായി ചാടിയിറങ്ങിയ സംഘം പമ്പിന് മുന്നിലിട്ട് പത്തുകോടി തികച്ചു വെട്ടി. നടുറോഡില്‍ നടന്ന ക്രൂരകൃത്യം കണ്ടുനിന്നവരിലാരും അതുലിനെ രക്ഷിക്കാന്‍ എത്തിയില്ല. എല്ലാവരും കാഴ്ചക്കാരായി നില്‍ക്കേ, മരണം ഉറപ്പാക്കി അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

ജിം സന്തോഷിന്റെ ഫാന്‍സുകാരെ കുറിച്ച് പോലീസിന് നല്ല അറിവുള്ളവരാണ്. എന്നിട്ടും ജാമ്യത്തില്‍ ഇറങ്ങിയ അതുലിന് വേണ്ട സുരക്ഷാ കരുതല്‍ പോലീസ് ഒരുക്കിയില്ലെന്ന് വേണം കരുതാന്‍. ഓച്ചിറ, കരുനാഗപ്പള്ളി മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള ഈ കുടിപ്പക ഇനിയും തുടരുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മയക്കുമരുന്ന് മാഫിയയുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടന്ന ഈ കൊലപാതകം പോലീസിന് വലിയ തലവേദനയായിരിക്കുകയാണ്. ഇനിയെങ്കിലും ഈ മേഖലിയിലെ ഗുണ്ടാ സംഘങ്ങളെ പോലീസ് അമര്‍ച്ച ചെയ്യണമെന്ന ആവശ്യം നാട്ടുകാര്‍ക്കിടയിലുണ്ട്.

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീടിനുള്ളില്‍ വെച്ച് അമ്മയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതിയായിരുന്നു അലുവ അതുല്‍. ജാമ്യത്തിലിറങ്ങിയ ശേഷം സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോഴാണ് സിനിമയെ വെല്ലുന്ന ആസൂത്രണത്തിലൂടെ അതുലിനെ സംഘം വകവരുത്തിയത്. പുതിയകാവിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ചായിരുന്നു സിനിമാ സ്‌റ്റൈല്‍ കൊലപാതകം. കാറില്‍ വരികയായിരുന്ന അതുലിനെ പിന്തുടര്‍ന്നെത്തിയ ഇന്നോവ കാര്‍ ഇടിച്ചുതെറിപ്പിച്ച് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് വീഴ്ത്തി. തുടര്‍ന്ന് ആയുധങ്ങളുമായി ചാടിയിറങ്ങിയ സംഘം കാറില്‍ നിന്ന് വലിച്ചിറക്കി അതുലിനെ തുരുതുരാ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം അക്രമിസംഘം സ്ഥലം വിട്ടു. ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

2025 മാര്‍ച്ച് 27-നാണ് പടനായര്‍കുളങ്ങര സ്വദേശി എ. സന്തോഷ് കുമാര്‍ എന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. വടിവാളും കമ്പിപ്പാരയുമായി കാറിലെത്തിയ അതുലും സംഘവും സന്തോഷിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സന്തോഷിന്റെ അമ്മ ഓമനയുടെ മുന്നിലിട്ടാണ് മകനെ സംഘം അരിഞ്ഞുവീഴ്ത്തിയത്. വെട്ടേറ്റ് കിടന്ന സന്തോഷ് തന്നെയാണ് അന്ന് ആംബുലന്‍സ് വിളിച്ചത്. ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിക്കുകയായിരുന്നു. സന്തോഷ് വധക്കേസില്‍ കുറ്റപത്രം നല്‍കിയ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്.

ഇയാള്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തുന്ന സമയം കൃത്യമായി മനസ്സിലാക്കിയ സന്തോഷ് പക്ഷം, പമ്പിന് മുന്നില്‍ 'കറുത്ത കാര്‍' ഉപയോഗിച്ച് കെണിയൊരുക്കി. മുമ്പ് പങ്കജുമായുള്ള തര്‍ക്കത്തില്‍ തുടങ്ങിയ പകയാണ് പത്തുകോടി തികച്ചു വെട്ടുന്ന കൊലപാതക പരമ്പരയായി മാറിയത്.