കൊച്ചി: താര സംഘടനയായ 'അമ്മ'യിലടക്കം മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രമുഖ സംഘടനകളില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അമ്മയുടെ പുതിയ ഭാരവാഹികളെ ഓഗസ്റ്റ് 15ന് തെരഞ്ഞെടുക്കും. മത്സരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി ജൂലൈ 27 ആണ്. പ്രസിഡന്റായിരുന്ന മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് തെരഞ്ഞെടുപ്പിന് സംഘടന ഒരുങ്ങുന്നത്.

കഴിഞ്ഞ മാസം നടന്ന അമ്മ ജനറല്‍ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉയര്‍ന്നത്. ജനറല്‍ ബോഡിയിലെ ഭൂരിപക്ഷം അംഗങ്ങളും നിലവിലെ ഭരണസമിതി തുടരണമെന്ന് അഭിപ്രായപ്പെട്ടുവെങ്കിലും, എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്ന് മോഹന്‍ലാല്‍ നിലപാടെടുക്കുക ആയിരുന്നു. ഈ നിലപാടാണ് തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങള്‍ മാറ്റിയത്.

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും നിലവിലെ ഭരണസമിതി അതേപടി തുടരണമെന്നും ഭരണസമിതിയുടെ പ്രവര്‍ത്തനം മികച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ജനറല്‍ ബോഡി യോഗത്തില്‍ കുറെയധികം താരങ്ങള്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് എല്ലാവരുടേയും പിന്തുണ ഉറപ്പാക്കിയതിന് ശേഷം മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളു എന്നും താന്‍ പ്രസിഡന്റായി തുടരുകയുള്ളൂ എന്നും മോഹന്‍ലാല്‍ ഉറപ്പിച്ച് പറയുക ആയിരുന്നു. അമ്മയ്ക്ക് പുറമെ ഫെഫ്ക ഒഴികെ സിനിമയുമായി ബന്ധപ്പെട്ട മറ്റ് സംഘടനകളിലും വരുന്ന മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സിനിമ മേഖലയിലെ പീഡന കേസും അമ്മയെ പ്രതിക്കൂട്ടിലാക്കിയതോടെയാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചതും അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ മാറിയതും. അമ്മ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താരങ്ങള്‍ മത്സര രംഗത്ത് ഇറങ്ങി കഴിഞ്ഞു. കടുപ്പമേറിയ പോരാട്ടം ഉണ്ടായേക്കുമെന്നാണ് സൂചന. പല അട്ടിമറികളും നടന്നേക്കുമെന്ന വിവരം പുറത്തുവരുന്നത്. ഇതിനിടെ അമ്മയില്‍ സുരേഷ് ഗോപിയുടെ സ്വാധീനം ചുവടുറപ്പിക്കുന്നതും ചര്‍ച്ചയാകുന്നുണ്ട്.


സുരേഷ് ഗോപി സജീവ രാഷ്ട്രീയ രംഗത്ത് വരുന്നത് വരെ സിനിമ സംഘടനയുമായി ഒട്ടും സ്‌നേഹത്തിലായിരുന്നില്ല. എന്നാല്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സുരേഷ് ഗോപിക്കും ഈ ബന്ധങ്ങള്‍ അനുകൂലമായി മാറുകയായിരുന്നു. കേന്ദ്രമന്ത്രി ആയശേഷം അമ്മയുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി. ഇതോടെ പതിയെ പതിയെ സുരേഷ് ഗോപിയുടെ സ്വാധീനം സംഘടനയില്‍ ശക്തമായി തുടങ്ങിയിരുന്നു.ഇതുവരെ സംഘരാഷ്ട്രീയം മനസില്‍ സൂക്ഷിച്ചിരുന്നവര്‍ വരെ പരസ്യമായി സംഘരാഷ്ട്രീയം പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. സുരേഷ് ഗോപിക്ക് ഒരു സംഘ പ്രതിനിധി എന്നതിന് അപ്പുറമുള്ള സ്വാധീനമായിക്കഴിഞ്ഞു.

അതേ സമയം സിനിമ സംഘടനകളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയെ കേന്ദ്രീകരിച്ച് ചില നാടകീയ നീക്കങ്ങള്‍ നടത്തുന്നതായി സൂചനയുണ്ട്. ആ നാടകീയ നീക്കങ്ങള്‍ക്ക് പിന്നില്‍ എന്തെന്ന ആശങ്കപ്പെടുന്നവരുമുണ്ട്. അമ്മയുടെ യോഗത്തില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപി പങ്കെടുത്തിരുന്നു. വികാരവായ്‌പോടെ സംസാരിച്ചു. കേന്ദ്രമന്ത്രി എന്ന തിരക്കിനിടയിലും അമ്മയുടെ യോഗത്തില്‍ ഏറെ നേരം ചിലവഴിച്ചു. അതുപോലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും തിയേറ്റര്‍ അസോസിയേഷന്റെയും തലപ്പത്ത് സുരേഷ് ഗോപിയുമായി അടുപ്പമുള്ള ആളുകള്‍ സ്വാധീനം ഉറപ്പിക്കുന്നതും ഇതിനൊടൊപ്പം ചേര്‍ത്തുവായിക്കുന്നുണ്ട്. അതിലൊക്കെ സുരേഷ് ഗോപിയും താല്‍പര്യം കാണിക്കുന്നു എന്ന് സിനിമ മേഖല താല്‍പര്യത്തോടെ വീക്ഷിക്കുന്നവര്‍ക്ക് മനസിലാക്കാനാകും.

സുരേഷ് ഗോപിക്ക് അടുപ്പമുള്ള, സുരേഷ് ഗോപിയുമായി ബന്ധം സൂക്ഷിക്കുന്നവര്‍ സിനിമ മേഖലയിലെ എല്ലാ സംഘടനകളിലും പതിയെ പതിയെ ഇടംപിടിക്കുന്നു എന്നാണ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന സൂചന. ദീര്‍ഘകാല പദ്ധതി സുരേഷ് ഗോപിക്ക് ഉണ്ടെന്നും അത് വര്‍ക്കൗട്ട് ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഇവര്‍ ചര്‍ച്ച ചെയ്യുന്നു. അതുകൊണ്ട് തന്നെ അടുത്ത ഒന്നൊന്നര മാസത്തിനുള്ളില്‍ വലിയ മാറ്റങ്ങള്‍ സിനിമ രംഗത്ത് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാറ്റം ഒറ്റയടിക്ക് സുരേഷ് ഗോപിയുടെ താല്‍പര്യത്തിന് അനുസരിച്ചല്ല. എന്നാല്‍ ഇപ്പോളത്തെ നിയന്ത്രണം പതിയെ ഉടച്ചുവാര്‍ക്കപ്പെടും. ഫെഫ്ക ഒഴികെ എല്ലാ സിനിമ സംഘടനകളിലും ഇപ്പോള്‍ അസ്വസ്ഥതയുണ്ട്.

നിര്‍മാതാക്കളുടെ സംഘടനയിലെ പ്രശ്‌നം സാന്ദ്ര തോമസിന്റെ പരാതിയാണ്. നിര്‍മാതാക്കള്‍ക്ക് എതിരെ സാന്ദ്ര തോമസ് പരാതി നല്‍കിയിരിക്കുന്നു. ആദ്യമൊക്കെ അവഗണിക്കാന്‍ ശ്രമിച്ചു. പിന്നെ ഭീഷണിപ്പെടുത്തി. ഇതോടുകൂടി സാന്ദ്ര തോമസിനുള്ള പിന്തുണ ഉയരാന്‍ തുടങ്ങി. ആദ്യമൊക്കെ സാന്ദ്ര തോമസ് ഒരു പരാതിക്കാരി ആണെന്നായിരുന്നു പ്രചാരണം. എന്നാല്‍ സാന്ദ്ര തോമസ് പറയുന്നതില്‍ കാര്യമുണ്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം കൂടാന്‍ തുടങ്ങി.

ഫെഫ്ക ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് പോകുന്നത്. ബി ഉണ്ണി കൃഷ്ണനെ മറികടക്കാനുള്ള ശേഷി തല്‍ക്കാലം സംഘടനയിലുള്ളവര്‍ക്ക് ഇല്ല. അതേ സമയം ഫെഫ്ക അംഗങ്ങളുടെ പരാതി കേള്‍ക്കാനും അതിന് രാഷ്ട്രീയം നോക്കാതെ നീതി നടപ്പാക്കാനും ബി ഉണ്ണികൃഷ്ണന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫെഫ്കയില്‍ ഒഴികെ മറ്റ് സിനിമ സംഘടനകളില്‍ ഒക്കെ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്ന് ഉറപ്പാണ്.

അമ്മയില്‍ വീണ്ടും പ്രസിഡന്റ് ആകാന്‍ മോഹന്‍ ലാല്‍ ഇല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. മമ്മൂട്ടി അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ പോലും പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മോഹന്‍ ലാല്‍ പങ്കെടുക്കും. പക്ഷെ മോഹന്‍ ലാല്‍ മത്സരിക്കില്ല. പകരം ആരു വരും എന്ന ചര്‍ച്ച നടക്കുന്നു. പലര്‍ക്കും ആഗ്രഹമുണ്ട്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ചാക്കോച്ചന്‍ എന്ന് വിളിക്കുന്ന കുഞ്ചാക്കോ ബോബന്‍ എത്തിയേക്കുമെന്ന സൂചനയാണുള്ളത്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള ചെറുപ്പക്കാര്‍ വിട്ടുനില്‍ക്കുന്നതിലുള്ള അസ്വസ്ഥത മോഹന്‍ലാല്‍ പ്രകടിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബനെ പ്രസിഡന്റ് ആക്കാനും അമ്മയില്‍ അടിമുടി ഉടച്ചുവാര്‍ക്കലിനും ഒരുങ്ങുകയാണ് ഒരു വിഭാഗം.

സിദ്ദിഖ് ഒഴിഞ്ഞതോടെ ജനറല്‍ സെക്രട്ടറിയായി തനിക്ക് പ്രമോഷന്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് നടന്‍ ബാബുരാജ്. ബാബുരാജ് ഇപ്പോള്‍ സെക്രട്ടറിയാണ്. അതേ സമയം ബാബുരാജിന് എതിരെ നവ്യനായരെ കളത്തിലിറക്കാന്‍ ചിലര്‍ക്ക് താല്‍പര്യമുണ്ട്. കുക്കു പരമേശ്വരനും മത്സരിക്കാന്‍ താല്‍പര്യമുണ്ട്. എന്നാല്‍ കുക്കു പരമേശ്വരന്‍ ഏത് പദവിയിലേക്ക് മത്സരിച്ചാലും തോറ്റുപോകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് കുക്കു പരമേശ്വരനെ വച്ചുകൊണ്ടുള്ള പരീക്ഷണത്തിന് ആരും ഒരുങ്ങിയേക്കില്ല. നവ്യനായരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്. നടി അന്‍സിബ ജോയിന്റ് സെക്രട്ടറിയോ, മറ്റേതെങ്കിലും പദവിയിലോ എത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. അന്‍സിബ നിന്നാല്‍ ഉറപ്പായും ജയിക്കുമെന്നാണ് സിനിമ മേഖലയില്‍ ഉള്ളവര്‍ പറയുന്നത്. അന്‍സിബയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. മത്സരിക്കാന്‍ നിന്നാല്‍ നടീനടന്മാരായ അംഗങ്ങളുടെ വോട്ടുകള്‍ ഒരുപോല സമാഹരിക്കാന്‍ കഴിയുന്നയാളാണെന്ന് പറയുന്നു. അന്‍സിബ നിര്‍ണായകമായ ഒരു പദവിയിലേക്ക് എത്തിയേക്കുമെന്നാണ് പറയപ്പെടുന്നത്.

വിജയരാഘവനെ മത്സരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പക്ഷെ വിജയരാഘവന്‍ ഒഴിഞ്ഞുമാറുന്നു. വിജയരാഘവന്‍ ഏത് പാനലില്‍ മത്സരിച്ചാലും ജയിക്കാന്‍ കഴിവുള്ളയാളാണ്. കുട്ടേട്ടന്‍ എന്ന് സിനിമക്കാര്‍ക്ക് ഇടയില്‍ വിളിക്കപ്പെടുന്ന വിജയരാഘവനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതുകൊണ്ട് വിജയരാഘവനെ നിര്‍ണായക സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വിജയരാഘവന്‍ വഴങ്ങുമോ എന്നാണ് അറിയേണ്ടത്. ശ്വേത മേനോനും ആഗ്രഹമുണ്ട്. ശ്വേതമേനോനെ ആരു പിന്തുണയ്ക്കും എന്നതില്‍ തര്‍ക്കം ബാക്കിയാണ്.

ഓഗസ്റ്റ് പതിനഞ്ചിനാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ പതിനാലിനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഇപ്പോഴത്തെ സെക്രട്ടറിയായ രാഗേഷ് ആയിരിക്കും പുതിയ പ്രസിഡന്റായി മത്സരിക്കുക. സെക്രട്ടറി സ്ഥാനത്തേക്ക് ലിറ്റിന്‍ സ്റ്റീഫന്‍ എത്തിയേക്കുമെന്നും ട്രഷറര്‍ സ്ഥാനത്തേക്ക് മഹ സുബൈര്‍ എത്തിയേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രസിഡന്റ് സ്ഥാനത്ത് രാഗേഷിന് എതിര്‍പ്പ് ഉയര്‍ത്തിക്കൊണ്ട് സാന്ദ്ര തോമസ് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സാന്ദ്ര തോമസുമായി നിര്‍മാതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നു തന്നെ പുറത്താക്കി അപകീര്‍ത്തി കേസൊക്കെ കൊടുത്ത് അകറ്റി നിര്‍ത്തിയിരിക്കുന്ന സാഹചര്യമാണ്. സംഘടനയുമായി ബന്ധപ്പെട്ട പലരും സാന്ദ്ര തോമസിനെക്കുറിച്ച് പറഞ്ഞ നുണകളും ഭീഷണിപ്പെടുത്തിതുമൊക്കെ ചര്‍ച്ചയാകുമ്പോള്‍ അവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരിച്ചാല്‍ അവര്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ ആവണമെന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചിലരുടെ നിയന്ത്രണത്തിലാണ്. നിര്‍മാതാക്കള്‍ക്ക് മുന്നൂറിലേറെ വോട്ടുകളുണ്ട്. അവരില്‍ ചിലര്‍ക്ക് നിലവിലെ ഭരണസമിതിയോട് എതിര്‍പ്പുണ്ട്. അതുകൊണ്ട് അവര്‍ സാന്ദ്രതോമസിന് വോട്ട് ചെയ്യുമെന്ന ആശങ്ക നിലവിലുണ്ട്.

നിര്‍മാതാക്കള്‍ സിനിമയുടെ ചിലവ് അടക്കം വിവരങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയത് വലിയ ഇംപാക്ട് ജനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയെങ്കിലും അത് സിനിമ മേഖലയെ ബാധിക്കുകയും അത് വലിയ തോതില്‍ പരാതിക്ക് ഇടയാക്കുകയും സിനിമകളുടെ എണ്ണം കുറയുകയും ചെയ്തു. കാരണം നിര്‍മാതാക്കള്‍ക്ക് പണം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണെങ്കിലും സിനിമ മേഖലയിലെ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായി. ടെക്‌നിക്കല്‍ ജീവനക്കാര്‍ അടക്കം ഒരുപാട് പേര്‍ തൊഴില്‍ രഹിതരായിരിക്കുന്നു. കൂടാതെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസില്‍ ചില അനാശ്വാസ്യം നടക്കുന്നു എന്ന പരാതികളൊക്കെ നേരത്തെ ഉയര്‍ത്തിയിരുന്നു. ആ പരാതി ഇപ്പോള്‍ സജീവമായിട്ടുണ്ട്. സജി നന്ത്യാട്ട് ഇത് സംബന്ധിച്ച് ഒരു പരാതി ഔദ്യോഗികമായി കൊടുക്കുമെന്ന വിവരം പുറത്തേക്ക് വരുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ കുഴപ്പത്തിലാക്കുന്ന തരത്തിലേക്ക് വിവാദങ്ങള്‍ക്ക് കാരണമാകാം. ആ വിവാദങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനാകും സാന്ദ്ര തോമസിന്റെ നീക്കം. ജയിക്കണമെന്ന നിര്‍ബന്ധമില്ല, ഗണ്യമായ വോട്ടുകള്‍ പിടിക്കാനായാല്‍ തന്നെ സാന്ദ്രയെ അവഗണിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്രയെ എടുക്കേണ്ടി വരും. ഇത് അസോസിയേഷന് വലിയ തലവേദനയായി മാറാന്‍ സാധ്യതയുണ്ട്.

ഇതിനിടയിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയിലും ഉടച്ചുവാര്‍ക്കലിന് സാധ്യതയുണ്ട്. തിയേറ്റര്‍ ഉടമകളുടെ സംഘടനയെ ഒരു പതിറ്റാണ്ടിലേറെ കാലം ദിലീപായിരുന്നു നിയന്ത്രിച്ചിരുന്നത്. പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപ് സംഘടനയ്ക്ക് പുറത്താണ്. ദിലീപിന്റെ സിനിമ ജീവിതത്തേയും അത് ബാധിച്ചു. അതിന്റെ വിചാരണ പൂര്‍ത്തിയായി. അതിന്റെ വിധി ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി അനുകൂലമായി കുറ്റവിമുക്തനായാല്‍ ദിലീപ് വീണ്ടും സംഘടനയുടെ ചുമതലയിലേക്ക് വരുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ സിനിമ മേഖലയില്‍ വീണ്ടും ദിലീപ് പിടിമുറുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ തന്നെയാണ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നത്. സജി നന്ത്യാട്ട് പ്രസിഡന്റ് ആകാന്‍ ശ്രമം നടത്തുന്നുണ്ട്. അനില്‍ തോമസ് ആയിരിക്കും സെക്രട്ടറി. അങ്ങനെ സിനിമ മേഖലയില്‍ വലിയ പൊളിച്ചെഴുത്തിന് ഒരുങ്ങുന്നു. നിലവിലുള്ള സംവിധാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.


പല പ്രമുഖരുടെയും തല ഉരുളും. അകറ്റി നിര്‍ത്തിയിരുന്ന പലരും നിര്‍ണായക സ്ഥാനങ്ങളിലേക്ക് എത്തുമെന്നുമാണ് സിനിമ മേഖലയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരില്‍ നിന്നുമുള്ള വിവരം. മാത്രമല്ല, സുരേഷ് ഗോപി ഇതില്‍ എന്ത് റോളാണ് വഹിക്കുന്നത്. സുരേഷ് ഗോപിയുടെ ദീര്‍ഘകാല പദ്ധതികള്‍ എന്താണ് എന്നതിലാണ് ഒരു വിഭാഗം ചര്‍ച്ച ചെയ്യുന്നത്.