തിരുവനന്തപുരം: 'മലയാള സിനിമയെ ഇപ്പോള്‍ മൂന്നു തരത്തില്‍ വിലയിരുത്താം. ദിലീപിന്റെ അറസ്റ്റിനു മുന്‍പും ശേഷവുമുള്ള സിനിമ. കോവിഡിനു മുന്‍പും ശേഷവുമുള്ള സിനിമ. ഇപ്പോള്‍, ഹേമ കമ്മിറ്റിക്കു മുന്‍പും ശേഷവുമുള്ള സിനിമ' പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ്, പുതിയ സംഭവികാസങ്ങളോട് ഒരു സിനിമയിലെ പ്രമുഖന്റേതായി മനോരമയില്‍ വന്ന പ്രതികരണമാണ് ഇത്. നടിയെ ആക്രമിച്ച കേസിലാണ് ദിലീപ് അറസ്റ്റിലാകുന്നത്. അതിന് സമാനമായ പ്രതിസന്ധി സിനിമയില്‍ ഉണ്ടാകില്ലെന്ന് അന്ന് എല്ലാവരും വിശ്വസിച്ചു. പിന്നെ കോവിഡ് എത്തി. അതും കാലക്രമേണ മറികടന്നു. ഇപ്പോഴത്തെ വിവാദം അക്ഷരാര്‍ത്ഥത്തില്‍ മോളിവുഡിന് വെല്ലുവിളിയാണ്. ഇനി ഏതെല്ലാം നടനെതിരെ പ്രതികരണമെത്തുമെന്നതാണ് ഇതിനെല്ലാം കാരണം. മലയാള സിനിമയിലെ 'പുണ്യാളനെ' പോലും ഈ വിവാദം വെറുതെ വിടുന്നില്ല. ഒരു സൂപ്പര്‍താരവും ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ ആശങ്കയിലാണ് കാണുന്നത്.

നടിയെ ആക്രമിച്ച കേസിലെ വിധി ഉടന്‍ വരും. ആ വിധി മലയാള സിനിമയെ കൂടുതല്‍ പ്രതിക്കൂട്ടിലേക്ക് തള്ളിവിടും. നടിയ്ക്ക് അനുകൂലമായാല്‍ ദിലീപ് അകത്താകും. വിധി ദിലീപിന് അനുകൂലമായാല്‍ കേസിലെ അട്ടിമറി പോലും ചര്‍ച്ചകളില്‍ നിറയും. നടിയ്ക്ക് അനുകൂലമായി സാക്ഷി പറയേണ്ട ഒരാളുടെ സിനിമ കേരളത്തിലെ പ്രധാന അഭിഭാഷകന്റെ വീട്ടിലാണ് രണ്ടു വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത്. ഇതെല്ലാം നടിയാക്രമിച്ച കേസിലെ വിധിയെ കൂടുതല്‍ പ്രസക്തമാക്കി മാറ്റും. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം ഈ നടി ഇപ്പോഴും ഹൈക്കോടതിയിലും മറ്റും നടത്തുന്നത് കേസിലെ വിചാരണ അട്ടിമറിക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ്. ഇതിനിടെയാണ് ഹേമാ കമ്മറ്റിയില്‍ പീഡകരുടെ പേരുകള്‍ പുറത്തു വരുന്നത്. തൊടുപുഴയില്‍ പീഡനാനുഭവം വിവരിച്ച സോണിയാ മല്‍ഹാറും ഉറച്ച നിലപാടിലാണ്. നടന്റെ പേര് സോണിയെ വെളിപ്പെടുത്താന്‍ സാധ്യതയുണ്ട്. ഈ നടന്‍ നിലവില്‍ അമേരിക്കയിലാണുള്ളതെന്നാണ് സൂചന.

അമ്മയ്ക്കും ഫെഫ്കയ്ക്കും പോലും പീഡന പരാതികളെ ഗൗരവത്തിലെടുക്കേണ്ട സ്ഥിതി വിശേഷമുണ്ട്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള രഞ്ജിത്തിന്റെ രാജിക്ക് പിന്നിലുണ്ടായത് സിനിമയെ വെല്ലും നാടകീയതകളാണ്. ബംഗാളി നടിയുടെ ആരോപണം വലിയ ചര്‍ച്ചയായതിന് പിന്നാലെ തന്നെ രഞ്ജിത്ത് ചില കേന്ദ്രങ്ങളെ രാജി സന്നദ്ധത അറിയിച്ചു. എന്നാല്‍ രാജി നല്‍കിയില്ല. ഇതിനിടെയാണ് പീഡനാരോപണത്തെ തുടര്‍ന്ന് താര സംഘടനയായ അമ്മയില്‍ നിന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സിദ്ദിഖിന്റെ രാജി എത്തിയത്. ഇതോടെ രഞ്ജിത്തില്‍ നിന്നും രാജി സമ്മര്‍ദ്ദത്തിലൂടെ സര്‍ക്കാര്‍ ഇമെയിലില്‍ വാങ്ങി. സിനിമയിലെ പ്രമുഖനെയാണ് ഇതിന് വേണ്ടി സിപിഎം നിയോഗിച്ചത്.

രഞ്ജിത്തിനെതിരെ ബംഗാളി നടിയ്ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. ബംഗാളിലെ പാര്‍ട്ടി വേദികളിലെ സജീവ സാന്നിധ്യമായ നടിയുടെ പരാതിയെ ഗൗരവത്തില്‍ തന്നെ കാണണമെന്ന് സിപിഎം കേന്ദ്ര നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വത്തിനും സന്ദേശം നല്‍കിയിരുന്നു. കേരളത്തില്‍ സിനിമയിലെ സ്ത്രീ വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്ന ഡബ്ല്യൂസിസിയ്ക്കും ഇടതു പക്ഷ മനസ്സാണ് പൊതുവേയുള്ളത്. അതുകൊണ്ട് തന്നെ അവരെ പിണക്കി മുമ്പോട്ട് പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്. ഇതെല്ലാം പരാതി അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചു. ആര്‍ക്കെതിരെ മൊഴി കിട്ടിയാലും സാഹചര്യം പരിശോധിച്ച് പോലീസ് കേസെടുക്കും. ഇനി പ്രതിച്ഛായ നഷ്ടം ഈ വിഷയത്തിലുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നില്ല.

പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിക്കുന്നത് കേരളാ പോലീസില്‍ അന്വേഷണ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് മേല്‍നോട്ട ചുമതല. ഐജി സ്പര്‍ജന്‍ കുമാര്‍ അടക്കമുള്ള മികച്ച നിരയില്‍ നാല് ഐപിഎസ് ഉദ്യോഗസ്ഥരുമുണ്ട്. എന്‍ഐഎയില്‍ അടക്കം പ്രവര്‍ത്തിച്ച അന്വേഷണ പരിചയമുള്ള ഡിഐജി അജീതാ ബീഗവും ശ്രദ്ധേയ അന്വേഷണങ്ങള്‍ നടത്തിയ വ്യക്തി. എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്‌റെ എന്നിവരും സംഘത്തിലുണ്ട്. എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരും ഈ ടീമിലുണ്ട്.

മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകള്‍ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിട്ടുണ്ടെന്നും ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാനാണ് പ്രത്യേക പോലീസ് സംഘമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. അതായത് പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക. ഹേമ കമ്മിറ്റി മുമ്പാകെ അതിക്രമം തുറന്നുപറഞ്ഞ വിഷയങ്ങളില്‍ ഇപ്പോള്‍ അന്വേഷണമുണ്ടാകില്ല. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് ഇത്.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ പരാതിയുന്നയിച്ചത്. 'പാലേരി മാണിക്യം' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. ലൈംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്നും നടി വെളിപ്പെടുത്തി. ഇതിനൊപ്പം യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ധിഖും രാജിവച്ചു. ഇതിന് പുറമേ എംഎല്‍എയും നടനുമായ മുകേഷിനെതിരേയും ആരോപണമുണ്ട്. നടന്‍ റിയാസ് ഖാനും സംശയ നിഴലിലാണ്.

പരാതി ഉന്നയിച്ചവരെ ഈ പ്രത്യേക സംഘം ബന്ധപ്പെടും. മൊഴി കിട്ടിയാല്‍ പ്രാഥമിക അന്വേഷണത്തിലേക്ക് കടക്കും. ചിലര്‍ക്കെതിരെ പേരു പറയാതെയാണ് ആരോപങ്ങള്‍ ചര്‍ച്ചയാകുന്നത്. ഇവരോടും സംഘം വിവരശേഖരണം നടത്തും. ആദ്യ ഘട്ടത്തില്‍ സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക.