- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാലും മമ്മൂട്ടിയും പൂര്‍ണ്ണമായും എല്ലാം വിട്ടു; സൂപ്പര്‍താരങ്ങള്‍ പിന്മാറിയതോടെ പ്രമുഖര്‍ക്കെല്ലാം താല്‍പ്പര്യം കുറഞ്ഞു; 'ആത്മ'യെ പോലെ 'അമ്മ'യേയും കൈപ്പിടിയില്‍ ഒതുക്കാന്‍ മന്ത്രി ഗണേശന്; എങ്ങനേയും സംഘടന പിടിക്കാന്‍ ബാബുരാജ് അരയും കച്ചയും മുറുക്കി 'യുദ്ധത്തിന്'; വിജയരാഘവനും കുഞ്ചാക്കോയ്ക്കും ബലിയാട് ഭയം! ജഗദീഷിനെ വെട്ടാന്‍ സംയുക്ത നീക്കങ്ങള്‍; ഓഗസ്റ്റ് 15ന് താരസംഘടനയ്ക്ക് 'സ്വാതന്ത്ര്യം' കിട്ടുമോ?
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സര്‍വ്വത്ര അനിശ്ചിതത്വം. മോഹന്‍ലാലും മമ്മൂട്ടിയും അടക്കം ചര്‍ച്ചകളില്‍ ഒന്നും സജീവമല്ല. ഇതോടെ താര പൊലിമയുള്ള ആരും മത്സരത്തിനും തയ്യാറാകുന്നില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ഥി പത്രികാവിതരണം ആരംഭിച്ചു. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, 11 അംഗ എക്സിക്യൂട്ടീവ് എന്നിവയടക്കം 17 പേരെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഓഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ ഒന്നുവരെ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിലാണ് നടക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലെണ്ണം വനിതാ സംവരണമാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 31ന് അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. ആരെല്ലാം പത്രിക നല്‍കുമെന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. ബാബുരാജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മത്സരിക്കാനുള്ള അണിയറ നീക്കങ്ങളിലാണ്.
ഓഗസ്റ്റ് 15ന് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന് പുതിയ ഭരണസമിതി സ്ഥാനമേല്‍ക്കും. കുഞ്ചന്‍, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിവരാണു തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍. അഡ്വ. കെ. മനോജ് ചന്ദ്രനാണു വരണാധികാരി. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു തുടരണമെന്ന് അഡ്ഹോക് കമ്മിറ്റിയുടെ അവസാനയോഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. ഇതിന് ശേഷം അമ്മയുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചകളിലും മോഹന്‍ലാല്‍ ഭാഗമായിട്ടില്ല. ഇനി അമ്മയുടെ നേതൃത്വത്തിലേക്കില്ലെന്ന നിലപാടിലാണ് മോഹന്‍ലാല്‍. തൊണ്ണൂറുകളില്‍ തിരുവനന്തപുരം ലോബിയും കൊച്ചി ലോബിയുമായിരുന്നു മലയാള സിനിമയെ നിയന്ത്രിച്ചത്. പിന്നീട് ദിലീപിന്റെ നേതൃത്വത്തിലേക്ക് അധികാരമെല്ലാം എത്തി. നടിയെ ആക്രമിച്ച കേസോടെ സമവാക്യങ്ങള്‍ വീണ്ടും മാറി. അപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും എല്ലാം നിയന്ത്രിച്ചു. ഇന്നസെന്റിന്റെ സാന്നിധ്യവും പ്രശ്‌നങ്ങളുണ്ടാകാതെ മുമ്പോട്ട് പോകുന്ന സ്ഥിതിയുണ്ടായി. അമ്മ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ടു തവണയും മത്സരിക്കാന്‍ ആളുകളുണ്ടായിരുന്നു. എന്നാല്‍ പ്രസിഡന്റായി മോഹന്‍ലാലിന് എതിരാളികള്‍ ഉണ്ടായിരുന്നില്ല. മാറി സാഹചര്യത്തില്‍ എല്ലാ പദവിയിലേക്കും മത്സരം നടക്കും.
അതിനിടെ നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍ സംഘടനയില്‍ പിടിമുറുക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സൂചന. വലിയ പ്രശ്‌നങ്ങളില്ലാതെ അമ്മയില്‍ പുതിയ നേതൃത്വത്തെ എത്തിക്കാനാണ് നീക്കം. അമ്മയുടെ സ്ഥിരം ഭാരവാഹിയായിരുന്ന ഗണേഷിനെ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ചിലര്‍ മത്സരിക്കാന്‍ അനുവദിച്ചിരുന്നില്ല. മുകേഷിനേയും ഇതേ കാരണത്താല്‍ മാറ്റി. ടെലിവിഷന്‍ താര സംഘടനായ ആത്മയില്‍ ഗണേഷിന് വ്യക്തമായ സ്വാധീനമുണ്ട്. ഇതേ മാതൃകയില്‍ അമ്മയിലും വേരുറപ്പിക്കാനുള്ള നീക്കം ഗണേഷ് നടത്തുന്നുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ഇനി അമ്മയില്‍ ഒരു റോളിനുമില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇത്. ലാലിന്റെ പിന്മാറ്റത്തോടെ മലയാള സിനിമയിലെ സാങ്കേതിക പ്രമുഖരും അമ്മയില്‍ കാര്യമായ ഇടപെടലിന് ഇല്ല. ആ സംഘടനയില്‍ ഇനി എന്തു വേണമെങ്കിലും നടന്നോട്ടേ എന്നാണ് അവരുടെ നിലപാട്. ഫെഫ്ക അടക്കം താര സംഘടനയുടെ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ആരു വന്നാലും കുഴപ്പമില്ലെന്ന പക്ഷത്താണ്.
താര സംഘടനയ്ക്ക് മുഖം നഷ്ടപ്പെടുമോ എന്ന ആശങ്ക ചിലര്‍ക്കെങ്കിലും ഉണ്ട്. ഇത് മനസ്സിലാക്കി. പ്രസിഡന്റായി സീനിയര്‍ നടനായ വിജയരാഘവനെ കൊണ്ടുവരാനുള്ള ശ്രമം ഒരുവിഭാഗം നടത്തുന്നുണ്ട്. യുവനടന്‍ കുഞ്ചാക്കോ ബോബന്റെ പേരും ഉയരുന്നുണ്ട്. പ്രധാന ഭാരവാഹിത്വത്തിലേക്കു വനിതകളെ കൊണ്ടുവരുമെന്ന സൂചനയുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സജീവ ചര്‍ച്ചയല്ലെങ്കിലും വനിതാ അംഗങ്ങളുടെ നിലപാടും വോട്ടെടുപ്പില്‍ നിര്‍ണായകമാകും. കുഞ്ചാക്കോ ബോബന് പക്ഷേ മത്സരിക്കാന്‍ താല്‍പ്പര്യമില്ല. ജഗദീഷാണ് താര സംഘടനയെ നയിക്കാന്‍ ഭേദമെന്ന ചര്‍ച്ച സജീവമാണ്. എന്നാല്‍ ജഗദീഷിന്റെ നിലപാടുകള്‍ പലപ്പോഴും പൊതു സമൂഹത്തിന്റെ മനസ്സ് മനസ്സിലാക്കിയാണ്. അതുകൊണ്ട് തന്നെ അത്തരത്തിലൊരാള്‍ വന്നാല്‍ തരികിടകള്‍ നടക്കില്ലെന്ന ബോധം ചിലര്‍ക്കുണ്ട്. അവര്‍ ജഗദീഷിനെ പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ ആകുന്നത് തടയാന്‍ സജീവമായി രംഗത്തുണ്ട്.
മോഹന്‍ലാല്‍ പ്രസിഡന്റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായി കഴിഞ്ഞവര്‍ഷം ചുമതലയേറ്റ ഭരണസമിതിക്ക് 2027 വരെ തുടരാമായിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വിവാദമാണ് സംഘടനയില്‍ അഴിച്ചുപണിക്കു വഴിയൊരുക്കിയത്. പീഡനപരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് 25ന് സിദ്ദിഖ് രാജിവച്ചു. 27ന് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണസമിതിയാകെ രാജി നല്‍കിയെങ്കിലും അഡ്ഹോക് കമ്മിറ്റിയായി തുടര്‍ന്നു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതി ചുമതലയേല്‍ക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും ഒരുവര്‍ഷം തികയുമ്പോഴാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
ഉണ്ണി മുകുന്ദന്‍ അടക്കമുണ്ടാക്കിയ തലവേദനകളില്‍ ലാലിന് വേദനയുണ്ട്. ലാല്‍ പറഞ്ഞ് കേള്‍ക്കാതെ വിഷയം വഷളാക്കിയെന്നാണ് സൂചന. യുവ നടന്റെ ചിത്രം താര സംഘടനയുടെ ജനറല്‍ ബോഡി പോസ്റ്ററുകളില്‍ നിന്ന് പോലും നീക്കി. ഇതിനൊപ്പം ബാബുരാജിനെ പോലൊരു ജനറല്‍ സെക്രട്ടറി ഇനി അമ്മയ്ക്ക് എത്തുമെന്ന വിലയിരുത്തലും സജീവം. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ എല്ലാം ലാല്‍ അറിഞ്ഞു. തിരക്കു പിടിച്ച അഭിനയ ജീവിതം ലാലിന് മുന്നിലുണ്ട്. തുടരും സിനിമയുടെ വന്‍ വിജയം നല്‍കിയത് ഈ സൂചനയാണ്. അതുകൊണ്ട് തന്നെ സിനിമകളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് ശ്രമം. വിവാദങ്ങള്‍ക്ക് പിറകെ പോയി ശത്രുക്കളെ സൃഷ്ടിക്കാനും ലാലിന് താല്‍പ്പര്യമില്ല.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് ഏവരും പ്രചരിപ്പിച്ചു. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറല്‍ ബോഡി തീരുമാനിച്ചു. രാജിവച്ച ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയായി തുടരുന്നവര്‍ തന്നെ വീണ്ടും ഭരണസമിതിയില്‍ വരട്ടെ എന്നുള്ള ചര്‍ച്ചയും സജീവമാക്കി. ബാബുരാജ് ജനറല്‍ സെക്രട്ടറിയാക്കട്ടേ എന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ ഇതൊന്നും ലാല്‍ അംഗീകരിച്ചില്ല. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹന്‍ലാല്‍ കടുത്ത നിലപാട് സ്വീകരിച്ചു. പല വിവാദങ്ങളിലും ചേര്‍ത്തല ജയന്‍ അടക്കമുള്ളവര്‍ സ്വീകരിച്ച പരസ്യ നിലപാടുകള്‍ ലാലിനെ വേദനിപ്പിച്ചിരുന്നു. 20ഓളം പേര്‍ ജനറല്‍ ബോഡിയില്‍ മോഹന്‍ലാലിനു വേണ്ടി ശക്തമായി വാദിച്ചു. മോഹന്‍ലാല്‍ തുടരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ നിലപാട് മാറ്റാന്‍ മോഹന്‍ലാല്‍ തയാറായില്ല.
തിരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകള്‍ നേതൃത്വത്തിലുണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതോടെയാണ് അഡ്ഹോക് കമ്മിറ്റി 3 മാസം കൂടി തുടരാനും അതിനു ശേഷം തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്. താന്‍ പ്രസിഡന്റാകാന്‍ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹന്‍ലാല്‍ നിലപാടെടുത്തു. അംഗങ്ങള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയ്ക്കു ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നതിനാല്‍ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും ലാല്‍ പറഞ്ഞു.