കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റെടുത്ത കേസ് ഒതുക്കിതീര്‍ക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ഉന്നയിച്ച കൊല്ലത്തെ കശുവണ്ടി വ്യവസായി ഭൂലോക തട്ടിപ്പുകാരനെന്ന് ആരോപണം. ഇയാളുടെ തട്ടിപ്പിന് ഇരയാവരുടെ അനുഭവ കഥകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. ലക്ഷങ്ങളല്ല, കോടികളാണ് ഇയാള്‍ പലരില്‍ നിന്നായി തട്ടിയെടുത്തിരിക്കുന്നത്. കൊല്ലം അഞ്ചലിലെ വ്യവസായി ആയ റോയല്‍ കുഞ്ഞുമോന്റെ പക്കല്‍ നിന്ന് തട്ടിയെടുത്തത് പതിനഞ്ചര കോടിയാണ്. ജയലക്ഷ്മി പങ്കജാക്ഷന്റെയും കോടികള്‍ അപഹരിച്ചു. ഈ ഫണ്ടെല്ലാം ഇയാള്‍ എവിടെ മുക്കിയെന്നും ആര്‍ക്കുമറിയില്ല. ഒടുവില്‍ ഇഡിക്കെതിരെ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളില്‍ ഷൈന്‍ ചെയ്യുമ്പോള്‍ ചര്‍ച്ചയാകുന്നത് ഇയാളുടെ തട്ടിപ്പിന് ഇരയായവരുടെ സങ്കടകഥകളാണ്. ഒപ്പം ഈ കേസില്‍ രാഷ്ട്രീയ മാനവുമുണ്ട്. ഇഡിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുക എന്ന പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അജണ്ടയുടെ ഭാഗമാണെന്ന ആരോപണവും ഒരുഭാഗത്ത് ഉയരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് എതിരെയും, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎമ്മിനെതിരെയും ഇഡി കേസെടുത്തിട്ടുണ്ട്്. ഈ പശ്ചാത്തലത്തില്‍, ഇഡിയെ പ്രതികൂട്ടിലാക്കുക എന്നത് സര്‍ക്കാരിന്റെയും, സിപിഎമ്മിന്റെയും താല്‍പര്യമാണെന്ന് സംശയിച്ചാലും തെറ്റുപറയാനാവില്ല.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കേസിന്റെ പേരില്‍, ഇഡി ഉദ്യോഗസ്ഥരില്‍ പലരുടെയും പേരില്‍ കേസെടുത്ത് അവരെ പലരെയും ഭയപ്പെടുത്തി സ്ഥലത്ത് നിന്ന് തന്നെ പറ പറത്തിയിരുന്നു. ആ കേസൊക്കെ ഇടക്കാലത്ത് തണുത്തെങ്കിലും, ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കുമ്പോള്‍, ഇഡിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുക എന്ന ലക്ഷ്യം ഗൂഢാലോചനയുടെ പിന്നിലുണ്ട് എന്നാണ് ആരോപണം. ഗൂഢാലോചന സംശയിക്കാന്‍ കാരണം, ഇഡി കൈക്കൂലി വാങ്ങി എന്നാരോപിച്ച കശുവണ്ടി വ്യവസായി അനീഷ് ബാബുവിന് എതിരെ ഉയരുന്ന തട്ടിപ്പ് ആരോപണങ്ങളാണ്.

ഇയാള്‍ കോടികളുടെ തട്ടിപ്പും, വിദേശ സാമ്പത്തിക ക്രമക്കേടുകളും നടത്തിയിട്ടുണ്ടെന്ന പേരില്‍ നിരവധി കേസുകള്‍ നിലനില്‍ക്കുന്നു. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളുടെ ആരോപണങ്ങള്‍ അനീഷ് ബാബുവിന് എതിരെ ദീര്‍ഘകാലമായുണ്ട്. സാമ്പത്തിക തിരിമറിയുടെ തെളിവുകള്‍ ഇഡിയുടെ പക്കല്‍ ഉണ്ട്. അനീഷ് ബാബുവിന്റെ കയ്യില്‍ നിന്ന് ഇഡി കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചെങ്കില്‍ അതുകടന്ന കയ്യാണ്. എന്നല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി അനീഷ് ബാബു നടത്തിയ തട്ടിപ്പുകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇതിനകം പല മാധ്യമങ്ങളിലൂടെയും പുറത്തുവന്നുകഴിഞ്ഞു. ഒന്നിലധികം പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.


തകര്‍ന്നുപോയ റോയല്‍ കുഞ്ഞുമോന്‍

കൊട്ടാരക്കരക്കാരനായ അനീഷ് ബാബുവിന് വലിയ സ്വാധീനം പൊലീസിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലും ഉണ്ട്. ഇയാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്യുന്ന ഇടനിലക്കാരനാണ്. കൊല്ലം ഭാഗത്തുള്ള പല കശുവണ്ടി വ്യാപാരികളും ഇയാള്‍ വഴിയാണ് ഇടപാട് നടത്താറുള്ളത്. തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ പലരില്‍ നിന്നായി 50 കോടിയോളം തട്ടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്ക് പതിനഞ്ചര കോടി ബാങ്ക് അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്തിട്ട് വഞ്ചിക്കപ്പെട്ടയാളാണ് അഞ്ചല്‍ സ്വദേശിയായ വ്യവസായിയായ റോയല്‍ കുഞ്ഞുമോന്‍. നിലവില്‍ അമേരിക്കയിലുള്ള കുഞ്ഞുമോന്‍, അനീഷ് ബാബുവിന്റെ തട്ടിപ്പിനെ കുറിച്ച് മറുനാടന്‍ മലയാളിയോട് വിശദമായി സംസാരിച്ചു.

ഡല്‍ഹി കേന്ദ്രീകരിച്ച് ബിസിനസ് ചെയ്തിരുന്ന വ്യവസായിയാണ് റോയല്‍ കുഞ്ഞുമോന്‍. ജന്മനാട്ടില്‍ വ്യവസായം തുടങ്ങാനും, കുറച്ചുപേര്‍ക്ക് തൊഴില്‍ നല്‍കാനുമുള്ള ആഗ്രഹത്തിന്റെ പേരില്‍ അഞ്ചലില്‍ റോയല്‍ ജ്വല്ലറിയും, ഓഡിറ്റോറിയവും തിയേറ്ററും ഒക്കെ തുടങ്ങിയെങ്കിലും അനീഷ് ബാബുവിന്റെ വഞ്ചനയില്‍ അടി കിട്ടിയതോടെ എല്ലാം മടുത്ത് നാട് വിടുകയായിരുന്നു. കശുവണ്ടി ഇറക്കുമതി ചെയ്യാന്‍ ഇടനിലക്കാരനായി അനീഷ് ബാബുവിനെ തിരഞ്ഞെടുത്തതോടെയാണ് തിരിച്ചടി നേരിട്ടത്. താന്‍സാനിയയില്‍ നിന്നും മറ്റും കശുവണ്ടി ഇറക്കുമതി ചെയ്യാന്‍ പലപ്പോഴായി ഫെഡറല്‍ ബാങ്ക് അക്കൗണ്ട് വഴി അനീഷ് ബാബുവിന് പതിനഞ്ചര കോടി കൈമാറി. പക്ഷേ അനീഷ് ബാബു കശുവണ്ടി കൊടുത്തില്ലെന്ന് മാത്രമല്ല, വ്യാജ രേഖകള്‍ ഉണ്ടാക്കി കബളിപ്പിച്ചു. കെനിയയിലെ ഐ ആന്‍ഡ് എം ബാങ്കിന്റെ പേരില്‍, ഇയാള്‍ വ്യാജ രേഖകള്‍ ഉണ്ടാക്കുകയായിരുന്നു. വ്യാജ അക്കൗണ്ടുകളും രസീതികളും സൃഷ്ടിക്കുകയും, ബാങ്കിന്റെ മാനേജരുടെ പേരില്‍ വ്യാജ കത്ത് വരെ ഉണ്ടാക്കി കബളിപ്പിക്കുകയുമായിരുന്നു. അതിനിടെയാണ് അനീഷ് ബാബുവിനെ ജയലക്ഷ്മി പങ്കജാക്ഷന്‍ എന്നയാളുടെ പരാതിയില്‍ അറസ്റ്റ് ചെയ്യുന്നത്. കുഞ്ഞുമോനെ പറ്റിച്ചതിന് സമാനമായി പങ്കജാക്ഷന്റെ പക്കല്‍ നിന്ന് കോടികള്‍ തട്ടിച്ചതിന്റെ പേരില്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറച്ചുകാലം ജയിലില്‍ കിടക്കേണ്ടി വന്ന ഇയാളെ പിന്നീട് മൂന്നുകോടിയുടെ ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്. 3 കോടിയുടെ ജാമ്യത്തിന് 30 ലക്ഷം വിലയുളള ഭൂമി കാട്ടി കോടതിയെയും കബളിപ്പിച്ചു.





അനീഷ് ബാബു തട്ടിപ്പുകാരനെന്ന് മനസ്സിലായതോടെ എങ്ങനെയും പണം വാങ്ങിയെടുക്കാന്‍ റോയല്‍ കുഞ്ഞുമോന്‍ അനീഷ് ബാബു താന്‍സാനിയയ്ക്ക് പോയി. അവിടെ അനീഷ് ബാബുവിന് കിട്ടിയ സ്വീകരണം കണ്ട് കുഞ്ഞുമോന്റെ കണ്ണുതള്ളിപ്പോയി. കസ്റ്റംസിലും, ഇമിഗ്രേഷനിലും ഒക്കെ വലിയ സ്വാധീനം. ബാങ്കില്‍ ചെന്നാല്‍ അക്കൗണ്ടില്‍ വലിയ തുകയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന ജീവനക്കാരും. ഉടന്‍ പണം കിട്ടുമെന്ന് കുഞ്ഞുമോന്‍ കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വരെ കമ്മീഷനും മറ്റും നല്‍കി അനീഷ് ബാബു വലിയ സ്വാധീനവും ബന്ധവുമാണ് ഉണ്ടാക്കിയെടുത്തിരുന്നത്.

ഇഡിക്ക് എതിരായ കൈക്കൂലി ആരോപണം ഗൂഢാലോചനയോ?

എല്ലാം മടുത്ത് റോയല്‍ കുഞ്ഞുമോന്‍ അഞ്ചലിലെ കച്ചവടം പൂട്ടി ഡല്‍ഹിക്ക് പോയി. അവിടെ ലോജിസ്റ്റിക്ക്‌സ് ബിസിനസ് നടത്തുന്നു. തകര്‍ന്നുപോയ കഞ്ഞുമോന് തുണയായത് അമേരിക്കയില്‍ ജോലിയുള്ള മകനാണ്. കുഞ്ഞുമോന്‍, അനീഷ് ബാബുവിന് എതിരെ ഇഡിക്ക് അയാള്‍ ഉണ്ടാക്കിയ വ്യാജരേഖകള്‍ സഹിതം പരാതി കൊടുത്തു. രണ്ടുതവണ ജയിലിലാകുകയും, 50 കോടിയോളം തട്ടിപ്പ് നടത്തുകയും ചെയ്ത അനീഷ് ബാബു റോയല്‍ കുഞ്ഞുമോനുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. കേസില്‍ നിന്ന് അനീഷ് ബാബുവിനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തന്നെ നടത്തിയ ഗൂഢാലോചനയാണോ ഇഡി കൈക്കൂലി വിവാദമെന്നും സംശയം ഉയരുന്നു. പൊലീസിലും സര്‍ക്കാരിലെ ഉന്നതരിലും ഇയാള്‍ക്ക് സ്വാധീനമുണ്ട്. പല പൊലീസ് ഓഫീസര്‍മാരുമായും ഇയാള്‍ വിദേശത്ത് ടൂര്‍ പോയതിന്റെ വിശദാംശങ്ങള്‍ നേരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

തട്ടിപ്പുകാരനായ ഒരാളെ മുന്‍നിര്‍ത്തി ഇഡി ഉദ്യോഗസ്ഥരെ കെണിയില്‍ പെടുത്തിയതാണ് എന്ന ആരോപണവും ഉയരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ വിശുദ്ധരല്ലെങ്കിലും, ഇഡി എന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ വിലയിടിക്കാന്‍ ആസൂത്രണം ചെയ്ത വിവാദമാണ് ഇതെന്ന സംശയം ഉയരുന്നു.

സംഭവത്തില്‍, ഇഡിക്ക് ക്ലീന്‍ ചിറ്റ് കൊടുക്കാനാവില്ലെങ്കിലും, കേന്ദ്ര ഏജന്‍സിക്കെതിരെ പൊതുവികാരം സൃഷ്ടിക്കാന്‍ പാകത്തില്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പല പത്രങ്ങളും ഇഡിക്കെതിരെ എഡിറ്റോറിയല്‍ വരെ എഴുതി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇഡി ഉദ്യോഗസ്ഥര്‍ സര്‍വ്വത്ര അഴിമതിക്കാരെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ചുരുക്കത്തില്‍, ഇഡിയിലെ ചില ഉദ്യോഗസ്ഥരുടെ കൊളളരുതായ്മയുടെ പേരില്‍ ഒരു ഏജന്‍സിയെ തന്നെ താറടിച്ചുകാട്ടാനും, സ്വന്തം പേരിലുള്ള അഴിമതികളും ക്രമക്കേടുകളും മറയ്ക്കാനാണ് പിണറായി സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. ഇഡിയുടെ കൊച്ചിയിലെ ഓഫീസില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ പിഴുതെറിയാനുള്ള ആര്‍ജ്ജവം കാട്ടേണ്ടത് ഇഡി ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ്. അതിനൊപ്പം റോയല്‍ കുഞ്ഞുമോന്റെയും, ജയലക്ഷ്മി പങ്കജാക്ഷന്റെയും കേസുകളില്‍ നീതി ലഭ്യമാക്കാനും ഇഡി നടപടിയെടുക്കേണ്ടതാണ്.

ആരാണ് അനീഷ് ബാബു? എന്താണ് തോട്ടണ്ടി കേസ്?

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു വിശ്വസിപ്പിച്ചു കോടികള്‍ തട്ടിയ കേസില്‍ കൊല്ലത്ത് പോലീസ് അറസ്റ്റിലായ വ്യവസായിയാണ് അനീഷ് ബാബു. പോലീസ് അന്വേഷണത്തില്‍ അനീഷ് ബാബുവിന് വിദേശ ബാങ്കുകളില്‍ ഉള്‍പ്പടെ പത്തിലധികം അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടുണ്ട്. ടാന്‍സാനിയയില്‍ നിന്നു തോട്ടണ്ടി ഇറക്കുമതി ചെയ്തു നല്‍കാമെന്നു പറഞ്ഞു കശുവണ്ടി വ്യവസായികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത കേസിലാണ് അനീഷ് ബാബുവിനെ 2020ല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കേരളത്തിലും തായ്‌ലാന്‍ഡിലും ടാന്‍സാനിയയിലുമായി അനീഷിന് പത്തിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൊണ്ട് പ്രതി ആഡംബര ജീവതമാണ് നയിച്ചിരുന്നതെന്നായിരുന്നു ആരോപണം. ഈ കേസാണ് ഇഡി അന്വേഷണത്തിന് കാരണമായത്.

അറസ്റ്റിലാകുമ്പോള്‍ ഒരു കോടിയിലധികം വിലയുള്ളത് ഉള്‍പ്പടെ 14 കാറുകളാണ് അനീഷിന് ഉണ്ടായിരുന്നത്. തട്ടിപ്പിന് കേന്ദ്രസര്‍ക്കാരിന്റെ അടക്കം വ്യാജ രേഖ നിര്‍മിച്ചതായും സൂചനയുണ്ടെന്ന് 2020ല്‍ മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ കേസില്‍ അനീഷ് മുന്‍പും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. കൊട്ടാരക്കര വാളകം അമ്പലക്കരയിലെ വാഴവില വീട്ടില്‍ അനീഷ്ബാബുവിനെ 2018ലും അറസ്റ്റ് ചെയ്തിരുന്നു. അന്ന് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് കസ്റ്റഡിയിലെടുത്തത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു തോട്ടണ്ടി ഇറക്കുന്നതിനുള്ള ലൈസന്‍സുണ്ടെന്ന വ്യാജരേഖകള്‍ കാട്ടി തൃക്കോവില്‍വട്ടം ജയലക്ഷ്മി കാഷ്യൂസ് ഉടമ പങ്കജാക്ഷന്‍ പിള്ളയില്‍ നിന്ന് അഞ്ച് കോടി രൂപ തട്ടിയ കേസിലാണ് അനീഷ് ബാബു അറസ്റ്റിലായത്. പങ്കജാക്ഷന്‍ പിള്ളയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അനീഷിനെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കൊല്ലം പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അന്ന് ഇയാള്‍ പിടിയിലായത് അറിഞ്ഞ് തട്ടിപ്പിനിരയായ കൂടുതല്‍ കശുവണ്ടി വ്യവസായികളും ഇടനിലക്കാരും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ വളപ്പിലെത്തിയിരുന്നു. വിവിധ ആളുകളില്‍ നിന്നായി 5 കോടിയിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായായിരുന്നു കണ്ടെത്തല്‍. എന്നാല്‍ കബളിപ്പിക്കപ്പെട്ടവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാന്‍ യഥാര്‍ഥ തുക തട്ടിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അന്ന് പൊലീസ് പറഞ്ഞിരുന്നു. അനീഷ് ബാബുവിന്റെ പോലീസ് ബന്ധങ്ങളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു

തോട്ടണ്ടി ഇടപാടില്‍ കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി അനീഷ് ബാബുവുമായി ചില പൊലീസ് ഓഫിസര്‍മാര്‍ക്ക് വഴി വിട്ട സൗഹൃദം ഉണ്ടായിരുന്നുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും മനോരമ 2020ല്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, ഗ്രേഡ് എസ്ഐ, സിവില്‍ പൊലീസ് ഓഫിസര്‍ എന്നിവര്‍ക്കെതിരെയായിരുന്നു ആ റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ അനീഷ് ബാബു നല്‍കിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്‍, കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ കേസില്‍ ഒന്നും പിന്നീട് സംഭവിച്ചില്ല.

പരാതിക്കാരുടെ വിവരങ്ങള്‍ കൃത്യമായി അനീഷ് ബാബുവിന് കൈമാറാന്‍ സിഐമാര്‍ സഹായം നല്‍കിയെന്നും പ്രതിഫലമായി പണവും സല്‍ക്കാരങ്ങളും സ്വീകരിച്ചുവെന്നുമാണ് മൊഴി. രണ്ട് സിഐമാരും നേരത്തേയും പല കേസുകളില്‍ ആരോപണ വിധേയരാണ്. അനീഷ്ബാബുവിനെതിരെയുള്ള പരാതികള്‍ പൂഴ്ത്തിവയ്ക്കാനും വിവരം കൈമാറാനും ഇരുവരും ശ്രമിച്ചതായി സംശയിക്കുന്നു. അനീഷ്ബാബുവിനൊപ്പം ഉല്ലാസയാത്രകളില്‍ ഒരാള്‍ പതിവായി പങ്കെടുത്തിട്ടുണ്ട്. മദ്യ സല്‍ക്കാരത്തിലും പതിവ് പങ്കാളിയാണെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് കശുവണ്ടി വ്യവസായികള്‍ നല്‍കിയ പരാതിയിലാണ് അനീഷ്ബാബുവിന്റെ ആ അറസ്റ്റ്. പരാതി പൊലീസില്‍ ലഭിച്ചതിന് പിന്നാലെ അനീഷ്ബാബുവിന് വിവരം ലഭിച്ചു. കൊട്ടാരക്കരയില്‍ നിന്നു തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു. ഈ സംഭവമാണ് അന്വേഷണസംഘത്തിന് സംശയം ഉളവാക്കിയത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ രണ്ട് പേരും മുന്‍പ് കൊട്ടാരക്കര സ്റ്റേഷന്‍ ചുമതലയിലുള്ളവരാണ്.

വ്യാജ രേഖയും കണ്ടെത്തി

കശുവണ്ടി ഇറക്കുമതി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ അനീഷ് ബാബു എന്ന വ്യാപാരി ബാങ്ക് ഇടപാടുകളുടെ വ്യാജരേഖകള്‍ ചമച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ടാന്‍സാനിയയിലെ ഐ. ആന്‍ഡ് എം. ബാങ്കില്‍ 40.22 ലക്ഷം ഡോളര്‍ കൊട്ടാരക്കര സ്വദേശി അനീഷിന്റെ പേരിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന 'സിഫ്ട്' (സൊസൈറ്റി ഫോര്‍ വേള്‍ഡൈ്വഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലി കമ്യൂണിക്കേഷന്‍) രേഖ കണ്ടാല്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പണം നല്‍കാനുള്ള വ്യാപാരികളെ ഈ രേഖ കാട്ടിയാണ് അനീഷ് സമാധാനിപ്പിച്ച് അയച്ചത്. എന്നാല്‍ വ്യാപാരികള്‍ ബാങ്കില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് ബോധ്യമായി.

ഇതുമാത്രമല്ല അനീഷിന്റെ പേരില്‍ 1.60 കോടി രൂപ അനുവദിച്ച എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സിന്റെ ചെക്ക്, ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ രേഖകള്‍, കോടികളുടെ ബാങ്ക് ഇടപാടുകള്‍ സൂചിപ്പിക്കുന്ന ബാങ്കുകളുടെ പേരിലുള്ള എസ്.എം.എസ്. സന്ദേശങ്ങള്‍, കപ്പല്‍ ഏജന്‍സിയുടെ കത്ത് ഇവയെല്ലാം തട്ടിപ്പിനായി അനീഷും സംഘവും വ്യാജമായി നിര്‍മിച്ചെന്ന കണ്ടെത്തലിലാണ് പോലീസ് എത്തിയത്. ആസൂത്രിതമായി നടത്തിയ കൊള്ളയാണ് കോടികളുടെ തട്ടിപ്പെന്ന് ഈ രേഖകള്‍ സൂചിപ്പിക്കുന്നു. വിദേശ ബാങ്കുകളുടെയും നാട്ടിലെ ബാങ്കുകളുടെയും വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കി. പോലീസ് ഉദ്യോഗസ്ഥരെവരെ ഈ രേഖകള്‍ കാട്ടി കബളിപ്പിച്ചു. ഓണ്‍ലൈന്‍ ബാങ്ക് ഇടപാട് സംബന്ധിച്ച നിരവധി വ്യാജരേഖകള്‍ ഇവര്‍ തയ്യാറാക്കിയതായി പോലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണം ഇഡിയിലേക്ക് എത്തിയത്. വ്യാജ രേഖയിലെ വിശദ വാര്‍ത്ത 2020ല്‍ മാതൃഭൂമി നല്‍കിയതാണ്.

അനീഷ് ബാബു ആഡംബര കാറുകളില്‍ സഞ്ചരിക്കുകയും ആഡംബരജീവിതം നയിക്കുകയും ചെയ്തിരുന്ന വ്യക്തിയാണെന്ന് പൊലീസ് വിശദീകരിച്ചതായി 2020ല്‍ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. അവസാനമായി അന്ന് അനീഷിനെ ശാസ്തമംഗലത്തുള്ള ഫ്ലാറ്റില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം ഉല്ലാസയാത്ര നടത്തി മടങ്ങുമ്പോഴായിരുന്നു അറസ്റ്റെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനീഷിനെതിരേ പൊലീസില്‍ നല്‍കിയ പല പരാതികളിലും നടപടി ഉണ്ടാകാതിരുന്നത് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. റൂറല്‍ എസ് പിക്ക് പരാതി ലഭിച്ചതോടെയാണ് അന്ന് അറസ്റ്റ് ഉണ്ടായത്.

തട്ടിപ്പിലൂടെ ലഭിച്ച പണമൊക്കെ ആഡംബര ജീവിതത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അനീഷ് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍ എന്നായിരുന്നു വാര്‍ത്തകള്‍. ചില സീരിയല്‍ നടിമാരുമായി സൗഹൃദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും വാര്‍ത്ത എത്തി. ഇടയ്ക്ക് വിദേശ യാത്രകള്‍ക്കും പോകാറുണ്ട്. അടുത്ത സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനെയും ഇത്തരം ഉല്ലാസയാത്രകളില്‍ അനീഷ് കൂടെ കൊണ്ടുപോകാറുള്ളതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അമ്പലക്കര വാഴവിള കാഷ്യൂസ് ഉടമയാണ് അനീഷ് ബാബു. വിവിധ കശുവണ്ടി വ്യാപാരികളില്‍നിന്നായി 50 കോടിയോളം രൂപ ഇയാള്‍ തട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 2020ല്‍ അഞ്ചല്‍ റോയല്‍ കാഷ്യൂ ഉടമ കുഞ്ഞുമോന്റെ പരാതിയിലായിരുന്നു അറസ്റ്റ്.