തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങളാല്‍ വലയുന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ മാറ്റി പകരം നിയമനം ഉടന്‍ വരുമെന്ന വിധത്തില്‍ കുറച്ചുകാലമായി തന്നെ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഓരോ തവണയും അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ അത് തള്ളിക്കളയുകയാണ് സുധാകരന്‍ അനുകൂലികള്‍ ചെയ്തുവന്നത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ എല്ലായിടത്തും ഓടിയെത്താന്‍ സുധാകരന് സാധിക്കുന്നില്ലെന്നാണ് പ്രധാന പ്രശ്‌നം.

ജനപിന്തുണയില്‍ മുന്നിലുള്ള നേതാവെങ്കിലും കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ സുധാകരന് സാധിക്കുന്നില്ല. ഈ ആക്ഷേപം നേതാക്കള്‍ക്കിടിയില്‍ ശക്കമാണ്. കെപിസിസി അധ്യക്ഷന് ഊര്‍ജ്ജ്വസ്വലമാകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കണ്ണൂര്‍ എംപിയെന്ന നിലയില്‍ കണ്ണൂരിലാണ് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഇതിനിടെയാണ് ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയതോടെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാന്‍ സുധാകരന് സാധിക്കാതെ വരുന്നത്.

ഈ സന്ദര്‍ഭത്തിലാണ് അഹമ്മദാബാദില്‍ നടന്ന എഐസിസി സമ്മേളനത്തിന്റെ തുടര്‍ച്ചയായി വീണ്ടും നേതൃമാറ്റ ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുന്നത്. പത്തനംതിട്ട എംപി ആന്റോ ആന്റണി സുധാകരന്റെ പിന്‍ഗാമിയാകട്ടെ എന്ന നിലയിലാണ് അവസാന വട്ട ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍, ചെന്നിത്തലയും തരൂരും കെ മുരളീധരനും അടക്കമുള്ളവര്‍ ഈ നീക്കത്തെ അനുകൂലിക്കുന്നില്ല. അതുകൊണ്ടാണ് സുധാകരന്‍ ഇപ്പോഴും അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

മഹാരാഷ്ട്ര, ബിഹാര്‍ സംസ്ഥാനങ്ങളിലെ സംസ്ഥാന അദ്ധ്യക്ഷന്‍മാരെ അടുത്തിടെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ അദ്ധ്യക്ഷ സ്ഥാനത്തേക്കും പുതിയൊരാളെ പരിഗണിക്കുകയാണ് ഹൈക്കമാന്റ്. ഇതിനായി അവര്‍ പല പേരുകള്‍ ചര്‍ച്ച ചെയ്ത് ഒടുവില്‍ എത്തിച്ചേര്‍ന്നതാണ് ആന്റോയെന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ റോമന്‍ കത്തോലിക്കാ വിഭാഗത്തെ ഒപ്പം നിര്‍ത്തുക എന്നതാണ് ഇതിലൂടെ ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.


നേരത്തെ സണ്ണി ജോസഫ് എംഎല്‍എയുടെയുംം റോജി ജോണ്‍ എംഎല്‍എയും പേരുകളും ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ പലവിധ പരിഗണനകള്‍ വന്നതോട ഇവരുടെ പേരെല്ലാം ചര്‍ച്ചകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ബെന്നി ബെഹനാന്‍ റോജി ജോണ്‍ എന്നീ പേരുകള്‍ക്കാണ് പരിഗണന നല്‍കിയത്. എന്നാല്‍ യാക്കോബായ സഭക്കാരനായ ബെന്നിയെ അധ്യക്ഷനാക്കിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുന്ന ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ കൈമോശം വരുന്ന സ്ഥിതിയെ ഹൈക്കമാന്‍ഡ് ഭയന്നു. ഇതോടയാണ് മറ്റു പേരുകളിലേക്ക് നേൃത്വം കടന്നത്. റോജി എം ജോണ്‍ വളരെ ജൂനിയറാണ് എന്നതായിരുന്നു പ്രശ്‌നം. കേരളത്തിലെ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥ വരുമെന്നതിനെ തുടര്‍ന്നാണ് ആ പേരിലേക്ക് എത്താതിരുന്നത്.

മുതിര്‍ന്ന നേതാക്കളിലേക്ക് ചര്‍ച്ചകള്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പു കഴിയും വരെയെങ്കിലും പി ജെ കുര്യന്റെ പേര് ഉയര്‍ന്നിരുന്നു. ഇതോടൊപ്പം ഉയര്‍ന്ന ജോസഫ് വാഴയ്ക്കന്റെ പേരില്‍ തുടക്കത്തില്‍ തന്നെ വെട്ടി. കെ സി ജോസഫിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍, വീണ്ടും എ ഗ്രൂപ്പ് സജീവമാകും എന്നത് മുന്നില്‍ കണ്ട് ആ പേരും തുടക്കത്തില്‍ തന്നെ വെട്ടി. എല്ലാ ക്രൈസ്തവ നേതാക്കളുമായി ബന്ധമുള്ള പി ജെ കുര്യന്റെ പേരിനോട് എതിര്‍പ്പുയര്‍ത്തിയത് രാഹുല്‍ ഗാന്ധി തന്നെയാണ്. പി ജെ കുര്യന്‍ മുന്‍പ് നരേന്ദ്ര മോദിയുമായി രാഷ്ട്രീയത്തിന് അതീതമയാി അടുപ്പമുണ്ടായിരുന്നതും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വീണ്ടും ബിജെപി പിന്തുണക്കാന്‍ ഒരുങ്ങിയതുമെല്ലാമാണ് രാഹുലിന്റെ അനിഷ്ടത്തിന് വഴിവെച്ചതെന്നാണ് സൂചനകള്‍.

സംസ്ഥാനത്തെ സാമുദായക സമവാക്യം പരിഗണിച്ച് ഈഴവ പ്രാതിനിത്യം നിലനിര്‍ത്താന്‍ അടൂര്‍ പ്രകാശിന്റെ പേരാണ് ഹൈക്കമാന്‍ഡ് പരിഗണിച്ചത്. നേതൃത്വവുമായി അടൂര്‍പ്രകാശ് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. മികച്ച സംഘടകനാണെങ്കിലും അടൂര്‍ പ്രകാശ് അബ്കാരിയാണെന്ന ആരോപണമുയര്‍ന്നതോടെയാണ് അദ്ദേഹത്തിന് വെട്ടേറ്റത്. ഈ വിഷയത്തില്‍ വി എം സുധീരനാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ സുധീരന്‍ നേതൃത്വത്തെ എതിര്‍പ്പ് അറിയിക്കുകയാണ് ഉണ്ടയത്. യുഡിഎഫ് സര്‍ക്കാറിനെ വിവാദത്തില്‍ ചാടിച്ച വിവാദ വ്യവസായി ബിജു രമേശിന്റെ അടുത്ത ബന്ധു എന്നതും തിരിച്ചടിയായി. മുമ്പ് അദ്ധ്യക്ഷ സ്ഥാനം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒരു തീരുമാനവും ഉരിത്തിരിഞ്ഞില്ല.

ഇതിനൊക്കെ ഒടുവിലാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പത്തനംതിട്ട എം.പി ആന്റോ ആന്റണിയുടെ പേര് സജീവ പരിഗണനയിലായത്. സണ്ണി ജോസഫിന്റെ പേര് ഉയര്‍ന്നെങ്കിലും കണ്ണൂരുകാരന്‍ മാറുമ്പോള്‍ മറ്റൊരു കണ്ണൂരുകാരന്‍ വരുന്നു എന്ന വികാരമാണ് തടസമായി മാരിയത്. മുമ്പ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ആന്റോ കെ.പി.സി.സി സെക്രട്ടറിയായും കോട്ടയം ഡി.സി.സി അദ്ധ്യക്ഷനായും ചുമതല വഹിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടമായും രാഹുല്‍ ഗാന്ധിയുമായും അടുപ്പമുണ്ട് താനും. ഒപ്പം കത്തോലിക്കാ സഭയ്ക്കും പ്രിയങ്കരനാണ്.

അതുകൊണ്ട് തന്നെ നിലവില്‍ 67 വയസുള്ള ആന്റോ ആന്റണിയുടെ പേരിലേയ്ക്ക് ദേശീയ നേതൃത്വം എത്തിയത്. വര്‍ഷങ്ങളായി സീറോ മലബാര്‍ സഭയ്ക്ക് കെ.പി.സി.സിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നുള്ള പരാതിയും ആന്റോയിലൂടെ പരിഹരിക്കാമെന്നാണ് എ.ഐ.സി.സി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രബല വിഭാഗത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. നിലവില്‍ കെ.സുധാകരന്‍ തുടര്‍ന്നാലും കുഴപ്പമില്ലെന്നും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാവില്ലെന്നും ആന്റോ അദ്ധ്യക്ഷനായാല്‍ സംഘടനാതലത്തില്‍ ദുര്‍ബലമായിരിക്കുന്ന പാര്‍ട്ടി തകരുമെന്നും അന്റോയുടെ അദ്ധ്യക്ഷ പദവി കോണ്‍ഗ്രസിന്റെ വാട്ടര്‍ലൂവായിരിക്കുമെന്നും ഒരുപറ്റം നേതാക്കള്‍ വ്യക്തമാക്കുന്നു. സുധാകരന്‍ തുടരട്ടെ എന്ന നിലപാടാണ് കെ മുരളീധരന്‍, ചെന്നിത്തല, തരൂര്‍ തുടങ്ങിയ നേതാക്കള്‍ക്ക് ഉള്ളത്.

നിലവില്‍ എ.ഐ.സി.സി സെക്രട്ടറി കൂടിയായ റോജിയും സര്‍വ്വ വിധത്തിലും സ്ഥാനത്തിന് യോഗ്യനായിരുന്നു. എന്നാല്‍ തീര്‍ത്തും യുവാവാണെന്നാണ് വെല്ലുവിളി. ചില ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ആന്റോ ആന്റണി മറ്റുള്ളവരെ മറികടന്ന് ഒന്നാം പേരുകാരനായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആന്റോയുടെ കാര്യത്തില്‍ എ.ഐ.സി.സി അന്തിമ തീരുമാനത്തിലേക്ക് എത്തും മുമ്പ് സംസ്ഥാനത്ത് നിന്നുള്ള ഭൂരിഭാഗം നേതാക്കളും പരാതിയുമായി എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന അദ്ധ്യക്ഷനൊപ്പം കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരെ നിയമിക്കുമെന്നും ഇതിനുള്ള പട്ടിക തയ്യാറായിട്ടുണ്ടെന്നും ഡി.സി.സി അദ്ധ്യക്ഷന്‍മാര്‍ക്ക് സ്ഥാനചലനമുണ്ടാവുമെന്നും സൂചനയുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ അടിമുടി അഴിച്ചുപണിയാണ് ഹൈക്കമാന്റ് ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പുകള്‍ നയിക്കാന്‍ പുതുനേതൃനിരയെ രംഗത്തിറക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കോര്‍ കമ്മിറ്റി രൂപീകരണത്തിലേക്ക് ഉടന്‍ കടക്കും.മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെ 11പേരെ ഉള്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഉള്‍പ്പെടെ ചുമതല ഈ കമ്മിറ്റിക്കായിരിക്കും. യുഡിഎഫിലും അഴിച്ചുപണി നടത്തിയേക്കും. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ അഴിച്ചുപണി എത്രകണ്ട് ഗുണപ്രദമാകുമെന്ന് കണ്ടറിയണം.