തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിക്കുന്ന ഇടതു നേതാക്കള്‍ ഇതുവല്ലതും അറിയുന്നുണ്ടോ? ആശാ വര്‍ക്കര്‍മാരുടെ ആ സമരം അന്താരാഷ്ട്ര തലത്തില്‍ പോലും വാര്‍ത്തയാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ചര്‍ച്ചയാക്കുകായണ് ബിബിബി. അങ്ങനെ ഇന്ത്യന്‍ പാര്‍ലമെന്റ് ചര്‍്ച്ച ചെയ്ത വിഷയം രാജ്യാതിര്‍ത്തിക്ക് അപ്പുറത്തേക്കും വാര്‍ത്തയാകുന്നു. ഈ നാണക്കേട് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ പിണറായി സര്‍ക്കാര്‍ എടുത്തേ മതിയാകൂ.

ഒരു കാലത്ത് ലോകവ്യാപകമായി തന്നെ ഏറെ ഖ്യാതി കേള്‍പ്പിച്ചിരുന്ന ഒന്നായിരുന്നു ആരോഗ്യമേഖലയിലെ കേരള മോഡല്‍. ആഗോളതലത്തില്‍ തന്നെ നിരവധി പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് പതിവായിരുന്നു. കേരളത്തിലെ ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ബി.ബി,.സിയും സി.എന്‍.എന്നും പോലെയുള്ള മാധ്യമ സ്ഥാപനങ്ങള്‍ പോസിറ്റീവ് ആയ വാര്‍ത്തകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ബി.ബി.സി തന്നെ ഇപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഇന്ത്യാസ് ഫ്രണ്ട്ലൈന്‍ ഹെല്‍ത്ത് ലൈന്‍ വര്‍ക്കേഴ്സ് ഫൈറ്റ് ഫോര്‍ ബെറ്റര്‍ പേ ആന്‍ഡ് റെക്കഗ്‌നിഷന്‍ എന്ന തലക്കെട്ടോട് കൂടിയാണ് അവര്‍ ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി ആശവര്‍ക്കര്‍മാര്‍ തങ്ങളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചക്ക് തയ്യാറാകുന്നില്ല എന്ന് മാത്രമല്ല പല പ്രമുഖ സി.പി.എം നേതാക്കളും സമരം ചെയ്യുന്നവരെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. സമരം ഒത്തുതീര്‍പ്പായില്ലെങ്കില്‍ അടുത്തയാഴ്ച സെക്രട്ടറിയേറ്റ് വളയാന്‍ ആശാ പ്രവര്‍ത്തകര്‍ തീരുമനാനിച്ച കാര്യവും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് പത്ത് ലക്ഷത്തിലധികം ആശാ വര്‍ക്കര്‍മാരാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എം.പിയായ ഡോ.ശശി തരൂര്‍ സമരക്കാരെ അണ്‍സങ് ഹീറോസ് എന്ന് വിശേഷിപ്പിച്ച കാര്യവും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവരെ വില കുറച്ച് കാണുന്ന സര്‍്ക്കാരിന്റെ രീതി ശരിയല്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. രാജ്യവ്യാപകമായി ആശാ പ്രവര്‍ത്തകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. കേരള സര്‍ക്കാരും ഇവരുടെ മൂന്ന് മാസത്തെ ശമ്പള കുടിശികയും കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ആശാ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന സംസ്ഥാനമാണ് കേരളം എന്ന മന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവനയും ബി.ബി.സി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ നിന്ന് രക്ഷ നേടുന്നതിനായി ആശാ പ്രവര്‍ത്തകര്‍ കെട്ടിയിരുന്ന ടാര്‍പ്പോളിന്‍ പോലീസ് അഴിച്ചു മാറ്റിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്.

സമരം ചെയ്യുന്നവരുടെ വിശദമായ അഭിമുഖങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ വിദൂരമായ ഗ്രാമങ്ങളില്‍ പോലും സേവനം ചെയ്യുന്നവരാണ് ആശാ പ്രവര്‍ത്തകര്‍ എന്ന കാര്യവും ബി.ബി.സി ചൂണ്ടിക്കാട്ടുന്നു. നേരത്തേ കര്‍ണാടകത്തിലും ആന്ധ്രാപ്രദേശിലും ഇത്തരത്തില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തിയ പ്രക്ഷോഭങ്ങളെ കുറിച്ചും ബി.ബി.സി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ആറ്റുകാല്‍ ദേവിക്ക് ഭക്തജനലക്ഷങ്ങള്‍ പൊങ്കാല അര്‍പ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍ എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിന്റെ കനിവ് തേടിയുള്ള പൊങ്കാലയാണ് ഇടുന്നതെന്ന് ആശാ വര്‍ക്കര്‍ പ്രതികരിക്കുകയും ചെയ്തു. ഞങ്ങളുടെ 32 ദിനരാത്രിങ്ങളുടെ വ്രതമാണ് നേര്‍ച്ചയായി സമര്‍പ്പിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷയെന്നും ആശമാര്‍ പറയുന്നു. പക്ഷേ ഈ പൊങ്കാലയ്ക്ക് ശേഷവും നടപടികളില്ല. കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആശാമാരുടെ പ്രശ്‌നം വരാത്തതിന്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാര്‍. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം. ആശാമാരുടെ ഇന്‍സെന്റീവ് കൂട്ടുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ജെപി നദ്ദ കൂട്ടുന്നത് എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല. കേരളം ധനവിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രിയും കൊടുത്തിരുന്നുവെന്ന് സംസ്ഥാന ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ചിരുന്നു. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം നടത്തി സമരം കടുപ്പിക്കാനാണ് ആശാമാരുടെ നീക്കം. ഇതിനിടെയാണ് ബിബിസി വാര്‍ത്തയും.

അതേസമയം, ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ആശമാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ആരോഗ്യമന്ത്രാലയ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഈ ശുപാര്‍ശ നല്‍കിയത്. നിലവില്‍ 5000 മുതല്‍ 9000 വരെയാണ് ആശ വര്‍ക്കര്‍ക്ക് ധനസഹായം കിട്ടുന്നത്. ഇത് രണ്ട് നേരത്തെ ഭക്ഷണത്തിന് പോലും തികയില്ലെന്ന് പാര്‍ലമെന്റി കമ്മിറ്റി ചൂണ്ടിക്കാട്ടയിട്ടുണ്ട്.