- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലുവയെ കൊല്ലുമെന്ന് നേരത്തെ പ്രഖ്യാപനം; ക്വട്ടേഷന്‍ ചെലവിന് പിരിവെടുത്തുവെന്നും സൂചന; ജാമ്യവ്യവസ്ഥയില്‍ ഒപ്പിട്ടു മടങ്ങിയ കൊടും ക്രിമിനല്‍; കൃത്യമായ പ്ലാനിങ്ങില്‍ സ്റ്റേഷന് പരിസരത്ത് കൊലയാളി സംഘത്തിന്റെ 'വെയ്റ്റിങ്'; പിന്നെ ചെയ്സിംഗ്; അതുലിനെ തീര്‍ത്തത് ഗുണ്ടാ പകയുടെ ക്രൂരത; പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയ ഗുണ്ടയുടെ ജീവനെടുത്തത് സൂപ്പര്‍ പ്ലാനിങില്‍

കൊല്ലം: കരുനാഗപ്പള്ളിയില്‍ വീണ്ടും ഗുണ്ടാപ്പക തെരുവില്‍ ചോരപ്പുഴയൊഴുക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയര്‍. കുപ്രസിദ്ധ ഗുണ്ട താച്ചെയില്‍മുക്ക് സന്തോഷിനെ (ജിം സന്തോഷ്) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ആലുവ അതുലിനെ എതിര്‍സംഘം നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തമായ ഗൂഡാലോചനയിലാണ്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങുമ്പോഴാണ് സിനിമയെ വെല്ലുന്ന ആസൂത്രിത ആക്രമണം നടന്നത്. പുതിയകാവ് നയാര പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ശനിയാഴ്ച പകലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
സ്റ്റേഷനില്‍ ഹാജരാകാന്‍ അതുല്‍ എത്തുന്ന സമയം കൃത്യമായി മനസ്സിലാക്കിയ സംഘം പെട്രോള്‍ പമ്പിന് സമീപം നിലയുറപ്പിച്ചിരുന്നു. കാറില്‍ വരികയായിരുന്ന അതുലിനെ പിന്നാലെയെത്തിയ ഇന്നോവ കാര്‍ സൈഡിലേക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വണ്ടിയില്‍ നിന്ന് ആയുധങ്ങളുമായി ചാടിയിറങ്ങിയ സംഘം നടുറോഡില്‍ വെച്ച് അതുലിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. മുഖംമൂടി പോലും ധരിക്കാതെ പരസ്യമായാണ് കൊലയാളി സംഘം അഴിഞ്ഞാടിയത്. ജാമ്യത്തില്‍ ഇറങ്ങിയ അതുലിനെ കൊല്ലാന്‍ വന്‍ മുന്നൊരുക്കം നടന്നുവെന്ന് വ്യക്തം. ഇതിനായി പിരിവ് പോലും നടത്തിയെന്ന് സൂചനയുണ്ട്.
അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ എത്തിയ ഇന്നോവ കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. മിക്ക പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു കഴിഞ്ഞു. ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തുന്ന പ്രതിക്ക് പോലും സംരക്ഷണം നല്‍കാന്‍ പോലീസിന് കഴിയാത്തത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. അതുലിനെ കൊല്ലാനുള്ള സാധ്യത പോലീസിന് മുന്‍കൂട്ടി കാണാനായില്ല.
ഓച്ചിറ-കരുനാഗപ്പള്ളി സംഘങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് ഈ കൊലപാതകത്തിന് പിന്നിലും. 2025 മാര്‍ച്ചില്‍ ജിം സന്തോഷിനെ വീട്ടില്‍ കയറി സ്‌ഫോടകവസ്തുക്കളും വടിവാളും ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് അതുലിനോടുള്ള പ്രതികാരമാണിതെന്നാണ് സൂചന. ജയിലിലായിരുന്ന സമയത്ത് ജയില്‍ വാര്‍ഡന്‍ അഭിലാഷിനെ മര്‍ദ്ദിക്കുകയും സൂപ്രണ്ടിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ തകര്‍ക്കുകയും ചെയ്ത കേസിലും പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. ഏറെ കാലമായി പ്രദേശത്തു രണ്ട് സംഘങ്ങള്‍ തമ്മില്‍ പകയുണ്ട്.
നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന ഈ ഗുണ്ടാ വിളയാട്ടം പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമികള്‍ക്കായി പ്രത്യേക സംഘം തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയില്‍ വെച്ച് അതുലിനെ ആക്രമിച്ചത്. തിരക്കുള്ള റോഡില്‍ വെച്ചാണ് അതുലിനെ അക്രമികള്‍ കാറില്‍ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്.
ഇന്നോവയിലെത്തിയ സംഘം അതുല്‍ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്ത്തിയ ശേഷം കൂട്ടമായി വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പല കേസുകളിലും മുഖ്യപ്രതിയായിരുന്നു കൊല്ലപ്പെട്ട അതുല്‍.


