- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2018ല്‍ ഗുണ്ടായിസം തുറന്നു കാട്ടി ജഗദീഷ്; ദിലീപിനെ പിന്തുണയ്ക്കാത്ത ബാബുരാജും; ഇന്ന് ഇവര്‍ വിരുദ്ധ ചേരിയില്‍; കൂട്ടരാജിയും 'അമ്മ'യിലെ ആറു കൊല്ലങ്ങളും
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ ആദ്യമായി ഭിന്നത പരസ്യ ചര്‍ച്ചകളിലെത്തിച്ചത് 2018 ഒക്ടോബറിലായിരുന്നു. അന്ന് ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരസ്യമാവുകയായിരുന്നു. ദിലീപ് അനുകൂല പക്ഷവും എതിര്‍ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറര്‍ ജഗദീഷിന്റെയും നിര്‍വാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ന്നിരുന്നു. 2024ല്‍ പ്രതിസന്ധിയുണ്ടാകുമ്പോഴും ജഗദീഷും ബാബുരാജും ചര്‍ച്ചകളിലുണ്ടെന്ന് വ്യക്തം. 2018ല്‍ സിദ്ദിഖിന്റെ ചില ഇടപെടലുകളായിരുന്നു പ്രതിസന്ധി തുടങ്ങി വച്ചത്. 2024ലും സിദ്ദിഖിന്റെ രാജി പ്രശ്‌നമായി മാറി. 2018ല്‍ സംഘടനാ വക്താവെന്ന നിലയില്‍ ജഗദീഷ് പത്രക്കുറിപ്പിലൂടെ […]
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ ആദ്യമായി ഭിന്നത പരസ്യ ചര്‍ച്ചകളിലെത്തിച്ചത് 2018 ഒക്ടോബറിലായിരുന്നു. അന്ന് ദിലീപിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരസ്യമാവുകയായിരുന്നു. ദിലീപ് അനുകൂല പക്ഷവും എതിര്‍ ചേരിയും തമ്മിലുള്ള ഭിന്നത വ്യക്തമാക്കി ട്രഷറര്‍ ജഗദീഷിന്റെയും നിര്‍വാഹക സമിതി അംഗം ബാബുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ ചോര്‍ന്നിരുന്നു. 2024ല്‍ പ്രതിസന്ധിയുണ്ടാകുമ്പോഴും ജഗദീഷും ബാബുരാജും ചര്‍ച്ചകളിലുണ്ടെന്ന് വ്യക്തം. 2018ല്‍ സിദ്ദിഖിന്റെ ചില ഇടപെടലുകളായിരുന്നു പ്രതിസന്ധി തുടങ്ങി വച്ചത്. 2024ലും സിദ്ദിഖിന്റെ രാജി പ്രശ്‌നമായി മാറി.
2018ല്‍ സംഘടനാ വക്താവെന്ന നിലയില്‍ ജഗദീഷ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ നിലപാടുകളെ തള്ളിപ്പറഞ്ഞ് സെക്രട്ടറി സിദ്ദീഖ് കെപിഎസി ലളിതയ്‌ക്കൊപ്പം പത്ര സമ്മേളനം നടത്തിയതിനെതിരെയാണ് വാട്‌സാപ് ഗ്രൂപ്പില്‍ ഇരുവരുടെയും പ്രതികരണം. എന്നാല്‍, ജഗദീഷ് വ്യക്തമാക്കിയ സമവായ നിലപാടിനെ തള്ളിയ സിദ്ദീഖിന്റെ നിലപാടാണ് ഔദ്യോഗികം എന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറയുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പറയേണ്ട പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രതികരണം ലഭ്യമായതുമില്ല. സംയമനം പാലിക്കാന്‍ മോഹന്‍ലാല്‍ ഇരുപക്ഷത്തുള്ളവരോടും നിര്‍ദേശിച്ചപ്പോള്‍ 2018ലെ ആ വിഷയം അവിടെ തീര്‍ന്നു.
2018ല്‍ ജഗദീഷിനും ബാബുരാജിനും ഒരേ മനസ്സായിരുന്നു. എന്നാല്‍ ആറു കൊല്ലത്തിന് ശേഷം മറ്റൊരു വിവാദം അമ്മയെ പിടിച്ചുലയ്ക്കുമ്പോള്‍ ബാബുരാജും ജഗദീഷും രണ്ടു പക്ഷത്തായി. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളാണ് 2024ല്‍ താര സംഘടനയില്‍ പ്രതിസന്ധിയായത്. 2018ല്‍ നടിയെ ആക്രമിച്ച സംഭവവും. നടിയെ ആക്രമിച്ച കേസാണ് ഹേമാ കമ്മറ്റിയുടെ രൂപീകരണത്തില്‍ കാര്യങ്ങളെത്തിച്ചത്. അതായത് 2018ല്‍ ദിലീപിനെതിരെ പ്രതികരിച്ച ബാബുരാജും ജഗദീഷും 2024ല്‍ രണ്ടു വഴിക്കായി.
ദിലീപിനോട് ആറു വര്‍ഷം മുമ്പ് എടുത്ത അതേ നിലപാട് ജഗദീഷ് 2024ലും തുടര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ബാബുരാജിനെതിരേയും പീഡനാരോപണം വരുന്നു. അതാണ് കഥയിലെ ട്വിസ്റ്റുകള്‍ക്ക് കാരണം. 2018ലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം അമ്മയില്‍ നിന്നും ജഗദീഷിന് ഇടവേളയുമുണ്ടായി. എന്നാല്‍ ബാബുരാജിന് അതുണ്ടായില്ലെന്നതാണ് വസ്തുത.
2018ല്‍ പുറത്തായ ശബ്ദ സന്ദേശങ്ങളില്‍ ഗുണ്ടായിസം ഇനി നടക്കില്ലെന്നായിരുന്നു ജഗദീഷ് പറഞ്ഞത്
അഭിപ്രായം പറയുന്നവരുടെ കരിയര്‍ ഇല്ലായ്മ ചെയ്യുമെന്നും ഒറ്റപ്പെടുത്തുമെന്നുമുള്ള ഗുണ്ടായിസം ഇനി വച്ചുപൊറുപ്പിക്കില്ല. പ്രസിഡന്റിന്റെ പക്വമായ സമീപനത്തിനൊപ്പമാണ് എല്ലാവരും. അതില്‍ കവിഞ്ഞൊരു പദവി സംഘടനയിലില്ല. അതില്‍ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാട്ടി സംഘടനയെ നിലയ്ക്കു നിര്‍ത്താമെന്നു കരുതിയിട്ടുണ്ടെങ്കില്‍ നടക്കില്ല. അച്ചടക്കത്തോടെ വാട്‌സാപ് സന്ദേശത്തില്‍ മാത്രമാണ് ഞാനിതു പറയുന്നത്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനാവും. ഒരുപാട് കാര്യങ്ങള്‍ എനിക്കറിയാം. അത് പറയാന്‍ പ്രേരിപ്പിക്കരുത്. വല്യേട്ടന്‍ മനോഭാവം ആര്‍ക്കും വേണ്ട. സുഹൃത്തുക്കള്‍ക്കായി വാദിക്കുന്നതു നല്ലകാര്യം. എന്നാല്‍ പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ പാടില്ല.
2018ല്‍ പുറത്തായ ശബ്ദ സന്ദേശങ്ങളില്‍ ദിലീപിനെ അമ്മ പിന്തുണയ്‌ക്കേണ്ടെന്ന് ബാബുരാജ്
സിദ്ദീഖീന്റെ പത്രസമ്മേളനം ആരുടെ അറിവോടെയെന്ന് മനസ്സിലായില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടാതെ വേറെ സൂപ്പര്‍ ബോഡിയുണ്ടോ? അങ്ങനെ ഒരു സൂപ്പര്‍ബോഡി തീരുമാനം എടുത്ത് മുന്നോട്ടു പോകാനാണു തീരുമാനമെങ്കില്‍ നടക്കില്ല. ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്നാണു തമിഴ് പത്രവാര്‍ത്ത. ഇവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അടികൊള്ളുന്നത് മോഹന്‍ലാലാണ്. പത്രസമ്മേളനത്തില്‍ സിദ്ദീഖ് ദിലീപിനെ ന്യായീകരിക്കുകയായിരുന്നു. ലളിതച്ചേച്ചിയെ അവിടെ ഉള്‍പ്പെടുത്തേണ്ട കാര്യവുമില്ല. ദിലീപിനെ പിന്തുണയ്ക്കണമെങ്കില്‍ വ്യക്തിപരമായി ചെയ്യട്ടെ, സംഘടനയുടെ പേരില്‍ വേണ്ട. അമ്മയ്ക്ക് ദിലീപിനെ പിന്തുണയ്‌ക്കേണ്ട കാര്യമില്ല.
2018ല്‍ അമ്മയില്‍ സംഭവിച്ചത്
2018ല്‍ ദിലീപിന്റെ രാജിക്കാര്യവും സിദ്ധീഖിന്റെ പത്രസമ്മേളന നീക്കവും അറിഞ്ഞിരുന്നില്ല എന്ന അമ്മ നിര്‍വാഹക സമിതിയിലെ പല അംഗങ്ങള്‍ക്കും പരിഭവമുള്ളതായി സൂചനകള്‍ പുറത്തു വന്നു. എന്നാല്‍, അമ്മയുടെ ഒദ്യോഗിക പത്രക്കുറിപ്പിലെ ചില പരാമര്‍ങ്ങളാണ് ദിലീപ് അനുകൂല വിഭാഗത്തെ ചൊടിപ്പിച്ചതന്നെും വാര്‍ത്തയെത്തി.
മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് പത്രക്കുറിപ്പ് പുറത്തിറക്കിയതെന്നു ജഗദീഷ് ഉറപ്പിച്ചു പറയുന്നു. വിവാദ വിഷയങ്ങളില്‍ സംഘടനാ ചട്ടങ്ങള്‍ക്കുപരിയായി ധാര്‍മ്മികതയില്‍ ഊന്നിയുള്ള തീരുമാനം ഉണ്ടാവുമെന്ന ആ പത്രക്കുറിപ്പിലെ സൂചനയാണു ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചത്. രാജിവച്ച നടിമാരെ തിരിച്ചെടുക്കാന്‍ സന്നദ്ധമാണെന്ന സൂചനയും അവര്‍ക്ക് ഹിതകരമായില്ല. ഇതോടെ പെട്ടെന്നുള്ള തീരുമാനപ്രകാരമായിരുന്നു ഷൂട്ടിങ് സെറ്റില്‍ സിദ്ധീഖ് നടത്തിയ തുറന്നടിച്ചുള്ള പത്രസമ്മേളനം. വനിത കൂട്ടായ്മയെ വിമര്‍ശിക്കുന്നതിനാല്‍ വനിതാ മുഖമായി കെപിഎസി ലളിതയെയും ഒപ്പം കൂട്ടി. എന്നാല്‍ നിര്‍വാഹക സമിതി അംഗം പോലുമല്ലാത്ത ലളിതയെ എന്തിന് പത്ര സമ്മേളനത്തില്‍ പങ്കെടുപ്പിച്ചെന്ന് മറുപക്ഷം ചോദിച്ചു.
ആക്രമിക്കപ്പെട്ട നടി ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയതായി പരാതി നല്‍കിയിട്ടില്ലെന്ന സിദ്ധീഖിന്റെ പത്ര സമ്മേളനത്തിലെ വാദത്തെ ഖണ്ഡിക്കാന്‍ അദ്ദേഹം മുന്‍പ് പൊലീസിനു കൊടുത്ത മൊഴിയും ചിലര്‍ പുറത്തുവിട്ടു. പക്ഷേ ആ വിവാദത്തെ തടഞ്ഞു നിര്‍ത്താന്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നടത്തിയ നീക്കത്തിനായി. 2024ല്‍ അതിന് മലയാള സിനിമയിലെ മഹാനടന്മാര്‍ക്ക് കഴിയാതെ പോയി. അതാണ് അമ്മയിലെ നേതൃത്വത്തിന്റെ കൂട്ടരാജിക്ക് കാരണം.