ആലപ്പുഴ: 2002 മുതല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പദ്മനാഭന് എന്തു പറ്റി? പോലീസും പ്രത്യേക അന്വേഷണസംഘങ്ങളും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ബിന്ദു പദ്മനാഭന്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നു കണ്ടെത്താനായിട്ടില്ല. കേസില്‍ മുഖ്യപ്രതിയായി ഉള്‍പ്പെടുത്തിയ പള്ളിപ്പുറം സ്വദേശിയും വസ്തു ഇടനിലക്കാരനുമായ സെബാസ്റ്റ്യന്‍ 2017-ല്‍ ബിന്ദുവിനെ കണ്ടതായി അറിയിച്ചെങ്കിലും സ്ഥിരീകരണമുണ്ടായില്ല. ഈ സെബാസ്റ്റ്യനെ കേന്ദ്രീകരിച്ചാണ് ദുരൂഹ ഉയര്‍ത്തുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത്. ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനിയായിരുന്നു ബിന്ദു പദ്മനാഭന്‍. എല്ലാ അര്‍ത്ഥത്തിലും ഈ തിരോധാന കേസില്‍ പോലീസ് അട്ടിമറി നടത്തി. അതിന്റെ ഫലമാണ് സെബാസ്റ്റ്യന് വീണ്ടും ക്രൂരതകള്‍ കാണിക്കാനുള്ള സാധ്യതയുണ്ടായത്. അതി ബുദ്ധിമാനായിരുന്ന ക്രിമിനലാണ് സെബാസ്റ്റ്യന്‍. ഇത് പോലീസും തിരിച്ചറിഞ്ഞു. പക്ഷേ നടപടികള്‍ എടുത്തുമില്ല.

ഇറ്റലിയിലായിരുന്ന സഹോദരന്‍ പ്രവീണ്‍ 2017 സെപ്റ്റംബര്‍ 16-നാണ് സഹോദരിയെ കാണാതായതായി അഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കിയത്. 2013-നുശേഷം സഹോദരിയെക്കുറിച്ചു വിവരങ്ങളില്ലെന്നായിരുന്നു പരാതി. പ്രവീണ്‍ ഇറ്റലിയിലേക്കു പോയതോടെ സഹോദരിയുമായി അടുപ്പമില്ലായിരുന്നു. മാതാപിതാക്കള്‍ മരിച്ചതോടെ ഇവര്‍ ഒറ്റയ്ക്കായി. കോടികളുടെ ആസ്തിയുണ്ടായിരുന്ന ബിന്ദുവിന്റെ സ്വത്തുക്കളെല്ലാം പലരുടെ കൈകളിലായി. കാണാതായ ശേഷവും ഇവരുടെ ഭൂമികള്‍ പലരുടെ കൈമാറിയതിന് തെളിവായി രജിസ്‌ട്രേഷന്‍ രേഖകളും ഉണ്ട്. ഇടപ്പള്ളിയിലുള്ള ഭൂമിയിടപാടാണ് സംശയമുണ്ടാക്കിയത് ഇതിലടക്കം പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനുനേരേ രേഖകള്‍ പ്രകാരമാണ് പരാതികള്‍ നല്‍കിയത്. എന്നിട്ടും പോലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടപ്പള്ളിയില്‍ കോടികളുടെ വിലവരുന്ന ബിന്ദുവിന്റെ പേരിലുള്ള ഭൂമി സെബാസ്റ്റ്യനു മുക്ത്യാര്‍ നല്‍കി വിറ്റതാണ്. മുക്ത്യാര്‍ വ്യാജമായുണ്ടാക്കിയെന്നാണു പോലീസ് കണ്ടെത്തി്. ബിന്ദുവിന്റെ ഫോട്ടോയ്ക്കുപകരം ചേര്‍ത്തല മാടയ്ക്കല്‍ സ്വദേശിനിയായ മിനി(ജയ)യുടെ ഫോട്ടോയും വ്യാജ ഒപ്പുമായാണ് ഇടപാടുകള്‍. 2013 മുതല്‍ കാണാനില്ലെന്നാണു പരാതിയെങ്കിലും 2007ന് ശേഷം ഇവരെ കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല.

ബിന്ദു പത്മനാഭനു വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുന്നതിനിടെയാണ് സംഭവത്തില്‍ ദുരൂഹതയേറ്റി യുവാവിന്റെ മരണം ഉണ്ടായത്. പള്ളിപ്പുറം തൈകൂട്ടത്തില്‍ മനോജാണു(46) ജീവനൊടുക്കിയത്. കേസിലെ മുഖ്യപ്രതിയായ സെബാസ്റ്റ്യന്റെ വീട്ടില്‍ വരുന്നതിനു മുന്‍പു ബിന്ദു സ്ഥിരമായി വിളിച്ചിരുന്ന ഓട്ടോക്കാരനായിരുന്നു മനോജ്. ഇയാളെ ചോദ്യം ചെയ്യലിന് പൊലീസ് വിളിപ്പിച്ചിരുന്നതിന് തലേന്നാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാനെന്ന പേരില്‍ ബെംഗളൂരുവിലേക്കുപോയ ബിന്ദുവിനെ കുറിച്ച് വ്യക്തമായ വിവരം ബന്ധുക്കള്‍ക്കു പോലുമില്ല. ഇവരെ എന്നുമുതല്‍ കാണാതായി എന്നതിനു പോലും വ്യക്തതയില്ലാത്ത പശ്ചാത്തലത്തിലാണ് പൊലീസ് അന്വഷണത്തിന് ഇറങ്ങിയിരിക്കുന്നത്. 2002ലാണ് ഇവരെ കാണാതാകുന്നതെന്നും സൂചനകളുണ്ട്. വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ബിന്ദുവിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്നതായാണ് സഹോദരന്റെ പരാതി. എന്നാല്‍ പരാതി നല്‍കിയ ഇദ്ദേഹം വിദേശത്താണെന്നതിനാല്‍ ആദ്യം അന്വേഷണത്തിനു വേണ്ടത്ര പുരോഗതിയുണ്ടായില്ല. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ജൈനമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമാണ് വീണ്ടും ബിന്ദു കേസിനെ ശ്രദ്ധേയമാക്കിയത്.

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ഏക അവിവാഹിത മകളായതിനാല്‍, പരേതനായ പിതാവിന്റെ പേരില്‍ ബിന്ദു പത്മനാഭന്‍ പെന്‍ഷന്‍ വാങ്ങിയിരുന്നു. 2005 ഒക്ടോബര്‍ വരെ ചേര്‍ത്തല സബ് ട്രഷറിയില്‍ നിന്നാണ് അവര്‍ പെന്‍ഷന്‍ വാങ്ങിയിരുന്നത്. അതിനുശേഷം അക്കൗണ്ട് ആലപ്പുഴ സബ് ട്രഷറിയിലേക്ക് മാറ്റി. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഓട്ടോ ഡ്രൈവറുടെ ഭാര്യ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ ഭര്‍ത്താവ് എസ് മനോജിനെ സെബാസ്റ്റ്യന്‍ ഭീഷണിപ്പെടുത്തിയിരിക്കാമെന്ന് ജ്യോതി പറഞ്ഞിരുന്നു. പത്മനാഭന്റെ പേരിലുള്ള വ്യാജരേഖ ചമച്ച കേസില്‍ മനോജിനെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചു. പിറ്റേന്ന് പള്ളിപ്പുറത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ''അന്ന് രാവിലെ പോലും അദ്ദേഹം സന്തോഷവാനായിരുന്നു. ഞാന്‍ ജോലിക്ക് പോകുന്നതുവരെ അദ്ദേഹം സന്തോഷവാനായിരുന്നു. മകളെ സ്‌കൂളില്‍ വിടാന്‍ പോയതിനും വീട്ടിലേക്ക് മടങ്ങിയതിനും ഇടയില്‍ സംഭവിച്ച എന്തോ ഒന്നായിരിക്കാം അയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവര്‍ ആരോപിച്ചിരുന്നു. കാണാതായ സ്ത്രീയുമായി ഭര്‍ത്താവിന് യാതൊരു ബന്ധവുമില്ലെന്ന് അവള്‍ പറഞ്ഞിരുന്നു. സെബാസ്റ്റ്യനെ ഓട്ടോയില്‍ കൊണ്ടുപോകുക മാത്രമാണ് അയാള്‍ ചെയ്തത്. കുത്തിയത്തോട് പോലീസിന് നല്‍കിയ മൊഴിയില്‍ മനോജ് ഉറച്ചുനിന്നാല്‍ സെബാസ്റ്റ്യന് ആശങ്കപ്പെടാന്‍ കാരണങ്ങളുണ്ടാകുമെന്ന് ജ്യോതി പറഞ്ഞിരുന്നു. പവര്‍ ഓഫ് അറ്റോര്‍ണി സമ്പാദിക്കാന്‍ സെബാസ്റ്റ്യന്‍ ഹാജരാക്കിയ ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സ് വ്യാജമാണെന്ന് സേലത്ത് നടത്തിയ അന്വേഷണത്തില്‍ അന്നു തന്നെ ബോധ്യപ്പെട്ടിരുന്നു. സേലത്തെ ഇല്ലാത്ത മേല്‍വിലാസമാണ് രേഖകളില്‍ ഉപയോഗിച്ചത്.

സെബാസ്റ്റ്യന്റെ അടുത്ത സുഹൃത്താണു മനോജ്. കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി ഹാജരാകാന്‍ മനോജിനു പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും പതിവായി യാത്രചെയ്തിരുന്നതു മനോജിന്റെ ഓട്ടോയിലായിരുന്നെന്നു. മനോജിനെ നേരത്തേ ചോദ്യംചെയ്തിരുന്നുവെങ്കിലും പിന്നീട് ഇയാള്‍ വലിയ ബാഗില്‍ നിറയെ നോട്ടുകളുമായി പോകുന്നതു കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് വീണ്ടും വിളിപ്പിച്ചത്. അന്ന് രാവിലെ മനോജിന്റെ ഭാര്യ ജോലിസ്ഥലത്തേക്കും മകള്‍ സ്‌കൂളിലേക്കും പോയ ശേഷം വീട് അകത്തുനിന്നു പൂട്ടിക്കിടക്കുന്നതു കണ്ടു സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണു മനോജ് വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. രണ്ടാം പ്രതിയായ ടി. മിനിയുടെ സഹായത്തോടെ വ്യാജ രേഖകള്‍ നിര്‍മ്മിച്ച് ബിന്ദുവിന്റെ പട്ടണക്കാട്, ചേര്‍ത്തല, അമ്പലപ്പുഴ, ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിശാലമായ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വിറ്റഴിച്ചിരുന്നു. ബിന്ദു വിദേശത്ത് മരിച്ചുവെന്ന് മിനിയോട് സെബാസ്റ്റിയന്‍ പറഞ്ഞിരുന്നു. യഥാര്‍ത്ഥ ബിന്ദുവിന്റെ സ്വത്ത് വില്‍ക്കാന്‍ വ്യാജ രേഖകള്‍ തയ്യാറാക്കാന്‍ സെബാസ്റ്റ്യന്‍ ആദ്യം മറ്റൊരു ബിന്ദുവിനെ ബന്ധപ്പെട്ടിരുന്നു. രണ്ടാമത്തെ ബിന്ദുവിന് ഈ വിഷയത്തില്‍ താല്‍പ്പര്യമില്ലായിരുന്നു, പക്ഷേ ദുഖ്റാന എന്ന സ്ത്രീയെ സെബാസ്റ്റ്യന് അവര്‍ പരിചയപ്പെടുത്തി. മിനിയെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത് ദുഖ്‌റാനയായിരുന്നു. സ്വത്ത് വിറ്റിട്ടും തങ്ങളുടെ വിഹിതം ലഭിക്കാത്തതിനാല്‍ മിനിയും ദുഖ്റാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു.

ബിന്ദു വിദേശത്തുവെച്ച് മരിച്ചെന്ന് സെബാസ്റ്റ്യന്‍ തന്നോട് പറഞ്ഞിരുന്നതായാണ് മിനി വെളിപ്പെടുത്തിയിരിക്കുന്നത്. ബിന്ദുവായി അഭിനയിച്ച് സെബാസ്റ്റ്യനൊപ്പം വ്യാജരേഖകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റ്യന്‍ വില്‍പ്പന നടത്തുകയും ചെയ്തതായാണ് മിനി മൊഴി നല്‍കിയത്. തിരോധാനത്തിന് ശേഷം യുവതിയുടെ വസ്തുവകകള്‍ തട്ടിയെടുക്കാന്‍ സെബാസ്റ്റ്യന്‍ തന്നെ ഉപയോഗിച്ചുവെന്ന് മൊഴി നല്‍കിയാണ് മിനി അന്ന് ചേര്‍ത്തല കോടതിയില്‍ കീഴടങ്ങിയത്. ഡ്രൈവിങ് ലൈസന്‍സും മറ്റു രേഖകളും ബിന്ദുവെന്ന വ്യാജേന സെബാസ്റ്റ്യന്‍ കെട്ടിച്ചമച്ചതായാണ് മിനി പറഞ്ഞിരുന്നത്. ബിന്ദുവിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചതാണ്. അച്ഛന്‍ പത്മനാഭന്‍ എക്‌സൈസ് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. സഹോദരന്‍ പ്രവീണ്‍ ഇറ്റലിയിലാണ് ജോലി ചെയ്യുന്നത്. ബംഗളൂരുവിലും ചെന്നെയിലും മാറി താമസിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2005 ല്‍ ബിന്ദുവിനെ കാണാതാകുന്നത്. വിവരാവകാശ നിയമ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് സഹോദരിയുടെ ഭൂമി പലപ്പോഴായി സെബാസ്റ്റ്യന്‍ വിറ്റതായി പ്രവീണ്‍ മനസ്സിലാക്കിയത്.

കോട്ടയം ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നടത്തിയ തിരച്ചിലിലാണ് ചേര്‍ത്തല പള്ളിപ്പുറം ചെങ്ങുംതറവീട്ടില്‍ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പില്‍നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസ്ഥികളടങ്ങിയ അവശിഷ്ടം മനുഷ്യന്റേതാണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെ സ്വീകരണമുറിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ രക്തക്കറയും കണ്ടെത്തി. ജൈനമ്മയുടെ ബന്ധുക്കളുടെ പരാതിയില്‍ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യംചെയ്തതില്‍നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാവിലെമുതല്‍ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ പരിശോധന തുടങ്ങിയത്. ഉച്ചയ്ക്കുശേഷമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഇതോടെ വീടും പരിസരവും പോലീസ് പൂര്‍ണമായും ബന്തവസ്സിലാക്കി.

ശാസ്ത്രീയ പരിശോധനാസംഘവും വിരലടയാളവിദഗ്ധരുമടങ്ങുന്ന സംഘത്തിന്റെ പരിശോധന രാത്രി വൈകിയും തുടര്‍ന്നു. ബിന്ദുപത്മനാഭന്റെ തിരോധാനം അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി കെ. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ലഭിച്ച അവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ ഇതു കാണാതായ സ്ത്രീകളിലാരുടേതെങ്കിലുമാണോയെന്നു തിരിച്ചറിയാനാകൂ. കടക്കരപ്പള്ളി ആലുങ്കല്‍ പത്മനിവാസില്‍ ബിന്ദു പദ്മനാഭനെ 2002 മുതല്‍ കാണാനില്ലെന്നുകാട്ടി 2017-ലാണ് സഹോദരന്‍ പ്രവീണ്‍ പോലീസില്‍ പരാതിനല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഇതിനുത്തരവാദിയെന്നായിരുന്നു പരാതി. ഇതില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സെബാസ്റ്റ്യനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീടാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. ഏറ്റുമാനൂര്‍ കോട്ടമുറി ജൈനമ്മയെ 2024 ഡിസംബര്‍ 23 മുതലാണ് കാണാതായത്. 28-ന് സഹോദരന്‍ സാവിയോ മാണിയും പിന്നീട് ഭര്‍ത്താവ് അപ്പച്ചനും പോലീസില്‍ പരാതിനല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ അവസാനമായി പള്ളിപ്പുറത്താണ് കണ്ടെത്തിയത്.

ജൈനമ്മയുടെ തിരോധാനത്തില്‍ ഇവരുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണായകമായത്. ജൈനമ്മയെ കാണാതായെന്ന് വീട്ടുകാര്‍ പരാതി നല്‍കിയശേഷം ഈരാറ്റുപേട്ടയില്‍വെച്ചും പള്ളിപ്പുറത്തുവെച്ചും ഫോണ്‍ ഓണായതായി കണ്ടെത്തി. ഈരാറ്റുപേട്ടയിലെ ഒരുകടയില്‍നിന്ന് ഫോണ്‍ ചാര്‍ജ്ചെയ്തെന്നും വ്യക്തമായി. അന്വേഷണത്തില്‍ സെബാസ്റ്റിയനാണ് ഫോണ്‍ ചാര്‍ജ് ചെയ്തതെന്ന് മനസിലായി. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.