- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എത്താന്‍ അമിത് ഷായുടെ നിര്‍ദ്ദേശം കിട്ടിയത് ആറു പേര്‍ക്ക്; മുരളീധരന്‍ നേരത്തെ എത്തി; ശോഭാ സുരേന്ദ്രനും എംടി രമേശും കെ സുരേന്ദ്രനും പ്രതീക്ഷയില്‍; രാജീവ് ചന്ദ്രശേഖറും ഞായറാഴ്ച തിരുവനന്തപുരത്തുണ്ടാകും; കൂടെ ആര്‍ എസ് എസ് നേതാവ് ജയകുമാറും; ബിജെപി സംസ്ഥാന അധ്യക്ഷനില്‍ 'സസ്പെന്‍സ്' തുടരും; ഞായറാഴ്ച ആര്‍ക്ക് നല്ല ദിവസം?
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ സാധ്യത ആറു പേര്‍ക്ക്. ആറു ബിജെപി നേതാക്കളോടാണ് തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന നിര്‍ദ്ദേശം ദേശീയ നേതൃത്വം നല്‍കിയിട്ടുള്ളത്. നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ വി മുരളീധരന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍, എംടി രമേശ് എന്നിവരോടാണ് തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം ആര്‍ എസ് എസിന്റെ ദേശീയ നേതാവായ എ ജയകുമാറിനോടും തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ എസ് എസ് പ്രചാരകന്‍ കൂടിയായ ജയകുമാറിനെ ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാക്കാനും സാധ്യതയുണ്ട്. ഇതിനൊപ്പം പ്രസിഡന്റായും ജയകുമാറിനെ പരിഗണിക്കുന്നുണ്ട്. ഈ ആറു പേരില്‍ നിന്നും ഒരാളെ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കും. നാളെ ഇവരില്‍ ഒരാള്‍ പ്രസിഡന്റ് മത്സരത്തിനുള്ള നോമിനേഷന്‍ നല്‍കും.
കെ സുരേന്ദ്രനോട് തുടരാന്‍ ആവശ്യപ്പെടുമെന്നും അഭ്യൂഹമുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ചുമതലയുമായി പോയ വി മുരളീധരനോട് അടിയന്തരമായി തിരുവനന്തപുരത്ത് എത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച സംസ്ഥാന കൗണ്‍സില്‍ ചേരണമെന്നും ഞായറാഴ്ച നോമിനേഷന്‍ പ്രക്രിയ വേണമെന്നും ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് മുരളീധരന്‍ അതിവേഗം തിരുവനന്തപുരത്ത് എത്തി. കൗണ്‍സില്‍ യോഗത്തിനായുള്ള മുന്നൊരുക്കങ്ങളിലെ ചര്‍ച്ചയും നടന്നു. ഇതിന് ശേഷമാണ് മറ്റുള്ള അഞ്ചു പേരോടും തിരുവനന്തപുരത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ ആറു പേരോടും തിരുവനന്തപുരത്ത് എത്താന്‍ ആവശ്യപ്പെട്ടത്.
ഞായറാഴ്ച നോമിനേഷന്‍ കൊടുക്കണമെന്നതിനാലാണ് ഇത്. കേന്ദ്രനിരീക്ഷകന്‍ പ്രഹ്‌ളാദ് ജോഷിയുടെ നേതൃത്വത്തില്‍ ചേരുന്ന കോര്‍കമ്മിറ്റിയോഗത്തില്‍ തീരുമാനമാകും. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സമിതിയോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം. തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നതിനാല്‍ അവ കഴിയും വരെ കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാന്‍ സാധ്യതയുണ്ടെന്ന പ്രചരണം ശക്തമാണ്. അഞ്ചുവര്‍ഷം കാലാവധിയെന്ന മാനദണ്ഡം കര്‍ശനമായി നടപ്പാക്കിയാല്‍ സുരേന്ദ്രന്‍ ഒഴിയും. നാളെ ചേരുന്ന കോര്‍കമ്മിറ്റിയോഗത്തില്‍ കേന്ദ്രനിരീക്ഷകന്‍ പ്രഹ്‌ളാദ് ജോഷി സമവായ നിര്‍ദ്ദേശം അറിയിക്കും. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തിരഞ്ഞെടുക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസ്സാകും നിര്‍ണ്ണായകമാകുക.
മറ്റന്നാള്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും. എം.ടി. രമേശ്, രാജീവ് ചന്ദ്രശേഖര്‍, ശോഭാസുരേന്ദ്രന്‍ എന്നിവര്‍ക്കാണ് സാധ്യതയേറെ എന്നാണ് സൂചന. വി. മുരളീധരനും അവസാന നിമിഷം അധ്യക്ഷനാകാന്‍ സാധ്യത ഏറെയാണ്. യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴ്ച ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ചുകൊണ്ട് ലബനനില്‍ പോകുന്നത് വി മുരളീധരനാണ്. ഈ സംഘത്തില്‍ രാജീവ് ചന്ദ്രശേഖറുമുണ്ട്. ഡല്‍ഹിയിലുള്ള രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര നിര്‍ദ്ദേശ പ്രകാരമാണ് ഇത്. അതുകൊണ്ട് തന്നെ കേന്ദ്ര നേതൃത്വത്തിന്റെ മനസ്സില്‍ ആര്‍ക്കും വ്യക്തമായ സൂചനകളൊന്നുമില്ല. ജയകുമാറിനോടും തിരുവനന്തപുരത്തുണ്ടാകണമെന്ന നിര്‍ദ്ദേശം നല്‍കിയത് അഭ്യൂഹങ്ങളെ പുതിയ തലത്തിലെത്തിക്കുന്നുണ്ട്. ഈ ആറു പേരിന് പുറത്തൊരാള്‍ക്കും സംസ്ഥാന അധ്യക്ഷനാകാന്‍ സാധ്യത കാണുന്നവരുണ്ട്.
കെ സുരേന്ദ്രന്റെ കാലത്ത് സുഭാഷായിരുന്നു ആര്‍ എസ് എസില്‍ നിന്നുള്ള ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി. സുരേന്ദ്രനോടുള്ള താല്‍പ്പര്യക്കുറവ് കാരണം സുഭാഷിനെ ആര്‍ എസ് എസ് തിരിച്ചു വിളിച്ചു. ഇതോടെ ബിജെപിക്ക് സംഘടനാ ജനറല്‍ സെക്രട്ടറി ഇല്ലാത്ത അവസ്ഥ വന്നു. ഈ സാഹചര്യത്തില്‍ പ്രചാരകന്‍ കൂടിയായ ജയകുമാര്‍ സംഘടനാ ജനറല്‍ സെക്രട്ടറിയാകുമെന്ന് സൂചനയുണ്ട്. സുരേന്ദ്രന്‍ മാറാതെ സംഘടനാ ജനറല്‍ സെക്രട്ടറിയെ നല്‍കില്ലെന്ന നിലപാടിലായിരുന്നു പരിവാര്‍ നേതാക്കള്‍. അതുകൊണ്ടു തന്നെ ജയകുമാറിനെ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശിച്ചത് സുരേന്ദ്രനെ മാറ്റുന്നതിന്റെ സൂചനയായും കരുതുന്നവരുണ്ട്.
കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ നേൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യക്തമാകും. അതിനുശേഷം പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള സംഘടനാ നടപടികള്‍ തുടങ്ങും. നാളെതന്നെ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പിനു നാമനിര്‍ദ്ദേശ പത്രിക നല്‍കണം. 24നു തെരഞ്ഞെടുപ്പ് നടക്കും. ഇതിനായുള്ള വിപുലമായ സംസ്ഥാന നേതൃയോഗവും ചേരും. മുന്‍ മണ്ഡലം പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ ഈ യോഗത്തിലേക്ക്വിളിച്ചിട്ടുണ്ട്. ദേശീയ നേതൃത്വം മുമ്പോട്ട് വയ്ക്കുന്ന പേരുകാരന്‍ മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശം നല്‍കൂ. അതുകൊണ്ട് തന്നെ 24 ലെ നേതൃയോഗം വെറും ഔപചാരികം മാത്രമാകും. നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ തുടങ്ങുമ്പോള്‍ തന്നെ ആരാണ് പ്രസിഡന്റ് എന്ന് വ്യക്തമാകും.