ന്യൂഡല്‍ഹി: സിപിഎം പിബിയില്‍ ലഭിച്ച കത്ത് അടക്കം രാജേഷ് കൃഷ്ണയ്ക്ക് വേണ്ടി മാനനഷ്ടക്കേസ് നല്‍കിയത് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ അഭിഭാഷകന്‍ ജോജോ ജോസ്. സിപിഎം പാര്‍ട്ടി ആസ്ഥാനം ഡല്‍ഹിയിലാണ്. ഡല്‍ഹിയില്‍ നിന്നും കിട്ടിയ കത്താണെന്ന വാദത്തിലാണ് ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയതെന്നാണ് വിശദീകരണം. ഡല്‍ഹിയില്‍ കേസ് കൊടുക്കാന്‍ വേണ്ടി മാത്രമാണ് ഈ കത്ത് ഹര്‍ജിയുടെ ഭാഗമാക്കിയതെന്ന് വേണം കരുതാന്‍. ബിജെപിയുടെ പ്രധാന ന്യൂനപക്ഷ മുഖമാണ് ജോജോ ജോസ്. പല സംസ്ഥാനങ്ങളിലും ബിജെപിയ്ക്കായി പ്രചാരണ ചുമതല അടക്കം വഹിച്ച നേതാവ്. മോദി പ്രധാനമന്ത്രിയാകും മുമ്പ് തന്നെ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് ജോസ് ജോസ്. സിപിഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നു ഡല്‍ഹി ഹൈക്കോടതിയിലും പിന്നീടു തിരഞ്ഞെടുപ്പു കമ്മിഷനിലും അപേക്ഷ നല്‍കിയതു ജോജോ ജോസ് ആയിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയാണു സിപിഎം റജിസ്‌ട്രേഷന്‍ നേടിയെതന്നായിരുന്നു ആരോപണം. 2017ലായിരുന്നു ഈ കേസ് നല്‍കല്‍.

ഹര്‍ജി ചര്‍ച്ചയായതോടെ ഷര്‍ഷാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നിന്നാണ് കത്ത് ചോര്‍ന്നതെന്ന വാദം സിപിഎം സൈബര്‍ സഖാക്കള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പരാതിയുടെ ആദ്യ പേജ് മാത്രമായിരുന്നു അങ്ങനെ ഫെയ്‌സ് ബുക്കില്‍ ഇട്ടത്. ഇക്കാര്യവും ഹര്‍ജിയില്‍ പറയുന്നുണ്ട്. പത്തനംതിട്ട സ്വദേശിയും എസ്.എഫ്.ഐ മുന്‍ ജില്ലാ ഭാരവാഹിയുമായിരുന്നു ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ. പത്തനംതിട്ട ജില്ലയിലെ പ്രക്കാനം സ്വദേശിയായ രാജേഷ് കൃഷ്ണ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവിന്റെ അടുത്ത ബന്ധുവുമാണ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പ്രഫ ടികെജി നായരുടെ അനന്തരിവനാണ്. ടികെജി നായരുടെ ഭാര്‍ നിര്‍മ്മലാ ദേവി കേരളാ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. അങ്ങനെ സിപിഎം കുടുംബ പാര്യമ്പര്യവും രാജേഷ് കൃഷ്ണയ്ക്കുണ്ട്. തുടര്‍പഠനത്തിന് ലണ്ടനിലേക്ക് പോയി. പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. 2016-ന് ശേഷം രാജേഷിന് വലിയ വളര്‍ച്ച ഉണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച ലോക കേരള സഭയില്‍ രാജേഷ് എത്തിയിരുന്നു. സി.പി.എമ്മുമായി ബന്ധപ്പെട്ട് ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയ്ക്കാണ് രാജേഷ് മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ എംഎ ബേബി ഇടപെട്ട് രാജേഷ് കൃഷ്ണയെ തിരിച്ചയച്ചു. ഇതോടെയാണ് വിവാദങ്ങളുടെ തുടക്കം.

രാജേഷ് കൃഷ്ണയ്‌ക്കെതിരെ പരാതി മുഹമ്മദ്ഷര്‍ഷാദ് 1990 കളില്‍ കണ്ണൂരിലെ ന്യൂമാഹിയില്‍ ഉള്‍പ്പെട്ട പെരിങ്ങാടി സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ് ഐ ഭാരവവാഹിയുമായിരുന്നു. 1999 ലാണ് ബിസനസുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് ചേക്കേറുന്നത്. ഇപ്പോഴും പാര്‍ട്ടി നേതാക്കളുമായുള്ള അടുപ്പം സൂക്ഷിക്കുന്നു. മധുരയില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായി എത്തുകയും പങ്കെടുപ്പിക്കാത്തതിനാല്‍ തിരിച്ചു പോകേണ്ടിയും വന്ന രാജേഷ് കൃഷ്ണ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമങ്ങള്‍ക്കെതിരെ കൊടുത്ത മാനനഷ്ടക്കേസില്‍ രേഖയായി കത്ത് ഉള്‍പ്പെടുത്തിയതാണ് പാര്‍ട്ടിക്ക് നാണക്കേടായത്. മാദ്ധ്യമങ്ങള്‍ക്ക് അയച്ച നോട്ടീസില്‍ ഡല്‍ഹി ഹൈക്കോടതി കത്ത് ഉള്‍പ്പെടുത്തുകയും ചെയ്തതോടെ നിഷേധിക്കാന്‍ കഴിയാതായി. കത്ത് ചോര്‍ന്നതിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് കഴിഞ്ഞ ദിവസം ഷര്‍ഷാദ് പരാതി നല്‍കി. രാജേഷ് കൃഷ്ണ മധുരയില്‍ പ്രതിനിധിയായി എത്തുമെന്ന് അറിഞ്ഞ മുഹമ്മദ് ഷര്‍ഷാദ് വിഷയം തമിഴ്‌നാട്ടിലെ നേതാക്കള്‍വഴി പി.ബി. അംഗമായ അശോക് ധാവ്‌ളെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് തിരിച്ചയച്ചത്.

വിദേശത്തെ ചില കടലാസ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പണം തട്ടുകയും ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിവഴി ഈ പണം നേതാക്കളുടെയും മന്ത്രിമാരുടെയും അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും ചെയ്തു എന്നാണ് ആക്ഷേപം. താന്‍ പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്ത് ചോര്‍ത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ആണെന്നാണ് ഷര്‍ഷാദിന്റെ ആരോപണം. കാല്ലത്തെ കടല്‍കായല്‍ ശുചീകരണ പദ്ധതിയില്‍ 'കിങ്ഡം' എന്ന പേരില്‍ ഒരു കടലാസ് കമ്പനി ഉണ്ടാക്കി രാജേഷ് കൃഷ്ണ പണം തട്ടിയെന്നും ആരോപിക്കുന്നു. പദ്ധതിക്കായി ലഭിച്ച തുകയില്‍ മൂന്നിലൊന്ന് മാത്രമാണ് യഥാര്‍ത്ഥ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചത്. ബാക്കിയെല്ലാം വകമാറ്റി. 2021ല്‍ കോടിയേരി ബാലകൃഷ്ണന് രാജേഷ് കൃഷ്ണയെക്കുറിച്ച് പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്തി. പാര്‍ട്ടി നേതൃത്വത്തില്‍ ഗോവിന്ദന്‍ വന്നതോടെ വീണ്ടും സജീവമായി രാജേഷ് കൃഷ്ണന്‍ എന്നാണ് ആരോപണം.

സി.പി.എമ്മിനെ വെട്ടിലാക്കിയ കത്ത് ചോര്‍ച്ച വിവാദത്തിന് കാരണമായ മാനനഷ്ടക്കേസിലെ വിശദാംശങ്ങള്‍ പുറത്തുവന്നതാണ് ആരോപണം സജീവമാക്കിയത്. ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്തിലെ ആരോപണങ്ങള്‍ തെറ്റെന്ന് ഹര്‍ജിക്കാരനായ രാജേഷ് കൃഷ്ണ. തന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും ഷര്‍ഷാദിന്റെ കത്തുമായി സംഭവത്തിന് ബന്ധമില്ലെന്നുമാണ് രാജേഷിന്റെ വാദം. ആരോപണങ്ങള്‍ക്ക് ഷര്‍ഷാദ് തെളിവ് നല്‍കിയിട്ടില്ലെന്നും രാജേഷ് വ്യക്തമാക്കുന്നു. ലണ്ടന്‍ പ്രതിനിധി രാജേഷ് കൃഷ്ണയെ മധുര പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തു നിന്ന് മാറ്റിയെന്ന മാധ്യമ വാര്‍ത്തകള്‍ക്കെതിരെ രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ മാനഷ്ടക്കേസില്‍ സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരാമര്‍ശിച്ച് വ്യവസായി പോളിറ്റ് ബ്യൂറോയ്ക്ക് നല്കിയ പരാതി കത്തും വന്നതോടെയാണ് വിവാദം മുറുകുന്നത്. ഈ പരാതിയില്‍ ബുള്ളറ്റ് ഭ്രാന്തനെന്നാണ് രാജേഷ് കൃഷ്ണനെ ഷര്‍ഷാദ് വിശേഷിപ്പിക്കുന്നത്.

2022ഓടെ സിപിഎമ്മില്‍ ഒറ്റപ്പെട്ടുതുടങ്ങിയ രാജേഷ് കൃഷ്ണയ്ക്ക് പിന്നീട് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പിന്തുണകിട്ടിയെന്നാണ് ഷര്‍ഷാദ് ആരോപിക്കുന്നത്. അത് മകന്‍ ശ്യാംജിത്ത് വഴിയായിരിക്കുമെന്നാണ് കരുതുന്നത്. രാജേഷ് കൃഷ്ണയെ പരിചയപ്പെടുത്തിയത് ശ്യാംജിത്താണ്. എന്റെ മുന്‍ഭാര്യക്ക് സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ വേണ്ടിയാണ് രാജേഷ് കൃഷ്ണ, ശ്യാമുമായി ബന്ധപ്പെട്ട് വരുന്നത്. അത് എന്റെ കുടുംബജീവിതത്തെവരെ ബാധിച്ചു. സിനിമാമേഖലയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍നിന്നാണ് ശ്യാമിനെ പരിചയപ്പെട്ടത്. സിനിമയുമായി ബന്ധപ്പെട്ട് വാങ്ങിയ ഫണ്ട് തിരിച്ചുകൊടുക്കാനാവാത്തത് ശ്യാമിനും പ്രശ്‌നമായി. അതുപയോഗിച്ചാണ് ശ്യാമിനെ രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തുന്നതെന്നാണ് പറഞ്ഞത്. ശ്യാമും രാജേഷ് കൃഷ്ണയും തമ്മിലുള്ള സാമ്പത്തിക ഇടപാടും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്ത് സംസ്ഥാനകമ്മിറ്റിയില്‍നിന്ന് എടുത്തുകൊടുക്കാന്‍ ശ്യാം നിര്‍ബന്ധിതനായതായിരിക്കും. ഭീഷണിയാണ് രാജേഷ് കൃഷ്ണയുടെ ശൈലി. ശ്യാമിനെ ചതിയില്‍പ്പെടുത്തിയായിരിക്കാം ചിലപ്പോള്‍ കത്ത് സ്വന്തമാക്കിയത് -ഷര്‍ഷാദ് പറഞ്ഞു.

രാജേഷ് കൃഷ്ണയുടെ അഭിഭാഷകന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പശ്ചാത്തലമുള്ളയാളാണ്. ചിലപ്പോള്‍ കത്ത് കരുതിക്കൂട്ടി കോടതിയില്‍ കൊടുത്തതുമാകാമെന്നും ഷര്‍ഷാദ് പറഞ്ഞു. 2022-ല്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറിയായിരിക്കേയാണ് രാജേഷുമായി ബന്ധപ്പെട്ട് ആദ്യം പരാതിനല്‍കിയത്. അന്ന് നടപടിയെടുത്ത് അയാളെ ഒതുക്കിനിര്‍ത്തി. എന്നാല്‍, എം.വി. ഗോവിന്ദന്‍ സെക്രട്ടറിയായശേഷം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. അദ്ദേഹം ലണ്ടനില്‍പ്പോയപ്പോള്‍ രാജേഷിന്റെ വീട് സന്ദര്‍ശിച്ചു. അവിടെ പുസ്തകപ്രകാശനത്തില്‍ പങ്കെടുത്തു. രാജേഷിന്റെ കൂടെയുള്ള ഫോട്ടോ പ്രചരിച്ചപ്പോള്‍ എം.വി. ഗോവിന്ദനെക്കണ്ട് ഇക്കാര്യമെല്ലാം പറഞ്ഞു. എന്നിട്ടും അദ്ദേഹത്തില്‍നിന്ന് പിന്തുണയൊന്നും കിട്ടിയില്ല. ആ ഘട്ടത്തിലാണ് മധുര പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ രാജേഷ് വരുന്നതായി അറിയുന്നത്. തുടര്‍ന്ന്, കോടിയേരിക്ക് നല്‍കിയിരുന്ന പരാതി ഇംഗ്‌ളീഷിലാക്കി പിബി അംഗം അശോക് ധാവ്ളെയ്ക്ക് കൊടുത്തു. അതാണ് രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ പരാതിക്കൊപ്പം നല്‍കിയിരിക്കുന്നതെന്നും പറയുന്നു.

12 പേജുണ്ടായിരുന്ന എന്റെ പരാതി 30 പേജിന് മുകളിലാവാന്‍ കാരണം സിപിഎമ്മിന്റെ പത്തനാപുരം ഏരിയാകമ്മിറ്റിയംഗമായ സ്ത്രീയുടെ മകനും സമാന അനുഭവം രാജേഷില്‍നിന്ന് ഉണ്ടായതുകൊണ്ടാണ്. രാജേഷിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത് അദ്ദേഹമാണ്. പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. പഠിക്കുന്ന കാലത്തും ശേഷവും പാര്‍ട്ടി അംഗമായിരുന്നു. ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനമന്ത്രിയായിരിക്കെ തോമസ് ഐസക് എന്റെ വ്യക്തിപരമായ കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഞാന്‍ ഡയറക്ടറായിട്ടുള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ട് തോമസ് ഐസക്കിനെക്കൊണ്ട് രാജേഷ് ക്ലോസ് ചെയ്യിപ്പിച്ചു. ബാങ്ക് ചെയര്‍മാനെ വിളിച്ചാണ് അത് ചെയ്യിച്ചത്. എന്റെ അനുമതിയില്ലാതെയാണ് അതുചെയ്തത്. ഇതിനെതിരേ 2023 മുതല്‍ ഇഡിയിലും ആദായനികുതിവകുപ്പിലും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. അതേപരാതി വെച്ച് ഹൈക്കോടതിയില്‍ റിട്ട് നല്‍കിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന്, തലശ്ശേരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു-ആരോപണം ഇങ്ങനെയാണ്.