ബാങ്കി ഡിപ്പോസിറ്റ് മാത്രം 85 ലക്ഷം രൂപ; ഒറ്റ രൂപ നികുതി അടയ്ക്കാത്ത ഗോവിന്ദനും ശ്യമളയും; വിപ്ലവ പാര്‍ട്ടിയുടെ സെക്രട്ടറി സഖാവിന്റെ ലളിത ജീവിതം കോടികളുടെ നിഴലില്‍; എം.വി. ഗോവിന്ദന്റെയും ഭാര്യയുടെയും സ്വത്തു വിവരങ്ങള്‍ പുറത്ത്; നികുതി നല്‍കാത്തതിലും വിവാദം; തളിപ്പറമ്പില്‍ 'വിപണി മൂല്യം' ചര്‍ച്ചകളില്‍

കണ്ണൂര്‍: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും ഭാര്യയും മുന്‍ നഗരസഭാ അധ്യക്ഷയുമായ പി.കെ. ശ്യാമളയുടെയും ഔദ്യോഗികമായി വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങള്‍ ചര്‍ച്ചയാകുന്നു. പാവപ്പെട്ട തൊഴിലാളികളുടെ ചോരനീരാക്കി മാറ്റുന്ന പണം ലവിയായി വാങ്ങുന്ന പാര്‍ട്ടി നേതാക്കള്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ഇരുവരുടെയും ആസ്തി വിവരങ്ങള്‍ പുറത്തുവരുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിട്ടും ഇരുവരും ആദായനികുതി അടയ്ക്കുന്നില്ലെന്ന വിവരവും വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

തൊഴിലാളി വര്‍ഗ്ഗ നേതാക്കളായി അറിയപ്പെടുന്ന ഇരുവരുടെയും പേരില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള സ്വത്തുക്കള്‍ തന്നെ കോടികള്‍ വിലമതിക്കുന്നതാണെന്ന് സത്യവാങ്മൂലങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവയുടെ വിപണി മൂല്യം രേഖപ്പെടുത്തിയതിനേക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ബിനാമി പേരുകളിലും ബന്ധുക്കളുടെ പേരിലുമുള്ള സ്വത്തുക്കള്‍ കൂടി പരിശോധിച്ചാല്‍ ഈ കണക്കുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അധ്യാപികയായി വിരമിച്ച പി.കെ. ശ്യാമളയുടെയും കായിക അധ്യാപകനായി ചുരുങ്ങിയ കാലം മാത്രം സേവനമനുഷ്ഠിച്ച എം.വി. ഗോവിന്ദന്റെയും കൈവശം ഇത്രയധികം സമ്പാദ്യം എങ്ങനെ വന്നുവെന്ന ചോദ്യമാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. സത്യവാങ്മൂലത്തില്‍ കൈവശമുള്ള തുക തുച്ഛമായി കാണിക്കുമ്പോഴും ബാങ്ക് നിക്ഷേപങ്ങളുടെയും ഭൂസ്വത്തിന്റെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം പി.കെ. ശ്യാമളയുടെ പേരില്‍ വിവിധ ബാങ്കുകളിലായി 32.61 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. എം.വി. ഗോവിന്ദന്റെ പേരില്‍ ബാങ്ക് നിക്ഷേപമായി മാത്രം 55.48 ലക്ഷം രൂപയാണുള്ളത്.

ഇരുവരുടെയും ആകെ ബാങ്ക് നിക്ഷേപം മാത്രം 88 ലക്ഷം രൂപയോളം വരും. പാവപ്പെട്ട സഖാക്കളുടെ പാര്‍ട്ടി ലവിയില്‍ നിന്ന് സമാഹരിക്കുന്ന പണമാണോ ഈ നിക്ഷേപങ്ങളെന്ന ചോദ്യം അണികള്‍ക്കിടയില്‍ തന്നെ ഉയരുന്നുണ്ട്.

ഈ വാര്‍ത്തയൂടെ പൂര്‍ണ്ണ വീഡിയോ സ്‌റ്റോറി ചുവടെ

ഭൂസ്വത്തിന്റെ കാര്യത്തിലും ഇരുവരും പിന്നിലല്ല. ചാവശ്ശേരി, കൊളാരി, കുരുമത്തൂര്‍ വില്ലേജുകളിലായി നാലേക്കറിലധികം ഭൂമിയാണ് പി.കെ. ശ്യാമളയുടെ പേരില്‍ മാത്രമുള്ളത്. കൃഷിഭൂമി എന്ന നിലയില്‍ ഇതിന് നല്‍കിയിട്ടുള്ള മൂല്യം വിപണി വിലയുമായി ഒത്തുപോകുന്നതല്ല. 30 ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ഭൂമിക്ക് വിപണിയില്‍ കോടികള്‍ വിലവരുമെന്ന് നാട്ടുകാര്‍ പറയുന്നു. മൊറാഴ വില്ലേജില്‍ ഇവര്‍ക്ക് കൃഷിയേതര ഭൂമിയുമുണ്ട്. വെറും 6500 രൂപ വിലയുള്ള വസ്തുവായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇതിന്റെ മാര്‍ക്കറ്റ് വാല്യൂ 30 ലക്ഷം രൂപയ്ക്ക് മുകളിലാണെന്ന് പറയപ്പെടുന്നു. കൂടാതെ 2500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള വീടും, വാടകയ്ക്ക് നല്‍കിയിരിക്കുന്ന 8700 സ്‌ക്വയര്‍ ഫീറ്റിലധികം വരുന്ന മറ്റൊരു കെട്ടിടവും ഇവരുടെ ആസ്തിയുടെ ഭാഗമാണ്.

സ്ഥാവരജംഗമ ആസ്തികള്‍ക്കെല്ലാം കൂടി ഏകദേശം രണ്ട് കോടിയിലധികം രൂപയുടെ മൂല്യം ഔദ്യോഗികമായി തന്നെ കണക്കാക്കാം. ഇതിനു പുറമെ 116 ഗ്രാം സ്വര്‍ണ്ണവും പി.കെ. ശ്യാമളയുടെ പക്കലുണ്ട്. ഇത്രയധികം ആസ്തിയുള്ള ദമ്പതികള്‍ ഒരു രൂപ പോലും ആദായനികുതി അടയ്ക്കുന്നില്ല എന്നതാണ് നിയമപരമായ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ഭാഗത്ത് 'ബാധകമല്ല' എന്നാണ് ഇരുവരും രേഖപ്പെടുത്തിയിരിക്കുന്നത്. 88 ലക്ഷത്തോളം രൂപ ബാങ്ക് നിക്ഷേപമുള്ളവര്‍ക്ക് വര്‍ഷം തോറും ലഭിക്കുന്ന പലിശ മാത്രം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വരും. ഇതും ഇവരുടെ പെന്‍ഷന്‍ തുകയുമെല്ലാം കൂട്ടുമ്പോള്‍ നികുതി പരിധിയായ നാല് ലക്ഷത്തിന് മുകളില്‍ വരുമാനം ഉണ്ടെന്ന് വ്യക്തമാണ്.

നിലവിലെ നിയമമനുസരിച്ച് നിശ്ചിത സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടോ മോട്ടോര്‍ വാഹനമോ ഉള്ളവര്‍ പോലും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണ്. എന്നിരിക്കെ, കോടികളുടെ ആസ്തിയുള്ള ഈ ദമ്പതികള്‍ നികുതി വെട്ടിക്കുന്നതിലൂടെ സര്‍ക്കാരിനെ വഞ്ചിക്കുകയാണെന്നാണ് ആരോപണം. നികുതി ആനുകൂല്യങ്ങള്‍ നിയമവിരുദ്ധമായി തട്ടിയെടുക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്. കണ്ണൂരിലെയും പയ്യന്നൂരിലെയും സി.പി.എം അണികള്‍ക്കിടയില്‍ തന്നെ ഗോവിന്ദന്‍ മാസ്റ്റര്‍ക്കും ഭാര്യയ്ക്കുമെതിരെ പ്രതിഷേധം പുകയുന്നുണ്ട്. ആത്മാഭിമാനമുള്ള കമ്മ്യൂണിസ്റ്റുകാര്‍ ഇത്തരം മുതലാളിത്ത നേതാക്കള്‍ക്കെതിരെ രംഗത്ത് വരണമെന്ന ആഹ്വാനം ശക്തമാണ്. പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് അവകാശപ്പെടുമ്പോള്‍ തന്നെ നേതാക്കള്‍ കോടീശ്വരന്മാരായി മാറുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ വാര്‍ത്തയൂടെ പൂര്‍ണ്ണ വീഡിയോ സ്‌റ്റോറി ചുവടെ

തളിപ്പറമ്പിലെയും പയ്യന്നൂരിലെയും വോട്ടര്‍മാര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ വിധി എഴുതണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയെ വിഴുങ്ങുന്ന ഇത്തരം 'മുതലാളിമാരില്‍' നിന്ന് പ്രസ്ഥാനത്തെ രക്ഷിക്കേണ്ട ബാധ്യത സാധാരണ വോട്ടര്‍മാര്‍ക്കാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ സ്വത്തുവിവരങ്ങള്‍ പ്രധാന പ്രചാരണ ആയുധമായി മാറാനാണ് സാധ്യത. സത്യവാങ്മൂലത്തിലെ ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ എം.വി. ഗോവിന്ദനും പി.കെ. ശ്യാമളയും പ്രതിരോധത്തിലായിരിക്കുകയാണ്.

അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പ്രതിനിധികളെന്ന് അവകാശപ്പെടുന്നവര്‍ കോടികളുടെ സമ്പാദ്യവും നികുതി വെട്ടിപ്പും നടത്തുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഈ വിഷയം രാഷ്ട്രീയ കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.