തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിൽ കാലുകുത്താതെ തട്ടിക്കൂട്ട് റിപ്പോർട്ടുണ്ടാക്കി കേന്ദ്രത്തിനയച്ച അമേരിക്കൻ കൺസൾട്ടന്റായ ലൂയി ബർഗറിന് 4.554കോടി രൂപ കൺസൾട്ടൻസി ഫീസ്. വിശ്വാസ്യതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ (ഡി.ജി.സി.എ) മടക്കിയപ്പോൾ റിപ്പോർട്ട് പുതുക്കിയതിന് അമേരിക്കൻ കൺസൾട്ടൻസിക്ക് നൽകിയത് അധിക ഫീസായി 64ലക്ഷം രൂപ.

വർഷങ്ങളായി കടലാസിൽ മാത്രം ഒതുങ്ങുന്ന ശബരിമല വിമാനത്താവളം ഖജനാവ് ചോർത്തുന്ന വിവിധ വഴികൾ ഇങ്ങനെയാണ്. സംസ്ഥാനത്ത് കൺസൾട്ടൻസി രാജാണുള്ളതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന്റെ ടെക്‌നോ ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തി വിശദമായ പഠന റിപ്പോർട്ട് 9മാസത്തിനകം നൽകാൻ 4.554 കോടി രൂപ ഫീസ് നിശ്ചയിച്ച് ലൂയിസ് ബർഗർ കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡിനെ നിശ്ചയിച്ചിരുന്നു. ഈ റിപ്പോർട്ടിൽ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേന്ദ്ര വ്യോമയാ മന്ത്രാലയം അറിയിച്ചതിനെത്തുടർന്നാണ് റിപ്പോർട്ട് പുതുക്കിയത്.

ഇതിനായി 75ലക്ഷം രൂപയും ജി.എസ്.ടിയും ചേർത്ത് ഫീസായി അനുവദിക്കണമെന്ന് കൺസൾട്ടൻസി ആവശ്യപ്പെട്ടു. പിന്നീട് ചർച്ചകളിലൂടെ തുക 64 ലക്ഷമാക്കി കുറച്ചു. അതായത് ഒരു റിപ്പോർട്ടുണ്ടാക്കിയതിന് ഇതുവരെ 5.194 കോടി രൂപ കൺസൾട്ടൻസി ഫീസായി നൽകിക്കഴിഞ്ഞു.
ചെറുവള്ളി എസ്റ്റേറ്റിൽ കാലുകുത്താതെയാണ് അമേരിക്കൻ കൺസൾട്ടന്റായ ലൂയ് ബഗ്ർ വിമാനത്താവളത്തിന്റെ സാദ്ധ്യതാപഠന റിപ്പോർട്ടുണ്ടാക്കിയത്. മുൻപ് സർവേയ്ക്ക് ശ്രമിച്ചെങ്കിലും ഉടമകൾ സമ്മതിക്കാത്തതിനാൽ നടന്നില്ല.

സർക്കാരിന്റെ പക്കലുണ്ടായിരുന്ന ഡിജിറ്റൽ ഭൂരേഖകളും ഇന്റർനെറ്റിൽ ലഭ്യമായ ഡിജിറ്റൽ ഭൂപടവുമൊക്കെ ഉപയോഗിച്ചാണ് വിമാനത്താവളത്തിനായി പഠനറിപ്പോർട്ടുണ്ടാക്കിയത്. സാദ്ധ്യതാപഠനം, തുടർന്നുള്ള ശാസ്ത്രീയ പരിശോധനകൾ, പരിസ്ഥിതി ആഘാത പഠനം, കേന്ദ്രാനുമതി നേടിയെടുക്കൽ എന്നിവയ്ക്കായാണ് 2017ൽ ലൂയ് ബഗ്ർ കൺസൾട്ടൻസിക്ക് 4.6കോടിക്ക് കരാർ നൽകിയത്. 38പേജുള്ള പ്രാഥമിക റിപ്പോർട്ട് സർക്കാരിന് ലഭിച്ചത് 2018 നവംബറിൽ. കരാർ പ്രകാരം ആദ്യ റിപ്പോർട്ട് നൽകുമ്പോൾ പകുതി തുക കൊടുക്കണമായിരുന്നു. ഇതനുസരിച്ച് അന്നുതന്നെ രണ്ടുകോടി രൂപ അമേരിക്കൻ കമ്പനിക്ക് കൈമാറി.

വിമാനത്താവളത്തിന്റെ അനുമതിക്കായി സമർപ്പിക്കുന്ന റിപ്പോർട്ടിൽ റൺവേയുടെ രൂപകൽപ്പന, കാറ്റിന്റെ ദിശ, മലകളുടെ സാന്നിദ്ധ്യം, മണ്ണിന്റെയും പാറയുടെയും ഘടനയും ഉറപ്പും സാന്നിദ്ധ്യവും തുടങ്ങിയവ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങൾ ഉൾപ്പെടുത്തണമായിരുന്നു. ലൂയി ബഗ്ർ നൽകിയ റിപ്പോർട്ടിൽ ഇതൊന്നുമുണ്ടായിരുന്നില്ല. ഡിജിറ്റൽ ഭൂരേഖ നോക്കിയാണ് റൺവേയുടെ സ്ഥാനം പോലും നിശ്ചയിച്ചത്. മംഗളുരു, കരിപ്പൂർ വിമാനദുരന്തങ്ങളുണ്ടായ, കുന്നിടിച്ച് നിരത്തിയുണ്ടാക്കിയ ടേബിൾടോപ്പ് റൺവേ ഇവിടെയും നിർമ്മിക്കേണ്ടി വരുമെന്നും ലാൻഡിങ് ദുഷ്‌കരമാവുമെന്നുമാണ് ഈ റിപ്പോർട്ട് പരിശോധിച്ച് ഡിജിസിഎ വിലയിരുത്തിയത്.

അപകട സാദ്ധ്യതയേറിയതിനാൽ ടേബിൾടോപ്പ് റൺവേയ്ക്ക് ഇപ്പോൾ അനുമതി നൽകാറില്ല. റൺവേയ്ക്കാവട്ടെ ചട്ടപ്രകാരമുള്ള നീളവുമില്ല. 2700മീറ്റർ നീളമുള്ള റൺവേയ്ക്കായി നൂറേക്കർ ഭൂമി അധികമായി ഏറ്റെടുത്താൽ മതിയെന്നും എസ്റ്റേറ്റിൽ കുന്നുകളും ഗർത്തങ്ങളുമുണ്ടെങ്കിലും വിമാനത്താവളത്തിന് കണ്ടെത്തിയത് കുന്നിൻ മുകളല്ലെന്നും അമേരിക്കൻ കമ്പനി ഇപ്പോൾ പറയുന്നുണ്ട്. എന്നാൽ 570കോടി ചെലവിൽ ഏറ്റെടുക്കുന്ന 2263ഏക്കർ ഭൂമി, മലകളും ഗർത്തങ്ങളും നികത്തി നിരപ്പാക്കിയെടുക്കാൻ 723കോടി ചെലവിടണമെന്നാണ് റിപ്പോർട്ടിലുള്ളത്.