കാസര്‍കോട്: സിപിഎമ്മിനെ പിടിച്ചുലയ്ക്കാന്‍ ചെറുവത്തൂര്‍ ബാര്‍ ആരോപണം വന്നേക്കും. സ്വകാര്യ ബാര്‍ മുതലാളിക്കുവേണ്ടി സര്‍ക്കാര്‍സംരംഭമായ കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്പനശാല ഒറ്റനാള്‍കൊണ്ട് അടപ്പിച്ചതാണ് ചര്‍ച്ചയാകാന്‍ പോകുന്നത്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ഈ വിഷയം ഉടന്‍ ചര്‍ച്ചയാക്കും. സിപിഎം കേന്ദ്ര നേതൃത്വത്തേയും പരാതി അറിയിക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയാണ് ഇപി ലക്ഷ്യമിടുന്നതെന്നാണ് സൂചനകള്‍.

2023 നവംബര്‍ 23-നാണ് ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് തുറന്നത്. ആദ്യദിവസം 9,42,380 രൂപ വിറ്റുവരവുണ്ടായി. പിന്നെ കട തുറന്നില്ല. ചെറുവത്തൂരിലെ സ്വകാര്യ ബാര്‍ ഉടമയ്ക്കുവേണ്ടി ചില സഖാക്കള്‍ ഇടപെട്ടാണ് സ്ഥാപനം അടപ്പിച്ചതെന്ന് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരോപണമുന്നയിച്ചു. സര്‍ക്കാര്‍സ്ഥാപനം തുറക്കണമെന്ന് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികളും, ഓട്ടോതൊഴിലാളികളും, പാര്‍ട്ടിപ്രവര്‍ത്തകരുമെല്ലാം പരസ്യമായി രംഗത്തിറങ്ങി.പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും സംഘമായെത്തി ദിവസങ്ങളോളം സ്ഥാപനത്തിലും ടൗണിലും ബാനറുകള്‍ സ്ഥാപിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനവും ചെറുവത്തൂരിലുണ്ടായി.

കരിവെള്ളൂരില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ എം.വി. ഗോവിന്ദനെ കാണാനെത്തിയ ചുമട്ടുതൊഴിലാളി യുണിയന്‍ (സി.ഐ.ടി.യു.) നേതാക്കളോടും തൊഴിലാളികളോടും മയമില്ലാത്ത സമീപനം സ്വീകരിച്ചതും തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. സി.പി.എമ്മിന് ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റിക്ക് വിശദീകരണയോഗം നടത്തേണ്ടിവന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികോട്ടകളായ ചെറുവത്തൂരിലേയും പരിസര പ്രദേശങ്ങളിലേയും വോട്ടുചോര്‍ച്ചയ്ക്ക് ഇതിന്റെ പ്രതിഫലനമാണെന്നാണ് ആരോപണം.

ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാല തുടങ്ങിയതിലും പൂട്ടിയതിലും പാര്‍ട്ടിയ്ക്ക് അറിവില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടി നേതാക്കളില്‍ ആരെങ്കിലും മദ്യമുതലാളിയില്‍ നിന്ന് പണം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും അത്തരത്തിലുള്ളവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും സി.പി. എം ചെറുവത്തൂര്‍ ഏരിയാ കമ്മിറ്റി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

പാലക്കുന്നില്‍ അനുവദിച്ച ഔട്ട്‌ലെറ്റാണ് പ്രാദേശികപ്രതിഷേധം മൂലം പാലക്കുന്ന് ഔട്ലെറ്റ് എന്ന പേരില്‍ ചെറുവത്തൂരില്‍ ആരംഭിച്ചത്. ആരംഭിച്ച് ഒരു ദിവസം കൊണ്ടു തന്നെ പൂട്ടുകയും ചെയ്തു. മദ്യശാല പൂട്ടിയതിന്റൈ പേരില്‍ പാര്‍ട്ടിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണങ്ങള്‍ എത്തി. ഇതിനിടെ ചെറുവത്തൂര്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലാ വിവാദത്തില്‍ ബലിയാടായ റീജണല്‍ മാനേജരെ സ്ഥലം മാറ്റുകയും ചെയ്തു.

ബാറുടമസ്ഥ സംഘടനയ്ക്ക് ഒരു നേതാവ് നല്‍കിയ വാക്കാല്‍ ഉറപ്പിന്റെ ഭാഗമായാണ് ചെറുവത്തൂരിലാരംഭിച്ച കണ്‍സ്യൂമര്‍ ഫെഡ് മദ്യശാല തുടങ്ങിയ ദിവസം തന്നെ പൂട്ടിച്ചത്. ബാറുകളുടെ 2 കിലോ മീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ മദ്യ വില്‍പ്പനശാലകള്‍ അനുവദിക്കില്ലെന്നായിരുന്നു മുന്‍ എക്‌സൈസ് മന്ത്രി ബാറുടമസ്ഥ സംഘടനയ്ക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയത്.

പയ്യന്നൂരിനും ചെറുവത്തൂരിനുമിടയ്ക്ക് സര്‍ക്കാരിന്റെ മദ്യവില്‍പ്പന ശാലകളില്ലാത്ത സാഹചര്യത്തിലാണ് മദ്യ ഉപഭോക്താക്കള്‍ക്ക് ബാറുകളേക്കാള്‍ കുറഞ്ഞ നിരക്കില്‍ മദ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ഫെഡ് മദ്യശാല ആരംഭിച്ചത്. ചെറുവത്തൂര്‍ മദ്യശാല പൂട്ടിക്കാന്‍ സിപിഎം നേതാവ് കാണിച്ച അനാവശ്യ തിടുക്കമാണ് ചെറുവത്തൂരിലെ വിവാദ പരമ്പരകള്‍ക്ക് കാരണമെങ്കിലും, കുറ്റം മുഴുവന്‍ കണ്‍സ്യൂമര്‍ഫെഡിന്റെ തലയില്‍ കെട്ടി വെയ്ക്കാനാണ് സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചത്.

ചെുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാല തുറക്കുകയും അടുത്തദിവസം പൂട്ടുകയും ചെയ്തതിന് പിന്നിലെ ഇടപാടുകളെന്തെന്ന് അന്വേഷിക്കണമെന്ന് ചെറുവത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ടാണ് സ്ഥാപനം പൂട്ടിച്ചതെന്നാണ് ആരോപണം. സ്വകാര്യ ബാര്‍ മുതലാളിയെ സഹായിക്കാന്‍ ഒത്താശചെയ്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.