കാസർഗോഡ്: തൃക്കരിപ്പൂരിൽ പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്ര നിർമാണത്തിന്റെ പേരിൽ കാശ് ധൂർത്തടിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാർ. പരാതിയെ തുടർന്ന് മാസങ്ങൾക്ക് മുൻപ് പണി നിർത്തി വെച്ചിരുന്ന സ്റ്റാൻഡിന്റെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതോടെയാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. തൃക്കരിപ്പൂർ പഞ്ചായത്ത് അധികാരികൾക്കെതിരെയാണ് നാട്ടുകാർ ജില്ലാ ജോയിൻ്റ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. സർക്കാർ പ്രവർത്തി ദിവസമല്ലാത്ത സമയങ്ങളിൽ പണി പൂർത്തിയാക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു. പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നാണ് ആരോപണം.

2014ലാണ് തൃക്കരിപ്പൂരിൽ ഗ്രാമ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കുന്നത്. പത്ത് വർഷമായി ബസ് സ്റ്റാൻഡിനുള്ളിൽ കാത്തിരിപ്പ് കേന്ദ്രമുണ്ട്. എന്നാൽ സ്റ്റാൻഡിനുള്ളിലേക്ക് ബസുകൾ വരാറില്ലെന്നും, സ്റ്റാൻഡിന്റെ പ്രവേശന വഴിയിൽ തന്നെ നിർത്തി ആളുകളെ കയറ്റാറുമാണ് പതിവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കൂടാതെ സ്റ്റാൻഡിലേക്കുള്ള പ്രവേശന വഴിയടച്ച് ഹരിതകർമസേനക്ക് പൂക്കച്ചവടത്തിനായി കൊടുത്തിരിക്കുകയാണെന്നും ആരോപണമുണ്ട്. കാലാവധി കഴിഞ്ഞതായി നോട്ടീസ് ലഭിച്ചിട്ടും അധികാരികൾ നടപടി സ്വീകരിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഇപ്പോൾ ബസ് നിർത്തുന്ന സ്ഥലത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ ശ്രമം നടക്കുന്നതായാണ് പരാതി.

മാസങ്ങൾക്ക് മുൻപ് ഇതിന്റെ നിർമാണം ആരംഭിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയോട് നാട്ടുകാർ പരാതി നൽകിയതോടെ നിർമാണം നിർത്തി വെക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി മാറിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചതായാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ ബസ് നിർത്തുന്ന സ്ഥലത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള ശ്രമം ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നിർമ്മാണം പുനരാംഭിച്ചതോടെ പരാതിയുമായി ഗ്രാമ പഞ്ചായത്ത് അധികാരികളെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. കൂടാതെ നടപടികൾ ബോധപൂർവം വൈകിപ്പിച്ച് പണി പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നതായും ജോയിൻ്റ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.