കൊല്ലം: പോക്‌സോ കേസ് പ്രതിയെ പൊലീസ് സംരക്ഷിക്കുന്നതായി പരാതി. കൊല്ലം ഇരവിപുരം സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മയ്യനാട് വയലിൽ പുത്തൻവീട്ടിൽ സജീവ് അശോകൻ എന്നയാളെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് പരാതി. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതായി തെളിവുകൾ അടക്കം ഹാജരാക്കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. പ്രതി സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതി നൽകിയിട്ടും ഇരക്ക് അനുകൂലമായ നടപടി പൊലീസ് സ്വീകരിച്ചില്ല.

ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു നിരവധി തവണ മയ്യനാട് വില്ലേജിൽ പ്രവേശിച്ചു എന്നതിന് വീഡിയോ സഹിതം പരാതി നല്കിയിരുന്നു. കേസിലെ മൂന്നാം സാക്ഷിയെ പ്രതി കേസ് പിൻവലിക്കാൻ ഭീഷണിപെടുത്തിയെന്ന പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസെത്തി മൊഴി രേഖപ്പെടുത്തിയിട്ടും കേസെടുത്തില്ല. പ്രതി ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സാക്ഷിയെ വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയ സംഭവം ഒഴിവാക്കി. പ്രതി വില്ലേജിൽ നിരന്തരം പ്രവേശിച്ചതിന് സാക്ഷികളും വീഡിയോകളും തെളിവുണ്ടായിട്ടും പ്രതിക്ക് അനുകൂലമായാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങി തെളിവുകൾ നശിപ്പിക്കുകയും കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച് പ്രതിയെ സംരക്ഷിക്കുകയുമാണ് പൊലീസ് ചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്. ഇരയുടെ പിതാവിനെ രാത്രി വീട് കയറി ആക്രമിക്കുകയും, ഭീക്ഷണിപ്പെടുത്തുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ട്. ഹൈക്കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ നിലവിലിരിക്കെ പ്രതി നടത്തിയ ആക്രമണത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തലത്തിൽ അന്വേഷണം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.